‘കുട്ടി ഡ്രൈവര്‍’മാരുടെ ബൈക്കപകടം: പത്ത് വര്‍ഷത്തിനിടെ മരിച്ചത് 60 ഓളം പേര്‍

Posted on: April 22, 2013 6:00 am | Last updated: April 21, 2013 at 10:57 pm

കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ വ്യാപകമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് പതിവാകുമ്പോഴും തടയാനോ കര്‍ശന നടപടിയെടുക്കാനോ അധികൃതര്‍ മടിക്കുന്നു. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ ഇരുചക്ര വാഹനവുമായി റോഡിലിറങ്ങുന്നത് ഏറ്റവുമധികം കൂടിയത് അടുത്ത കാലത്താണ്. സ്‌കൂള്‍, കോളജ് പ്രവൃത്തി സമയങ്ങളെക്കാള്‍ വേനലവധി കാലത്താണ് ബൈക്കിലൂടെയുള്ള ഇവരുടെ പരക്കംപാച്ചില്‍ കൂടിയത്.

ഒരു വണ്ടിയില്‍ രണ്ടും മൂന്നും പേര്‍ ഇരുന്ന് യാത്ര ചെയ്യുന്നത് നഗരപ്രദേശങ്ങളില്‍ പോലും പതിവായി മാറിയിട്ടും മോട്ടോര്‍ വകുപ്പ് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും ശക്തമാക്കുമ്പോഴും പ്രായപൂര്‍ത്തിയെത്താത്തവരുള്‍പ്പെടുന്ന ബൈക്കപകടങ്ങളുടെയെണ്ണം ക്രമാതീതമായാണ് വര്‍ധിക്കുന്നത്.
സര്‍ക്കാര്‍ കണക്ക് പ്രകാരം 10 വര്‍ഷത്തിനുള്ളില്‍ വിവിധയിടങ്ങളില്‍ കുട്ടികള്‍ വരുത്തിയ വാഹനാപകടങ്ങളുടെ എണ്ണം 200 ഓളം വരുന്നു. ഇവയില്‍ 60 ഓളം പേരെങ്കിലും മരിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കപ്പെടുന്നവയുടെ എണ്ണം ഏറെയുണ്ടെന്നും കണക്കാക്കപ്പെടുന്നു.
മോട്ടോര്‍ വാഹന ലൈസന്‍സ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഗിയര്‍ ഉള്ള വാഹനത്തിന് 18 വയസ്സും ഗിയര്‍ ഇല്ലാത്തവക്ക് (50 സി സിക്ക് താഴെ )16 വയസ്സുമെന്നാണ് നിയമം. 13 വയസ്സുതൊട്ടുള്ള കുട്ടികള്‍ പലയിടത്തും ബൈക്കില്‍ ചീറിപ്പായുന്നത് പതിവാണ്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ‘കുട്ടി ഡ്രൈവര്‍’ മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും കര്‍ശന പരിശോധന തുടങ്ങിയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് അവസാനിപ്പിക്കുകയും ചെയ്തു. ലൈസന്‍സില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും അതോടൊപ്പം വാഹന ഉടമക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ നിരന്തര ബോധവത്കരണം നടത്താനും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ധിച്ചതായാണ് കണക്ക്. എല്ലാ മാസവും 1300 നും 1600നും ഇടയില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാമാണ് പ്രധാനമായും അപകടങ്ങള്‍ക്കിടയാക്കുന്നത്. 2007 മുതല്‍ 2011 വരെ 18,445 അപകടങ്ങളാണുണ്ടായതെങ്കില്‍ 2012ലും ഈ കണക്കില്‍ ചെറിയ ഏറ്റക്കുറച്ചില്‍ മാത്രമേ ഉണ്ടായുള്ളൂ. വാഹനാപകടങ്ങളില്‍ പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ പങ്കാളികളാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇവയില്‍ത്തന്നെ പ്രായപൂര്‍ത്തിയാകാത്തവരും നിരവധിയുണ്ട്.
പ്രായപൂര്‍ത്തിയാകാത്തവരുടെ ബൈക്കപകടങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് കോഴിക്കോട് സിറ്റിയിലാണ്. കോഴിക്കോട് സിറ്റിയിലുണ്ടായ 36 അപകടങ്ങളില്‍ 6 പേരാണ് മരിച്ചത്. എറണാകുളം റൂറലില്‍ 36 അപകടങ്ങളുണ്ടായതില്‍ 8 പേരും കണ്ണൂരില്‍ 20 അപകടങ്ങളില്‍ 6 പേരും മരിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കില്‍ സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറത്ത് 24 അപകടങ്ങളുണ്ടായതില്‍ ആറ് പേര്‍ മരിച്ചു. കോട്ടയം, കൊല്ലം, കാസര്‍കോട് ജില്ലകളിലും പ്രായപൂര്‍ത്തിയെത്താത്തവരുടെ നിരവധി ബൈക്കപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് സ്വയം അപകടത്തില്‍ ചെന്നു ചാടാനും അല്ലെങ്കില്‍ മറ്റുള്ളവരെ അപകടത്തില്‍പ്പെടുത്താനുമിടയാക്കുന്നതിനാല്‍ ഇക്കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ALSO READ  സഊദിയിൽ വാഹനാപകടം: മൂന്ന് മലയാളി യുവാക്കൾ മരിച്ചു