പ്രധാനമന്ത്രി സ്ഥാനാര്‍ഥി: ബി ജെ പി ഇന്ത്യയെ വെല്ലുവിളിക്കുന്നു -വയലാര്‍ രവി

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:41 am

കോഴിക്കോട്: ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം കൊടുത്ത വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കുക വഴി ബി ജെ പി ഇന്ത്യന്‍ ജനതയെ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേടിലേക്ക് ബി ജെ പി എത്തിച്ചേര്‍ന്നത് അവരുടെ പാപ്പരത്തമാണ് തെളിയിക്കുന്നത്. മോഡി പ്രധാനമന്ത്രി ആയാല്‍ ഗുജറാത്ത് സംഭവം ആവര്‍ത്തിക്കുമെന്നും രവി മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തില്‍ മൂന്നാം തവണയും യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയവ കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങളാണ്.
അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ചെറിയ വിവാദങ്ങളെല്ലാം രാഷ്ട്രീയ നിലപാടുകളിലൂടെ മറികടക്കാന്‍ സാധിക്കും. കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷം വളരെയേറെ ദുര്‍ബലമാണെന്നും രവി പറഞ്ഞു.
കേരളത്തില്‍ ഭരണ മുന്നണിക്കെതിരെ ഒരു രാഷ്ട്രീയ തീരുമാനം എടുക്കാന്‍ പോലുമാകാത്ത ഗതികേടിലാണ് സി പി എമ്മെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു.