സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം കോഴിക്കോട്ട്

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:42 am

കോഴിക്കോട്: സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഈ മാസം 23, 24 തീയതികളില്‍ കോഴിക്കോട് ബല്‍വന്ത് റായ് മേത്ത നഗറില്‍ (ഗുജറാത്തി ഹാള്‍) നടക്കുമെന്ന് മന്ത്രി എം കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ ജയലക്ഷ്മി, കെ പി മോഹനന്‍, എ പി അനില്‍കുമാര്‍, കെ സി ജോസഫ്, മേയര്‍ എ കെ പ്രേമജം, എം കെ രാഘവന്‍ എം പി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം എല്‍ എമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പുറമെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത,് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ പ്രതിനിധികള്‍, മുഴുവന്‍ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലേയും 66 പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റുകളിലേയും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം, കേന്ദ്രാവിഷ്‌കൃത പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. തോമസ് ഐസക് എം എല്‍ എ, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍, സി പി ജോണ്‍ സംബന്ധിക്കും.
പ്രാദേശിക സര്‍ക്കാറുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സംവാദം 24ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരിക്കും.