സര്‍ക്കാര്‍ വകുപ്പുകള്‍ ഗുരുതരമായ വീഴ്ച വരുത്തി

Posted on: April 20, 2013 6:02 am | Last updated: April 20, 2013 at 8:33 am

തിരുവനന്തപുരം:പാലക്കാട് അട്ടപ്പാടിയില്‍ പോഷകാഹാര കുറവിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വ്യക്തമായി. പോഷകാഹാര കുറവിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ 28 കുഞ്ഞുങ്ങള്‍ മരിച്ചിട്ടും ആരോഗ്യ വകുപ്പോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. കുഞ്ഞുങ്ങള്‍ മാത്രമല്ല, അട്ടപ്പാടിയിലെ ആദിവാസികളില്‍ എണ്‍പത് ശതമാനത്തോളം പേരും പോഷകാഹാര കുറവ് നേരിടുകയാണെന്നാണ് കണ്ടെത്തല്‍. മുപ്പതിനായിരം പേരില്‍ ഭൂരിഭാഗം പേരുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗുരുതരമായ വിധം താഴ്ന്ന നിലയിലാണ്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് നടപടികള്‍ തുടങ്ങിയത്. നല്ല ഭക്ഷണവും മരുന്നും പരിചരണവും ലഭിക്കാതെ, ദുരിതത്തിന്റെ നാളുകളിലൂടെയാണ് ഓരോരുത്തരും ജീവിതം തള്ളിനീക്കുന്നത്. പോഷകാഹാരക്കുറവും രോഗങ്ങളുമാണ് ആദിവാസിബാല്യത്തെ ദുരിതങ്ങളിലേക്കു നയിക്കുന്നത്. ക്ഷയം, വൈറ്റമിന്‍ ‘എ’യുടെ കുറവു മൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, അനീമിയ, മഞ്ഞപ്പിത്തം, അരിവാള്‍ രോഗം എന്നിവ കുട്ടികളില്‍ കണ്ടുവരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് യഥാസമയം ചികിത്സ ലഭിക്കാത്ത സാഹചര്യവുമുണ്ട്.അട്ടപ്പാടിയിലെ നവജാത ശിശുക്കള്‍ക്കിടയില്‍ പ്രമേഹ രോഗം സാധാരണമായിട്ടുണ്ട്. ടൈപ്പ് വണ്‍ ഡയബറ്റിസ് എന്ന പ്രമേഹ രോഗമാണ് ആദിവാസി ശിശുക്കള്‍ക്കിടയില്‍ വ്യാപകമായി കാണപ്പെടുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടികള്‍ക്കും, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്കും ശിശുക്ഷേമം ഉറപ്പാക്കാനാകുന്നില്ല. ആറ് വയസ്സില്‍ താഴെയുളള ആറായിരം കുട്ടികള്‍ക്ക് പോഷകാഹാരവും പരിചരണവും നല്‍കുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം, പോഷകാഹാരക്കുറവുമൂലം 15 കുട്ടികള്‍ മരിച്ചെന്നാണ് കണക്ക്.ഈ മേഖലയില്‍ ആകെയുള്ളത് 172 അങ്കണ്‍വാടികളാണ്. ഇവയില്‍ 350 ഐ സി ഡി എസ് ജീവനക്കാരുമുണ്ട്. ഇതിനു പുറമെയാണ് ആദിവാസി ഊരുകളുടെ ക്ഷേമത്തിനായി 150 എസ് ടി പ്രൊമോട്ടര്‍മാര്‍. ആറ് മാസം മുതല്‍ ഒരു വയസ്സ് വരെയുള്ള 2427 കുട്ടികളാണ് ഇവിടെയുള്ളത്. ഒന്ന് മുതല്‍ മൂന്ന് വയസ്സുവരെയുളളവര്‍ 1975 ഉം. ഇവരില്‍ ശരാശരി 30 ശതമാനം കുട്ടികള്‍ തൂക്കക്കുറവ് നേരിടുന്നവരാണെന്നാണ് കണ്ടെത്തല്‍.ആറ് വയസ്സില്‍ താഴെയുളള ആറായിരം കുട്ടികള്‍ക്ക് അങ്കണ്‍വാടികള്‍ വഴി പോഷകാഹാരവും പരിചരണവും നല്‍കുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷെ ഈ കണക്കുകള്‍ കെട്ടിച്ചമച്ചവയാണെന്നാണ് ആക്ഷേപം. കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി , അഗളി സി എച്ച് സി, പുതൂര്‍, ഷോളയൂര്‍, ആനക്കട്ടി പി എച്ച് സികള്‍, 28 സബ് സെന്ററുകള്‍, ഐ ടി ഡി പിക്ക് കീഴില്‍ രണ്ട് ക്ലിനിക്കുകള്‍, മൂന്ന് മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍, മുക്കാലിയിലും ശിരുവാണിയിലും രണ്ട് ഡിസ്‌പെന്‍സറികള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, 50 ആശാസേവകര്‍. ഇതാണ് അട്ടപ്പാടിയിലെ ആരോഗ്യമേഖല. പക്ഷേ ആയുസ്സ് നീട്ടിക്കിട്ടാന്‍ ആദിവാസികളുടെ പ്രധാന ആശ്രയം കോട്ടത്തറ ആശുപത്രി മാത്രമാണ്.