ചൈനീസ് അധിനിവേശം: ലഡാക്കില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചു

Posted on: April 23, 2013 10:27 am | Last updated: April 23, 2013 at 10:27 am
SHARE

indian-armyന്യൂഡല്‍ഹി: ഇന്ത്യാ- ചൈനീസ് അതിര്‍ത്തിയായ ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ടെന്റ് കെട്ടിയതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചു. പര്‍വത മേഖലകളില്‍ യുദ്ധം ചെയ്യുന്നതില്‍ പരിശീലനം നേടിയ സൈനികരെയാണ് മേഖലയിലേക്ക് അയച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലഡാക്കിലെ ദൗലത്ത് ബേഗ് ഒല്‍ദിയിലാണ് സൈന്യത്തെ വിന്യസിക്കുന്നത്. ചൈന സ്ഥാപിച്ച ടെന്റിന് സമീപത്തുള്ള മറ്റൊരു ടെന്റ് ഇന്ത്യന്‍ സൈന്യം ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ മാസം 15നാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ടെന്റ് പോസ്റ്റ് സ്ഥാപിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പത്ത് കിലോമീറ്ററോളം ചൈനീസ് സൈന്യം നീങ്ങിയതയാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പും ചൈനീസ് സൈനികര്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ നടത്തിയിരുന്നു.

അതേസമയം, മേഖലയില്‍ സംഘര്‍ഷമുണ്ടാക്കേണ്ടെന്നാണ് ഇന്ത്യ നിലപാടെടുത്തിരിക്കുന്നത്. പ്രശ്‌നത്തില്‍ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിക്കും. ഇന്ത്യാ- ചൈന രണ്ടാം ഫഌഗ് മീറ്റ് ഇന്ന് നടക്കുന്നുണ്ട്.