സിറിയക്കുള്ള സഹായം അവസാനിപ്പിക്കും: യു എന്‍

Posted on: April 17, 2013 5:59 am | Last updated: April 17, 2013 at 12:09 am

വാഷിംഗ്ടണ്‍: സിറിയയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ കുരുതി അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്ന് യു എന്‍. യു എന്നിന്റെ വിവിധ ഏജന്‍സികളുടെ പ്രതിനിധികളാണ് ഈ ആവശ്യമുന്നയിച്ചത്. സിറിയക്ക് നല്‍ക്കുന്ന എല്ലാ സഹായവും അവസാനിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയന്‍ പ്രക്ഷോഭ നഗരങ്ങളില്‍ വ്യാപകമായ തോതില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നും യു എന്‍ വക്താക്കള്‍ അറിയിച്ചു. സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ സൈന്യം നടത്തുന്ന ആക്രമണങ്ങളും പ്രക്ഷോഭകര്‍ നടത്തുന്ന സ്‌ഫോടനങ്ങളും അതിരുകടന്നിരിക്കുകയാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രായോഗികമായ രാഷ്ട്രീയ പരിഹാരങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവെക്കണമെന്നും യു എന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നൂറുക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടതെന്നും പതിനായിരങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും യു എന്‍ വക്താക്കള്‍ ചൂണ്ടിക്കാട്ടി.