ചമ്രവട്ടം പദ്ധതി: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 12:34 am

എടപ്പാള്‍: സംസ്ഥാനത്ത് ഏറ്റവുമധികം വെള്ളം ശേഖരിച്ചിട്ടുള്ള ചമ്രവട്ടം പദ്ധതി പ്രദേശത്ത് നിന്നുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികളെടുക്കുമെന്ന് മൈനര്‍ ഇറിഗേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എം ടി വര്‍ഗീസ് കെ ടി ജലീല്‍ എം എല്‍ എക്കും നാട്ടുകാര്‍ക്കും ഉറപ്പുനല്‍കി.

എം എല്‍ എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പാടശേഖര സമിതി ഭാരവാഹികള്‍ എന്നിവര്‍ തവനൂര്‍ നിയോജക മണ്ഡലത്തിലെ തവനൂര്‍, കടകശ്ശേരി, മദിരശ്ശേരി എന്നീ പമ്പ്ഹൗസുകള്‍ സന്ദര്‍ശിച്ച് സ്ഥതിഗതികള്‍ വിലയിരുത്തി. നരിപ്പറമ്പ് പമ്പ്ഹൗസില്‍ വെള്ളം പമ്പിംഗ് ആരംഭിച്ചതായും, തവനൂര്‍ പമ്പ്ഹൗസിലെ മോട്ടോര്‍ അറ്റകുറ്റപ്പണി നടത്തി കനാലുകള്‍ വഴി വെള്ളമെഴുക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പ് നല്‍കി. മദിരശ്ശേരി പമ്പ്ഹൗസിലെ മോട്ടോറുകളുടെ കേടുപാടുകള്‍ ഉടന്‍ തീര്‍ത്ത് പമ്പിംഗ് 10 ദിവസത്തിനുള്ളില്‍ ആരംഭിക്കും. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കടകശ്ശേരി പമ്പ്ഹൗസ് പുനരുദ്ധീകരിക്കാന്‍ 25 ലക്ഷം രൂപ കണ്ടെത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
ഭാരതപ്പുഴയില്‍ നിര്‍ലോഭം വെള്ളം കെട്ടികിടക്കുന്ന സ്ഥിതിക്ക് തവനൂര്‍ മണ്ഡലത്തിലെ എല്ലാ പമ്പ്ഹൗസുകളും പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ എം എല്‍ എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തൃപ്രങ്ങോട് പഞ്ചായത്തിലെ മുഴുവന്‍ പമ്പ്ഹൗസുകളും അടുത്ത ആഴ്ച എം എല്‍ എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് സന്ദര്‍ശനം നടത്തും. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശം നല്‍കിയതായി എം എല്‍ എ പറഞ്ഞു. മൈനര്‍ ഇറിഗേഷന്‍ കുറ്റിപ്പുറം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ പി സേതുമാധവന്‍, തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ ലത്തീഫ്, പഞ്ചായത്തംഗം അനുപമ, പി ജ്യോതി, പ്രൊഫ.ഹബീബ് റഹ്മാന്‍, ബാബു തവനൂര്‍, എസ് എസ് ദിനേശന്‍, ടി സഹദേവന്‍, അച്ചുതന്‍, കെ കെ ശിഹാബ് തങ്ങള്‍, കൂനത്തില്‍ ഖാദര്‍, പി പി അബ്ദുല്ല, വിവിധ പാടശേഖര സമിതി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരും എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.