കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

Posted on: April 23, 2013 11:03 am | Last updated: April 23, 2013 at 11:03 am

കല്‍പകഞ്ചേരി: വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധ ജല ക്ഷാമം രൂക്ഷമായി. കടുങ്ങാത്തുകുണ്ട്, പാറോട്ടക്കല്‍, അപ്പാടം, കരുവാത്ത്കുന്ന്, പോത്തന്നൂര്‍, കുറുക്കോള്‍, മയ്യേരിച്ചിറ, നടയാല്‍ പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നത്.
കിണറുകളും കുഴല്‍ കിണറുകളും നിര്‍മിക്കുകയെല്ലാതെ പ്രദേശങ്ങളില്‍ കാലങ്ങളായുള്ള ശുദ്ധ ജല ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മാറി മാറി വന്ന ഭരണ സമിതികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് പ്രദേശത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ജല സ്രോതസിന്റെ അഭാവമാണ് പദ്ധതികള്‍ തുടങ്ങാനുള്ള പ്രയാസമെന്നാണ് അധിക്യതരുടെ ഭാഷ്യം. എന്നാല്‍ ജല ലഭ്യതക്കനുസരിച്ച് ചെറിയ പദ്ധതികളും ഭൂരിഭാഗം പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടില്ല. അതേ സമയം വേനല്‍ കനത്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റ് ചില ഭാഗത്തെ വയലുകള്‍ ഈയ്യിടെ മണ്ണിട്ട് നികത്തലുമുണ്ടായിട്ടുണ്ട്. ഇത് കുടിവെള്ള മുട്ടിക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
കുടിവെള്ള പ്രശ്‌നം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വാര്‍ഷിക പദ്ധതികളില്‍ പ്രാധാന്യം നല്‍കുന്നുണ്ടെകിലും ഫണ്ട് ചെലവഴിച്ച് ആവശ്യമായ ഭാഗങ്ങളില്‍ കുടിവെള്ളം സൗകര്യമെരുക്കാന്‍ അധിക്യതരുടെ ഭാഗത്ത് നിന്നും കാല താമസം ഉണ്ടാകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഈയ്യിടെ നടപ്പാക്കിയ വെട്ടാര്‍പ്പ് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ഏതാനും കുടുംബങ്ങള്‍ക്കെ ലഭിക്കൂ. എന്നാല്‍ എം എല്‍ എ ഫണ്ടില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിലാണ് പഞ്ചായത്തിന്റെ പ്രതീക്ഷ. നിലവില്‍ കുടിവെള്ള ക്ഷാമം കൂടുതല്‍ വലക്കുന്നത് കോളനിയില്‍ താമസിക്കുന്നവരെയാണ്. കുടിവെള്ള വിതരണത്തിനായി കൊട്ടിഘോഷിച്ച് ആരംഭിച്ച കടുങ്ങാത്തുകുണ്ട് കുടിവെള്ള ശുദ്ധ ജല പദ്ധതി വെള്ളമില്ലാത്തതിനാല്‍ എങ്ങുമെത്താതെ നാശത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
പദ്ധതിക്കായി 25 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ വലിയ ടാങ്ക് സ്ഥാപിക്കുകയും കുറുക്കോള്‍, നടയാല്‍പ്പറമ്പ്, മയ്യേരിച്ചിറ എന്നിവിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈന്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.