പാസ്‌പോര്‍ട് എംബസി തിരികെ നല്‍കിയില്ല: ഇന്ത്യന്‍ തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു

Posted on: April 17, 2013 10:14 pm | Last updated: April 17, 2013 at 10:14 pm

മസ്‌കത്ത്: ചികിത്സക്ക് നാട്ടില്‍ പോകാനാകാതെ ഇന്ത്യന്‍ തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ റഹ്മത്തുല്ല അലി (32) ആണ് മരിച്ചത്. പുതുക്കാന്‍ നല്‍കിയ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ എംബസി തിരികെ നല്‍കാത്തത് മൂലം നാട്ടില്‍ വിദഗ്ധ ചികിത്സക്ക് പോകാനാകാതെയാണ് റഹ്മത്തുല്ല അലി മരിച്ചതെന്നാണ് ആരോപണമുയരുന്നത്. ഷിനാസില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് എംബസിയില്‍ നല്‍കിയ പാസ്‌പോര്‍ട് തിരികെ ലഭിക്കാത്തതിനാല്‍ ചികിത്സക്കായി നാട്ടില്‍ പോകാനായില്ലെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പത്ത് വര്‍ഷം കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാസ്‌പോര്‍ട് ഇന്ത്യന്‍ എംബസിയില്‍ പുതുക്കാന്‍ നല്‍കിയത്. എന്നാല്‍ പോലീസ് ക്ലിയറന്‍സ് ഇല്ലെന്ന് പറഞ്ഞ് പുതുക്കല്‍ നടന്നില്ല.
വീണ്ടും പാസ്‌പോര്‍ട്ട് പുതുക്കിയോ എന്ന് അന്വേഷിച്ചെങ്കിലും പോലീസ് ക്ലിയറന്‍സ് ഇല്ലന്ന കാരണം പറഞ്ഞ് പുതുക്കി നല്‍കിയില്ല. ഈ വര്‍ഷം ജൂണ്‍ വരെ കാലാവധിയുള്ളതിനാല്‍ നാട്ടില്‍ ചികിത്സക്ക് പോകാന്‍ തിരികെ ചോദിച്ചെങ്കിലും പാസ്‌പോര്‍ട് ലഭിച്ചില്ലെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. നേരത്തെയും ഇന്ത്യന്‍ എബസിയുടെ അനാസ്ഥയെ തുടര്‍ന്ന് യുവതി മരിച്ച സംഭവമുണ്ടായിരുന്നു. ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക് പോകാനിറങ്ങിയ മലയാളിയാണ് പാസ്‌പോര്‍ട് കാണാതായത് മൂലം മസ്‌കത്തിലേക്ക് തിരികെയച്ചത്. എക്‌സിറ്റ് അടിച്ച് വിട്ടതിനാല്‍ ഇനി യാത്രാ രേഖ നല്‍കില്ലെന്ന നിലപാടിലായിരുന്നു പാസ്‌പോര്‍ട് ഓഫീസ് അധികൃതര്‍. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാകാതെ രണ്ട് ദിവസത്തിന് ശേഷം മരുന്നും ഭക്ഷണവും ലഭിക്കാതെ ഇവര്‍ മരിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് എംബസിയിലെ പാസ്‌പോര്‍ട് വിഭാഗത്തില്‍ അഴിച്ചുപണിയുണ്ടായിരുന്നു. വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒമാനിലെ ഇന്ത്യക്കാരില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.