ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് ഒരു വര്‍ഷത്തെ പദ്ധതി: മുഖ്യമന്ത്രി

Posted on: April 23, 2013 6:59 am | Last updated: April 23, 2013 at 1:22 am

കൊച്ചി: ജലലഭ്യത വര്‍ധിപ്പിക്കുന്നതിനും നിലവാരം ഉറപ്പു വരുത്തുന്നതിനും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെക്ക് ഡാമുകളുടെയും മഴവെള്ള സംഭരണികളുടെയും നിര്‍മാണം, കുളങ്ങളിലെയും പാറമടകളിലെയും ജലം ഉപയോഗയോഗ്യമാക്കല്‍ തുടങ്ങിയ ഉടന്‍ പ്രയോജനം കിട്ടുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങളില്‍ ഇന്ന് മുതല്‍ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജില്ല കലക്ടര്‍ നിയോഗിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം. ജലം ആവശ്യത്തിന് ലഭ്യമാകുന്ന സ്രോതസ്സുകളില്‍ സദാസമയവും പമ്പിംഗ് ഉറപ്പു വരുത്താന്‍ സമര്‍പ്പിത ലൈന്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളവുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതികളുടെ വൈദ്യുതി ബന്ധം കുടിശിക മൂലം വിഛേദിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി പുനഃസ്ഥാപിക്കും.
ചെറുകിട ജലസേചന പദ്ധതികളില്‍ കേടായ മോട്ടോറുകള്‍ ഉടനെ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.