Connect with us

Gulf

രിബാത് ദേശീയ സമ്മേളനം ചരിത്രമായി

Published

|

Last Updated

മസ്‌കത്ത്: സുന്നി ജന നായകനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പൊന്മള അബ്ദുല്‍ ഖാദര്‍ ഉസ്താദിന്റെ ഒരു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം ഒമാനിലെ സുന്നി സമൂഹം വരവേറ്റത് ആവേശത്തോടെ. ബുധനാഴ്ച മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഉസ്താദിനെ സ്വീകരിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. രാത്രി ഒന്‍പതിന് നടന്ന ഐ സി എഫ് സമ്മേളനത്തില്‍ ജന നേതാവിന്റെ വിഞ്ജാനപ്രദവും അര്‍ഥപൂര്‍ണവുമായ പ്രഭാഷണം കേള്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ബസുകളിലും വാഹനങ്ങളിലും പ്രവര്‍ത്തകരെത്തി.
പൊന്മള ഉസ്താദിന്റെ ഓരോ വാക്കുകളും അക്ഷരം പ്രതി പെറുക്കിയെടുക്കുകയായിരുന്നു സദസ്. ഗഹനവും അതിലുപരി സാധാരണക്കാരന്റെ മനസുകളില്‍ ആഴ്ന്നിറങ്ങിയതുമായ അനുഗ്രഹ പ്രഭാഷണം സമ്മേളനത്തിന് തികഞ്ഞ അനുഭൂതിയും വലിയ അറിവും പകര്‍ന്നു. സുന്നത്ത് നബി ചര്യയും ജമാഅത്ത് അതിന്റെ തെളിവുമാണ്. ജമാഅത്താകുന്ന സഹാബത്തിനെ അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തതാണ്. അല്ലാതെ അവര്‍ യാദൃശ്ചികമായി സഹാബത്തായതല്ല. ഉസ്താദ് വിശദീകരിച്ചു. സുന്നികള്‍ക്ക് തെളിവായി കാണിക്കാനുള്ളത് ഈ സഹാബത്ത് മുതല്‍ കണ്ണിമുറിയാതെ വന്ന ഗുരുനാഥന്മാരുടെ പരമ്പരയാണ്. വിശ്വാസത്തിലും ആചാരത്തിലും സ്വന്തം ഉസ്താദായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന പ്രമുഖ സുന്നി പണ്ഡിതനെ തിരസ്‌കരിച്ച് നവീന വിശ്വാസവും ആചാരവും കെട്ടിപ്പെടുത്തിയ ആളാണ് മുജാഹിദ് നേതാവായ കെ എം മൗലവി.
പ്രമുഖ പണ്ഡിതന്‍ ഇ കെ ഹസന്‍ മുസ്‌ലിയാരോട് മുസ്‌ലിമാകാന്‍ നിര്‍ദേശിച്ച ഉമര്‍ മൗലവി സ്വന്തം ഉസ്താദായ കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരെ ധിക്കരിച്ച് പുതിയ ആശയം നിര്‍മിച്ചവനാണ്. അത് കൊണ്ട് തന്നെ പ്രസ്തുത കത്ത് സ്വന്തം മകനിലേക്ക് തിരിച്ചെത്തിയത് ചരിത്രത്തിന്റെ സ്വാഭാവികതയാകാമെന്നും ഉസ്താദ് വിശദീകരിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായി.
സമ്മേളനത്തില്‍ ഉസ്താദിനെ ഒമാന്‍ ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ ഷാളണിയിച്ച് ആദരിച്ചു. പ്രവാചക സ്‌നേഹത്തിന്റെ ലോകത്തേക്ക് വിശ്വാസികളെ നയിച്ച് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ബുര്‍ദ ആലാപനം ആവേശമായി. ഫഹ്ദുദ്ദീന്‍ ഫത്വവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുര്‍ദ ആലപിച്ചത്. പ്രവാചക സ്‌നേഹത്തിന്റെ കവിതാ സമാഹാരമായ ബുര്‍ദ വിവിധ ശൈലികളില്‍ അവതരിപ്പിച്ചത് വിശ്വാസികളുടെ മനം കവര്‍ന്നു. മസ്‌കത്തില്‍ മുജാഹിദ് സംവാദത്തില്‍ വിജയം വരിച്ച യുവ പണ്ഡിതന്‍ നൗഷാദ് അഹ്‌സനിയെയും ആദരിച്ചു. ആദ്ദേഹത്തിന്റെ ആദര്‍ശ രംഗത്തെ പോരാട്ടത്തെ പരിഗണിച്ച് സീബ് അബ്ദുല്‍ അസസ് മൗലവി എഴുതിയ അറബി കവിത അദ്ദേഹത്തിന് സമ്മാനിച്ചു. ചടങ്ങില്‍ ഹകീം സഅദി, ഇസ്ഹാഖ് മട്ടന്നൂര്‍, ഉസ്മാന്‍ മുത്തേടം, ലത്വീഫ് ഫഹൂദ്, നിസാര്‍ സഖാഫി, മുസ്ത്വഫ ഹാജി ഏഴര, റഫീഖ് സഖാഫി സംസാരിച്ചു.

---- facebook comment plugin here -----

Latest