ഡല്‍ഹി പീഡനം; ഒരാള്‍കൂടി അറസ്റ്റില്‍

Posted on: April 22, 2013 9:27 am | Last updated: April 22, 2013 at 9:30 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി മനോജ്കുമാറിന്റെ സൃഹൃത്തും ബിഹാര്‍ സ്വദേശിയുമായ പ്രദീപിനെയാണ് ബിഹാറിലെ ദര്‍ബഞ്ച ജില്ലയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ചോദ്യം ചെയ്യലില്‍ താന്‍ മാത്രമളല്ല മറ്റൊരാള്‍ കൂടിയും കൃത്യം ചെയ്യാന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന് മനോജ് മൊഴി നല്‍കിയിരുന്നു. ഡല്‍ഹി പോലീസും ബിഹാര്‍ പോലീസും സംയുക്തമായാണ് പ്രതിക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്.
ഇന്നലെ പുലര്‍ച്ചെയാണ് മുഖ്യപ്രതിയായ മനോജ് ഷായെ ഭാര്യവീട്ടില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് രണ്ടാമനായ പ്രദീപിന്റെ പേര് പോലീസിനോട് പറഞ്ഞത്. മനോജിന്റെ കൂട്ടുകാരനായ പ്രദീപ് ഗാസിയാബാദില്‍ താന്‍ താമസിക്കുന്ന മുറിയുടെ അടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പ്രദീപാണ് പീഡിപ്പിച്ചതെന്നും താന്‍ കാഴ്ച്ചക്കാരനായി ഇരിക്കുകയായിരുന്നെന്നുമാണ് മനോജ് നല്‍കിയ മൊഴി. എന്നാല്‍ താന്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി മനോജ് സമ്മതിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ടു എന്നു കരുതി മുറി പൂട്ടി പോവുകയായിരുന്നു എന്നും മനോജ് മൊഴി നല്‍കി.

അതേസമയം മനോജിനെ ഇന്ന് ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. എന്നാല്‍ ജനങ്ങല്‍ രോഷാകുലരായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല.