തോക്ക് ചൂണ്ടി കവര്‍ച്ചാ ശ്രമം : രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Posted on: April 18, 2013 1:51 am | Last updated: April 18, 2013 at 1:51 am

കോഴിക്കോട്: തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ ആവശ്യപ്പെട്ട കേസില്‍ രണ്ട് പേരെ കൂടി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. നല്ലളം ഉള്ളിശേരികുന്ന് നടുവിലേടത്ത് വീട്ടില്‍ സുനില്‍ കുമാര്‍ (22), പാലാഴി പാലമഠത്തില്‍ വീട്ടില്‍ സൂരജ് (24) എന്നിവരെയാണ് ഇന്നലെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തതത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 12 പ്രതികള്‍ ഉള്ള കേസില്‍ ഇനി ആറു പേരാണ് പിടിയിലാകാനുള്ളത്. 
ഇവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും വീട്ടില്‍ നിന്നും മുങ്ങിയ പ്രതികളെല്ലാം ഒളിവിലാണെന്ന് നടക്കാവ് എസ് ഐ ദിനേശന്‍ കോറോത്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മംഗലോളി വീട്ടില്‍ രഞ്ജിത്ത് എന്ന കാക്ക രഞ്ജിത് (30), ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ മലപ്പുറം അരിയല്ലൂര്‍ ‘ഭക്തവത്സലന്‍ (47), മലപ്പുറം സ്വദേശി കെ പി ഗോപി (50), തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രാജേഷ് (27)എന്നിവരെ കഴിഞ്ഞ ദിവസം നടക്കാവ് പോലീസ് പിടികൂടിയിരുന്നു.
ഈ മാസം നാലിന് കോഴിക്കോട് മിനി ബൈപ്പാസിലെ സിഡി ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ പാര്‍ട്ണര്‍മാരായ അരുണ്‍കുമാര്‍, അന്‍വര്‍ സാദിഖ് എന്നിവരെ തോക്കിചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായാണ് കേസ്.
പ്രതികള്‍ക്കെതിരെ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തല്‍, ആംസ് ആക്ട എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.