തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടിക്ക് പീഡനം:നാലു പേര്‍ പിടിയില്‍

Posted on: April 23, 2013 6:30 pm | Last updated: April 23, 2013 at 10:15 pm
SHARE

thirippurതിരുപ്പൂര്‍:തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടിക്ക് ക്രൂരപീഡനം.നാലു പേര്‍ പിടിയില്‍. തിരുപ്പൂരിലെ വസ്ത്രനിര്‍മാണസ്ഥാപനത്തില്‍ തൊഴിലാളിയായ എറണാകുളം സ്വദേശിനിയുടെ എട്ടു വയസുകാരി മകളാണ് സ്വന്തം വീട്ടില്‍ അതിക്രൂരമായ പീഡനത്തിന് ഇരയായത്. ഒരാഴ്ചമുന്‍പായിരുന്നു സംഭവം.
പീഡനത്തെ തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അയല്‍വാസികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മ ജോലിക്കുപോയ സമയം അയല്‍വാസികളടക്കം നാലു യുവാക്കള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരാതി നല്‍കാനെത്തിയപ്പോള്‍ തിരുപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ മലയാളി സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടകളടച്ചു വ്യാപാരികളും സമരത്തില്‍ പങ്കെടുത്തു. ഗതാഗതം പൂര്‍ണമായി സ്തംഭിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
അതിനിടെ ബാലികക്ക് ചികിത്സാ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.