ജിന്ന് ബാധ അകറ്റാന്‍ അന്ധനെ കൊന്ന മൂന്നു പേര്‍ അറസ്റ്റില്‍

Posted on: April 23, 2013 8:38 pm | Last updated: April 23, 2013 at 8:44 pm

ദുബൈ:ജിന്ന് ബാധ അകറ്റാനായി ദുര്‍മന്ത്രവാദം നടത്തുകയും അന്ധനായ ആള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഒരു ഫാര്‍മസിസ്റ്റും രണ്ട് അറബ് വംശജരുമാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്ന് ദുബൈ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി.

മൂന്നു കുട്ടികളുടെ പിതാവായ 29 കാരനാണ് ദുര്‍മന്ത്രവാദത്തിനിരയായി മരിച്ചത്. മൂന്നു പേര്‍ ചേര്‍ന്ന സംഘം ജുമൈറ കടപ്പുറത്ത് കൊണ്ടുപോയാണ് ദുര്‍മന്ത്രവാദം നടത്തിയത്. അഞ്ചു മിനുട്ടില്‍ അധികം പലതവണ വെള്ളത്തില്‍ താഴ്ത്തിയിട്ടതാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയത്. മാനസികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു ദുര്‍മന്ത്രവാദം നടത്തിയത്. ദേഹത്ത് കയറിയ ജിന്നാണ് അസുഖത്തിന് കാരണമെന്ന് ഫാര്‍മസിസ്റ്റ് യുവാവിനോട് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു യുക്തിക്ക് നിരക്കാത്ത ചികിത്സ നടത്തിയത്.
ജോലി നഷ്ടപ്പെട്ട് മനോനില തകരാറിലായ സുഡാനി ഫാര്‍മസിസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ദുര്‍മന്ത്രവാദം അരങ്ങേറിയതെന്ന് ബ്രിഗേഡിയര്‍ അല്‍ മന്‍സൂരി പറഞ്ഞു. ഫാര്‍മസിസ്റ്റ് യുവാവിന്റെ സുഹൃത്തുക്കളായ രണ്ട് അറബ് വംശജരോട് അന്ധ യുവാവിനെ ജുമൈറ കടപ്പുറത്ത് എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിയിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിനെ ചികിത്സയുടെ ഭാഗമായി വെള്ളത്തില്‍ മുക്കി കൊല്ലുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് അറബ് വംശജരായ രണ്ട് പേരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അടുത്തിടെ സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയതായിരുന്നു കൊല്ലപ്പെട്ട യുവാവ്. സുഡാനി ക്ലബ്ബുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു യുവാവ് ഫാര്‍മസിസ്റ്റിനെ പരിചയപ്പെട്ടത്. യുവാവ് അപസ്മാര ബാധയുള്ളതായി ഫാര്‍മസിസ്റ്റിനോട് വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കളായി യു എ ഇയില്‍ ആരും ഇല്ലാത്തതിനാല്‍ ചികിത്സക്ക് സഹായിക്കാനും അപേക്ഷിച്ചിരുന്നു. പിന്നീട് ചികിത്സിച്ച് അസുഖം ഭേദമാക്കാമെന്ന് ഫാര്‍മസിസ്റ്റ് ഉറപ്പ് നല്‍കുകയും ദുര്‍മന്ത്രവാദം ഇയാള്‍ക്കുമേല്‍ പ്രയോഗിക്കുകയുമായിരുന്നു.
മരിക്കുന്നതിന് തലേ ദിവസം യുവാവ് മനോനില തെറ്റി ഖുര്‍ആന്‍ വചനങ്ങള്‍ ഉച്ചത്തില്‍ ചൊല്ലി തെരുവിലൂടെ നടക്കുകയും പോലീസ് പിടികൂടി നൈഫ് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും പിന്നീട് റാശിദ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു ഫാര്‍മസിസ്റ്റ് രോഗ കാരണം ജിന്നാണെന്ന് വിശ്വസിപ്പിച്ചതും ബീച്ചില്‍ എത്തിച്ച് ചികിത്സ നടത്തിയതും. ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലിക്കുകയും ജിന്ന് ദേഹത്ത് നിന്നും പുറത്തേക്ക് പോവുന്നത് വരെ വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കടല്‍ക്കരയില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളോട് തല വെള്ളത്തില്‍ മുക്കിപ്പിടിക്കാന്‍ ഫാര്‍മസിസ്റ്റ് ആവശ്യപ്പെട്ടിരുന്നതായും രണ്ട് അറബ് വംശജരും പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 20 മിനുട്ട് നീണ്ട കാടന്‍ ചികിത്സക്കിടയില്‍ യൂവാവിന്റെ ബോധം നശിക്കുകയും ശ്വാസം നിലക്കുകയുമായിരുന്നു. സംഭവത്തിന് ദൃസാക്ഷിയായ ബ്രിട്ടീഷ് പൗരനും ഭാര്യയുമാണ് വിവരം പോലീസില്‍ അറിയിച്ചത്.