അമിത് മിശ്രക്ക് ഹാട്രിക്ക്: ഹൈദരാബാദിന് ഉജ്ജ്വല ജയം

Posted on: April 17, 2013 8:36 pm | Last updated: April 17, 2013 at 8:36 pm

പൂനെ: അമിത് മിശ്രയുടെ ഹാട്രിക് മികവില്‍ ഹൈദ്രബാദ് സണ്‍റൈസേഴ്‌സിന് 11 റണ്‍സ് ജയം. പൂനെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബൗളന്‍മാരുടെ മികച്ച പ്രകടനമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. താരതമ്യേന കുറഞ്ഞ സ്‌കോറിനെതിരെ പൊരുതാനിറങ്ങിയ പൂനെയ്ക്ക് പക്ഷെ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റി. ആറ് പന്ത് അവശേഷിക്കെ പൂനെ 108 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. പൂനെയുടെ നാല് ബാറ്റ്‌സ്മാന്‍മാരാണ് ഡക്കായത്.

പതിനെട്ടാമത്തെ ഓവറില്‍ ആഞ്ജലോ മാത്യൂസ്, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ശര്‍മ്മ, അശോക് ധിന്‍ധ എന്നിവരെയാണ് അമിത് മിശ്ര പുറത്താക്കിയത്. ഹാട്രിക് നേടിയ അമിതിന് ഒരു പന്തിന്റെ വ്യത്യാസത്തിലാണ് തുടര്‍ച്ചയായി നാല് വിക്കറ്റെന്ന് നേട്ടം നഷ്ടമായത്. ഹൈദരാബാദിന് വേണ്ടി തിസാര പെരേര മൂന്ന് വിക്കറ്റ് വീഴ്ത്തി.

റോബിന്‍ ഉത്തപ്പ(22)യും ഫിഞ്ചും(16) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് പൂനെയ്ക്ക് നല്‍കിയത്. മധ്യനിര ബാറ്റ്‌സ്മാന്‍മാരാരും 20 റണ്‍സിനപ്പുറം കണ്ടെത്താതിരുന്നതും വാലറ്റം പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയതുമാണ് പൂനെയുടെ തോല്‍വിയ്ക്ക കാരണമായത്.

പൂനെ ബൗളര്‍മാര്‍ക്ക് മുന്നില്‍ സണ്‍റൈസേഴ്‌സിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കളിമറന്ന മത്സരത്തില്‍
യുവതാരം സമാന്ത്രെയും അമിത് മിശ്രയും ആശിഷ് റെഡ്ഡിയും മാത്രമാണ് സണ്‍റൈസേഴ്‌സിന് വേണ്ടി പൊരുതുകയെങ്കിലും ചെയ്തത്. എട്ടാം വിക്കറ്റില്‍ ഒന്നിച്ച അമിത് മിശ്ര(30) ആശിഷ് റെഡ്ഡി(19) കൂട്ടുകെട്ടാണ് ഹൈദരാബാദിനെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത്.

പൂനെയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഭുവനേശ്വര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.