Connect with us

Articles

മോഡിയുടെ അംബാസഡര്‍മാര്‍

Published

|

Last Updated

ഗുജറാത്തില്‍ തന്റെ മേല്‍നോട്ടത്തില്‍ നടന്ന വംശഹത്യയുടെ ചോരക്കറ നരേന്ദ്ര മോഡിയെ എങ്ങും വേട്ടയാടുകയാണ്. പ്രധാനമന്ത്രി പദത്തിലേക്ക് ഗുജറാത്ത് ചോരക്കറ പുരണ്ട മോഡിയെ ഒരു കാരണവശാലും പിന്തുണക്കാനാകില്ലെന്ന് എന്‍ ഡി എ ഘടക കക്ഷികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ബി ജെ പിയിലെ തന്നെ ഒരു വിഭാഗം മോഡിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് നേരിടുന്നത് ഭീമമായൊരു അബദ്ധമായിരിക്കുമെന്ന് പരസ്യമായി തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യ അന്തര്‍ദേശീയ തലത്തില്‍ മോഡിക്ക് കുപ്രസിദ്ധി നേടിക്കൊടുത്തിട്ടുണ്ട്. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ ഇന്ത്യന്‍ സമ്പദ്ഘടനയിലേക്കുള്ള തുളച്ചുകയറ്റം സുഗമമാക്കാന്‍, വിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഹിന്ദുത്വ ശക്തികളെ ആശ്രയിക്കാന്‍ കോര്‍പറേറ്റ് മൂലധന ശക്തികള്‍ ശ്രമമാരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രവേശം വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഗുജറാത്ത് വംശഹത്യയുടെ നിഷ്ഠൂരതകള്‍ വികസനമന്ത്രം കൊണ്ട് മറച്ചുപിടിക്കാനുള്ള അന്തര്‍ദേശീയമായ പ്രചാരണ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി ഏഴോളം അന്തര്‍ദേശീയ സ്ഥാപനങ്ങളും നിരവധി ലോബിയിസ്റ്റുകളും അക്ഷീണ പ്രയത്‌നത്തിലാണ്. മോഡിക്ക് പുതിയ പ്രതിച്ഛായ നിര്‍മിക്കുകയാണ്. നരാധമനായ മോഡിയെ വികസന നായകനായി പരിവര്‍ത്തനപ്പെടുത്താനുള്ള പ്രചാരണ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.
ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടിയെടുക്കാനായി തിരഞ്ഞെടുക്കപ്പെട്ട ബി ജെ പിയേതര രാഷ്ട്രീയ നേതാക്കളെ മോഡിയിസത്തിന്റെ അംബാസഡര്‍മാരായി നിയോഗിച്ചിരിക്കുകയാണ്. ഗുജറാത്തിലും കേരളത്തിലും ഒരു പോലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് താത്പര്യങ്ങളുള്ള സ്ഥാപനങ്ങളും മാഫിയാ സംഘങ്ങളുമാണ് മോഡിക്കു വേണ്ടിയുള്ള പ്രതിച്ഛായ നിര്‍മാണത്തെ ഏകോപിപ്പിക്കുന്നത്. അബ്ദുല്ലക്കുട്ടിയിലായിരുന്നു തുടക്കം. ഗുജറാത്ത് മോഡലിനെ പ്രശംസിച്ച അബ്ദുല്ലക്കുട്ടി വെറുക്കപ്പെട്ട മോഡിക്ക് കേരളീയ സമൂഹത്തില്‍ വികസന പരിവേഷം നല്‍കി അംഗീകാരം നല്‍കാനാണ് ശ്രമിച്ചുനോക്കിയത്.
തുടര്‍ന്ന് കെ എം ഷാജിയുടെ ഊഴമായിരുന്നു. സി പി എമ്മിനെയും ഇടതുപക്ഷത്തെയും അടിച്ചുനിരപ്പാക്കാനുള്ള ആവേശത്തിലാണ് ഷാജി മോഡിയുടെ വികസന മാതൃകക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഗര്‍ഭാശയത്തില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ ശൂലത്തില്‍ കുത്തിയെടുത്ത് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞ പൈശാചികതയെ മയപ്പെടുത്താനായി മോഡിയുടെ വികസന മാതൃകയെ ഷാജി തലോടുകയായിരുന്നു.
ഇപ്പോഴിതാ ഷിബു ബേബി ജോണ്‍ യു ഡി എഫ് മന്ത്രിയെന്ന നിലയില്‍ മോഡിയെ ചെന്നുകണ്ട് ആറന്‍മുള കണ്ണാടി ഉപഹാരമായി നല്‍കിയിരിക്കുന്നു. മോഡിയുമായുള്ള അഭിമുഖം വിവാദമായപ്പോള്‍ ഷിബു ബേബി ജോണ്‍ പറഞ്ഞത്, ഗുജറാത്തിന്റെ വികസനത്തെപറ്റി അറിയുകയും അതുവഴി കേരളത്തിന്റെ നന്മ ലക്ഷ്യം വെച്ചുമാണ് മോഡിയെ കണ്ടതെന്നാണ്. അഹമ്മദാബാദിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍, എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അതിന്റെ മാതൃകയില്‍ ഇവിടെയും സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുമുള്ള സാധ്യത ആരായുകയുമായിരുന്നു തന്റെ സന്ദര്‍ശന ലക്ഷ്യമെന്നാണ് ഷിബു വിശദീകരിച്ചത്. അഡീഷനല്‍ ചീഫ് സെക്രട്ടറിമാരും എംപ്ലോയ്‌മെന്റ് ഡയറക്ടറും സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അതായത് തീര്‍ത്തും ഔദ്യോഗികമായ യാത്രയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഒരു ഔദ്യോഗിക യാത്ര സാധ്യമല്ലല്ലോ.
തീവ്ര ഹിന്ദുത്വ ശക്തികളുമായി കേരളത്തിലെ യു ഡി എഫുകാര്‍ ഇടതുപക്ഷ വിരുദ്ധതയുടെതായ രാഷ്ട്രീയം എന്നും പങ്കിട്ടുപോന്നിട്ടുണ്ട്. മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്ക് ഒരു അര്‍ഥത്തിലും മോഡി അഭികാമ്യനല്ല. മോഡിയോട് മതനിരപേക്ഷവാദികള്‍ക്ക് ഒരു ദാക്ഷ്യണ്യവും കാട്ടാന്‍ കഴിയുകയുമില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡി വരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മോഡിയെ ഷിബു ചെന്നുകണ്ടത്. ഇതത്ര നിസ്സാരമായൊരു കാര്യമായി രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തള്ളാനും കഴിയുകയില്ല.
സാര്‍വദേശീയ തലത്തില്‍ ഭീകരതക്കെതിരായ യുദ്ധത്തിന്റെ മറവില്‍ അമേരിക്കയും ഇസ്‌റാഈലും ഹുന്ദുത്വ ശക്തികളും ചേര്‍ന്ന് വംശീയ പൊതു സഖ്യം വിഭാവനം ചെയ്യപ്പെടുന്ന കാലമാണ്. കെ വി തോമസ് സിയോണിസ്റ്റ് ഭരണാധികാരിയായ ഏരിയല്‍ ഷാരോണിന് മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ ശില്‍പ്പ മാതൃക സമ്മാനിച്ചത് അത്രയൊന്നും മുമ്പല്ലല്ലോ. മോഡിയിസമെന്നത്, നവ ലിബറല്‍ മൂലധന താത്പര്യങ്ങളിലധിഷ്ഠിതമായ ഫാസിസമാണ്. വിദ്വേഷത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയവും സംസ്‌കാരവുമാണത്. അബ്ദുല്ലക്കുട്ടിയും ഷാജിയും ഷിബുവുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഒക്കത്തിരുന്നാണ് മോഡിയിസത്തെ പ്രകീര്‍ത്തിക്കുന്നതെന്ന കാര്യം കേരള രാഷ്ട്രീയത്തില്‍ അദൃശ്യമായ തലങ്ങളില്‍ രൂപപ്പെട്ടുവരുന്ന ബി ജെ പി ബാന്ധവങ്ങളുടെ സൂചനകളാണ്.

---- facebook comment plugin here -----

Latest