ഹൈക്കോടതി വിധി ജില്ലാ ഭരണകൂടം അട്ടിമറിക്കുന്നതായി പരാതി

Posted on: April 18, 2013 1:54 am | Last updated: April 18, 2013 at 1:54 am

കോഴിക്കോട്: കടലുണ്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ചാലിയം ടിമ്പര്‍ ടിപ്പോയുടെ പടിഞ്ഞാറ് വശത്തെ രണ്ട് ഏക്കറോളം വരുന്ന ഭൂമി താമസക്കാര്‍ക്ക് പതിച്ചു നല്‍കണമെന്ന ഹൈക്കോടതി വിധി ജില്ലാ’ഭരണകൂടം അട്ടിമറിക്കുന്നതായി പരാതി. ഇത് കാരണം പ്രദേശത്തെ താമസക്കാരായ കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന് ചാലിയം സ്വദേശികളായ ചെറുപുരക്കല്‍ സുബൈദ, നാലകത്ത് ഫാത്വിമ, വയലിലകത്ത് ഫൗസിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവിടെയുള്ള താമസക്കാര്‍ക്ക് നേരത്തെ റേഷന്‍ കാര്‍ഡും കെട്ടിട നമ്പറുമെല്ലാം കിട്ടിയിരുന്നു. എന്നാല്‍ ഇത് വനഭൂമിയാണെന്ന് കാണിച്ച് വീടുകള്‍ പൊളിച്ചു നീക്കാന്‍ വനം വകുപ്പ് അധികൃതര്‍ ശ്രമം നടത്തിയിരുന്നു. ഇത് തടഞ്ഞ താമസക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ഥലം വനഭൂമിയാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതി കേസ് തള്ളുകയും ചെയ്തു. സ്ഥലം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് അന്നത്തെ കലക്ടര്‍ ഇക്കാര്യത്തിന് തഹസില്‍ദാരെ ചുമതലപ്പെടുത്തിയെങ്കിലും പരിശോധന നടത്തിയില്ല. ഇതിനെതിരെ ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ ജില്ലാ കലക്ടര്‍ ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് 2012 ഒക്‌ടോബര്‍ 16 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാര്‍ പറഞ്ഞു.