Connect with us

Kozhikode

കൊടുവള്ളി ബ്ലോക്കില്‍ മുഴുവന്‍ വീടുകളിലും സോളാര്‍ വൈദ്യുതി പദ്ധതി

Published

|

Last Updated

കൊടുവള്ളി: കേരളത്തിലെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്തായ കൊടുവള്ളിയില്‍ 2013-14 സാമ്പത്തിക വര്‍ഷം വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കുന്നു. 2011-12 വര്‍ഷം മുതല്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിച്ചു നടപ്പിലാക്കിവരുന്ന സമ്പൂര്‍ണം കൊടുവള്ളി സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണിത്.
ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും സോളാര്‍ പാനല്‍ സ്ഥാപിച്ച് സമ്പൂര്‍ണം സോളാര്‍ വൈദ്യുതി പദ്ധതി നടപ്പാക്കും. മറ്റൊരു പദ്ധതിയായ സമ്പൂര്‍ണം ക്ഷീര വിപ്ലവം പദ്ധതി വഴി ക്ഷീര സംഘങ്ങള്‍ മുഖേന 500 കര്‍ഷകര്‍ക്ക് കീടാരികളെ നല്‍കും.
ബ്ലോക്കിലെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കും. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. സമ്പൂര്‍ണം പച്ചക്കറി ഗ്രാമം പദ്ധതി വഴി പച്ചക്കറി, പഴം ഗ്രാമങ്ങള്‍ തുടങ്ങും. പച്ചക്കറി ചന്തയും വീടുകളില്‍ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും.
സമ്പൂര്‍ണം റോഡ് വികസന പദ്ധതി വഴി ബ്ലോക്കിലെ മുഴുവന്‍ റോഡുകളും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കും. സമ്പൂര്‍ണം ഗ്യാസ് കണക്ഷന്‍ പദ്ധതിയില്‍ ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വെയ്സ്റ്റ് ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും.
ബ്ലോക്കില്‍ ഒരു വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കും. ഭവനരഹിതര്‍ക്ക് വീടും വൈദ്യുതിയും ലഭ്യമാക്കുന്ന സമ്പൂര്‍ണം ഭവന പദ്ധതി നടപ്പിലാക്കാനും ലക്ഷ്യമിടുന്നുണ്ട്. നെല്‍കൃഷി പ്രോത്സാഹനം, കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കിക്കൊണ്ട് ശാസ്ത്രീയ കൃഷി നടപ്പിലാക്കുന്ന സമ്പൂര്‍ണം നൂറുമേനി പദ്ധതി, സമ്പൂര്‍ണം കേരവികസന പദ്ധതി വഴി ക്ലസ്റ്റര്‍ രൂപവത്കരിച്ച് വളം, ഇടവിള വിത്തുകള്‍ വിതരണം, വ്യാപകമായി നാളികേര ക്ലസ്റ്ററുകള്‍, സി സി ബി സഹകരണത്തോടെ നാളികേരത്തിന്റെ ചങ്ങാതിക്കൂട്ടം വഴി 380 പേര്‍ക്ക് തെങ്ങുകയറ്റ പരിശീലനം, സമ്പൂര്‍ണം മത്സ്യവികസന പദ്ധതി വഴി 200 മത്സ്യകൃഷി യൂനിറ്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
സമ്പൂര്‍ണം ശിശു വികസന പദ്ധതി വഴി കെട്ടിടമില്ലാത്ത മുഴുവനും അങ്കണ്‍വാടികള്‍ക്കും കെട്ടിടം, 300 അങ്കണ്‍വാടികള്‍ക്ക് ഗ്യാസ് കണക്ഷന്‍, 300 അങ്കണ്‍വാടികള്‍ക്ക് പ്രഷര്‍ കുക്കര്‍, 200 അങ്കണ്‍വാടികള്‍ക്ക് കണ്ടയിനര്‍, അങ്കണ്‍വാടികള്‍ക്ക് ഊഞ്ഞാല്‍, മുഴുവന്‍ അങ്കണ്‍വാടികള്‍ക്കും വൈദ്യുതി, സമ്പൂര്‍ണം വനിതാ നിയമസഹായ ക്ലിനിക്ക് വഴി വനിതകള്‍ക്ക് നിയമ ബോധവത്കരണ ക്ലാസുകള്‍, സൗജന്യ നിയമോപദേശത്തിന് ബ്ലോക്കില്‍ സ്ഥിരം ഓഫീസ്, സമ്പൂര്‍ണം പ്രതിഭ പദ്ധതി, വോളിബോള്‍, ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, കബഡി കോച്ചിംഗ് ക്യാമ്പുകള്‍ നടപ്പിലാക്കും. സമ്പൂര്‍ണം പട്ടിക ജാതി വികസന പദ്ധതി വഴി തൊഴില്‍പരിശീലനം, ബോധവത്കരണക്യാമ്പ്, സാംസ്‌കാരിക നിലയങ്ങളും കുടിവെള്ള പദ്ധതികളും കോളനി നവീകരണ പാക്കേജ്, എസ് ടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം, സമ്പൂര്‍ണം ജലവിഭവം പദ്ധതി, ബ്ലോക്ക് പഞ്ചായത്തില്‍ നൂറ് കുഴല്‍കിണറുകള്‍, ആയിരം ജലസേചന കിണറുകള്‍, ചെക്ക്ഡാമുകളും കുടിവെള്ളപദ്ധതികളും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു.
സമ്പൂര്‍ണം സാക്ഷരതാ പദ്ധതി പ്രകാരം ആയിരം പഠിതാക്കള്‍ക്ക് പത്താംതരം തുല്യതാ പരീക്ഷ, സൗജന്യ പരീക്ഷാഫീസ്, ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍, എല്‍ സി ഡി, 18 സാക്ഷരതാ കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍, സമ്പൂര്‍ണം സമഗ്രം പദ്ധതി വഴി എം ജി എന്‍ ആര്‍ ഇ ജി എസ്സിന് 14 കോടി രൂപയുടെ പദ്ധതി, തൊഴിലുറപ്പ് പദ്ധതി വഴി ജലസേചന കിണറുകള്‍, ചെക്ക് ഡാം, ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ വെബ്‌സൈറ്റ്, വിവരാവകാശ രേഖ പുനഃക്രമീകരണം, ബ്ലോക്കില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
പഞ്ചായത്ത് വികസന ഫണ്ടുകളും കേന്ദ്ര – സംസ്ഥാന, എം പി, എം എല്‍ എ ഫണ്ടുകളും മറ്റ് ഏജന്‍സികളില്‍നിന്നുള്ള ഫണ്ടുകളും ഉള്‍പ്പെടുത്തി അവ സംയോജിപ്പിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വികസന പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം നാളെ ഉച്ചക്ക് 12 മണിക്ക് കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പട്ടികജാതി പിന്നോക്കക്ഷേമ-ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും.
ചടങ്ങില്‍ വി എം ഉമ്മര്‍മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. വ്യവസായ എസ്റ്റേറ്റ് സമ്മതപത്ര വിതരണം എം കെ രാഘവന്‍ എം പിയും സമ്പൂര്‍ണം ബയോഗ്യാസ് കണക്ഷന്‍ വിതരണം എം ഐ ഷാനവാസ് എം പിയും നിര്‍വഹിക്കും. സമ്പൂര്‍ണം ശിശുസംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഊഞ്ഞാല്‍ വിതരണം സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ആശംസാപ്രസംഗം നടത്തും.

Latest