പരിയാരം മെഡിക്കല്‍ കോളജ്: തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു- എം വി ജയരാജന്‍

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:47 am

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ തീരുമാനം അട്ടിമറിക്കുകയാണെന്ന് കോളജ് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചിട്ടുണ്ടെന്നും എം വി രാഘവന്റെ അഭിപ്രായം അറിഞ്ഞ ശേഷമേ ഇതേകുറിച്ച് ആലോചിക്കുകയുള്ളൂ എന്നുമുള്ള കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഭരണ കാലത്ത് പരിയാരത്ത് നടന്നത് വിദ്യാഭ്യാസ കച്ചവടമായിരുന്നു. ഇതിന് അറുതി വരുത്തുകയും ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കി സ്ഥാപനത്തെ ജനകീയ മാക്കി മാറ്റിയതും ഇടതു ഭരണസമിതിയാണ്. മെഡിക്കല്‍ കോളജിനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനുള്ള പദ്ധതികളാണ് ഇപ്പോഴത്തെ ഭരണസമിതി ചെയ്യുന്നത്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് സഹകരണമന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാലിപ്പോള്‍ കെ പി സി സി പ്രസിഡന്റ് പറയുന്നത് തീരുമാനം മരവിപ്പിച്ചെന്നാണ്. ഇതു സംബന്ധിച്ച് ഇന്ന് കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിയോടാണ് മാധ്യമങ്ങള്‍ അഭിപ്രായം ആരായേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിനെ നേരത്തെ വിദ്യാഭ്യാസ കച്ചവട കേന്ദ്രമാക്കി മാറ്റിയവരുടെ കൈകളിലേക്കെത്തിക്കാനുള്ള ഗൂഢനിക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.