Connect with us

Palakkad

ചിറ്റൂര്‍ താലൂക്കില്‍ വന്‍തോതില്‍ ഭൂഗര്‍ഭജല ചൂഷണം: വന്‍കിട കമ്പനികള്‍ ഊറ്റുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം

Published

|

Last Updated

ചിറ്റൂര്‍: ചിറ്റൂര്‍ താലൂക്കില്‍ ഭൂഗര്‍ഭജലചൂഷണം അതിരൂക്ഷം. ആയിരക്കണക്കിന് പ്രദേശവാസികള്‍ കുടിനീരിന് വലയുമ്പോള്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ലക്ഷക്കണക്കിനു ലിറ്റര്‍”ജലമാണ് ഊറ്റുന്നത്. രണ്ട് മദ്യനിര്‍മാണക്കമ്പനികളാണ് ചിറ്റൂരിലള്ളത്. ജലസംഭരണികളുടെ സമീപമാണ് ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത്.

ഒന്ന് മീങ്കര ഡാമിന് സമീപവും മറ്റൊന്ന് മൂലത്തറ ഡാമിന് അരികിലുമാണ്. മീനാക്ഷിപുരം മൂലത്തറ ഡാമിന് സമീപമുള്ള സ്ഥാപനം പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ “ജലം ഉപയോഗിക്കുന്നതായാണ് വ്യവസായ വകുപ്പിന്റെ കണക്ക്. മീങ്കര ഡാമിന് സമീപത്തെ സ്ഥാപനം പ്രതിമാസം മൂന്ന് ലക്ഷം കെയ്‌സ് മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള “ജലമാണ് ചോര്‍ത്തുന്നത്.
കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ച് മൂന്ന് സ്വകാര്യ പാല്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പാല്‍ പ്ലാന്റിന്റെ ദൈനംദിന ജല ഉപഭോഗം ഏകദേശം മൂന്ന് ലക്ഷം ലിറ്ററാണ്.
ഈ പ്ലാന്റുകളുടെ ഉടമകളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. മഴനിഴല്‍പ്രദേശമായ ചിറ്റൂര്‍ താലൂക്കിലെ മുതലമടയിലേക്ക് കോഴിക്കോട്ടുള്ള ഒരു ഡിസ്റ്റിലറി മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
മലിനീകരണ പ്രശ്‌നത്തെത്തുടര്‍ന്ന് കോഴിക്കോട്ട് അടപ്പിച്ച യൂനിറ്റ് മുതലമടയില്‍ സ്ഥാപിക്കാനായിരുന്നു നീക്കം. മീങ്കര പുഴയുടെ ഓരത്ത് തുടങ്ങാനുദ്ദേശിച്ചിരുന്ന മദ്യ നിര്‍മാണക്കമ്പനിയുടെ ശേഷി ഒന്നര ലക്ഷം കെയ്‌സ് എന്നാണ് കണക്കാക്കിയിരുന്നത്. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇതിന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ പോയത്.
ചിറ്റൂര്‍ താലൂക്കില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം കൊടമ്പിരികൊണ്ടിരിക്കെ വന്‍കിട കമ്പനികളുടെ ജലചൂഷണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

 

Latest