Connect with us

Gulf

ഐ സി എഫ് ദേശീയ സമ്മേളനം ഇന്ന്‌

Published

|

Last Updated

മസ്‌കത്ത്: ഒമാനിലെ സംഘടനാ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിന് ഇന്ന് റൂവി അല്‍ മാസാ ഹാള്‍ വേദിയാകും.
ഐ സി എഫിന് കീഴില്‍ ആവിഷ്‌കരിച്ച സമഗ്ര ദഅ്‌വ പരിശീലന പദ്ധതിയായ “രിബാത്” കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് സംഘടനയുടെ ദേശീയ സമ്മേളനം നടക്കുന്നത്. രാജ്യത്തിന്റെ വരും തലമുറയെ ധാര്‍മികമായി വാര്‍ത്തെടുക്കുന്നതിന് രംഗത്തിറങ്ങാന്‍ പ്രാപ്തമാക്കിയാണ് രിബാത് കോഴ്‌സിലൂടെ നിരവധി പേര്‍ക്ക് പരിശീലനം നല്‍കിയത്. സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്ത ശേഷം ആദ്യമായി ഒമാനിലെത്തുന്ന പൊന്‍മള ഉസ്താദിനെ സ്വീകരിക്കാന്‍ ആവേശ പൂര്‍വമാണ് പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത്. ഉച്ചക്ക് ഒരുമണിക്ക് മസ്‌കത്ത് എയര്‍പോര്‍ട്ടിലെത്തുന്ന പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ക്ക് ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ പ്രഭാഷണം നടത്തും. വൈകീട്ട് എട്ടിന് തുടങ്ങുന്ന സമ്മേളനത്തില്‍ ആയിരങ്ങള്‍ സംഗമിക്കും. വിശ്വാസി ഹൃദയങ്ങളില്‍ ആവേശം പകര്‍ന്ന മുഹമ്മദ് ഫഹദുദ്ദീന്‍ അല്‍ ഫര്‍ത്വവി നയിക്കുന്ന ലദല്‍ ഹബീബ് ബുര്‍ദ സംഗമത്തിന്റെ ബുര്‍ദ ആസ്വാദനം സമ്മേളനത്തെ വ്യത്യസ്ഥമാക്കും.
വിവിധ മദ്‌റസകള്‍ തമ്മിലുള്ള ദഫ് മത്സരം, കൊളാഷ് പ്രദര്‍ശനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഒരേ യൂനിഫോം അണിഞ്ഞ രിബാത് അംഗങ്ങളുടെ പരേഡ് സമ്മേളനത്തിന്റെ പ്രധാന സവിശേഷതയാണ്. യൂനിറ്റ് സന്ദര്‍ശനം. രിബാത് അംഗങ്ങള്‍ക്കുള്ള പരീക്ഷ, പഠന സംഗമങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ സമ്മേളനത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. ജനകീയമായ പരിപാടികളാണ് വിവിധ സമയങ്ങളിലായി സംഘടിപ്പിച്ചത്. ശാസ്ത്രീയമായ സംവിധാനങ്ങളോടെ സംഘടന, സംഘാടനം, ആത്മീയ ഗുരുക്കള്‍, പ്രാസ്ഥാനികം, ഐ ടി, സാമ്പത്തികാസൂത്രണം, പ്രബോധനം എന്നീ വിഷയങ്ങളിലായിരുന്നു പഠന സംഗമങ്ങള്‍ നടത്തിയത്.
കഴിഞ്ഞ ദിവസം നടന്ന രിബാത് പരീക്ഷയില്‍ വിജയികളായവര്‍ക്ക് സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. രിബാത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അജ്മീര്‍ യാത്രാ സംഘം ഏപ്രില്‍ 23ന് പുറപ്പെടും. ഇന്ത്യയിലെ ചരിത്ര നഗരികള്‍ സംഘം സന്ദര്‍ശിച്ച് 27ന് പുലര്‍ച്ചെ ഒമാനിലേക്കു തിരിക്കും. രിബാത് അംഗങ്ങളും പ്രവര്‍ത്തകരും എട്ട് മണിക്ക് മുമ്പ് ഹാളില്‍ എത്തിച്ചേരണമെന്ന് ഐ സി എഫ് നാഷണല്‍ നേതാക്കളായ, അബ്ദുല്‍ ഹകീം സഅദി, ഉസ്മാന്‍ സഖാഫി മൂത്തേടം, ഇസ്ഹാഖ് മട്ടന്നൂര്‍ മുസ്ത്വഫ ഹാജി എന്നിവര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest