Connect with us

International

ഭൂചലനം: പാക്കിസ്ഥാനില്‍ മരണം 35 ആയി

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ പാക്കിസ്ഥാനില്‍ മരിച്ചവരുടെ എണ്ണം 35 ആയി. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഭൂകമ്പ മാപിനിയില്‍ 7.8 അടയാളപ്പെടുത്തിയ ഭൂചലനത്തിന്റെ ഉറവിടം ഇറാനിലാണെങ്കിലും പാക്കിസ്ഥാനിലെ ബലുചിസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. ബലുചിസ്ഥാനില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും തകര്‍ന്ന കെട്ടിടത്തിനടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും രക്ഷാ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാ പ്രവര്‍ത്തനത്തിനായി ബലുചിസ്ഥാന്‍ സര്‍ക്കാര്‍, സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. അതിനിടെ, ഭൂചലനത്തില്‍ ഇറാനില്‍ നൂറോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇത് പിന്നീട് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി നിഷേധിച്ചു. ഇറാനില്‍ ഒരാള്‍ മാത്രമാണ് മരിച്ചത്. ഇറാനിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഹൈദാന്‍ നഗരത്തില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു ചലനം അനുഭവപ്പെട്ടത്. ഇതിന്റെ തുടര്‍ ചലനം വടക്കേ ഇന്ത്യയിലും സഊദി അറേബ്യ, കുവൈത്ത്, അബൂദബി, ഒമാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഉണ്ടായിരുന്നു. ഇറാനില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ബലുചിസ്ഥാന്‍ പ്രവിശ്യയിലെ പ്രധാനപാതകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ഭൂചലനത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

---- facebook comment plugin here -----

Latest