കാലാവസ്ഥാ വ്യതിയാനം: മാമ്പഴ ഉത്പാദനം കുത്തനെ കുറഞ്ഞു

Posted on: April 16, 2013 6:00 am | Last updated: April 15, 2013 at 10:41 pm

കണ്ണൂര്‍ :കാാലാവസ്ഥാ മാറ്റം മൂലം സംസ്ഥാനത്ത് ഇക്കുറി മാങ്ങ ഉത്പാദനം ഗണ്യമായി കുറഞ്ഞു. മഴയുടെ ലഭ്യതക്കുറവും കടുത്ത ചൂടും മൂലം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് മാങ്ങ ഉത്പാദനം കേരളത്തില്‍ എഴുപത് ശതമാനമായി കുറഞ്ഞത്. കാലാവസ്ഥാ വ്യതിയാനം ഏതാനും വര്‍ഷങ്ങളായി പ്രതികൂലമായി ബാധിക്കാറുണ്ടെങ്കിലും ഇത്തവണ മഴയുടെ തോത് തീര്‍ത്തും ഇല്ലാതായതാണ് സംസ്ഥാനത്തെ വടക്കും തെക്കും മേഖലകളില്‍ മാങ്ങ ഉത്പാദനം കുറയാനിടയാക്കിയത്. കേരളത്തില്‍ പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്തും ഒലവക്കോട്, ഒറ്റപ്പാലം എന്നിവിടങ്ങളിലും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലുമാണ് കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്നത്. പാലക്കാട് ജില്ലയില്‍ മുതലമട, കൊല്ലങ്കോട് മേഖലകളില്‍ വ്യാപാര ആവശ്യത്തിനായി വന്‍തോതില്‍ ഉത്പാദനമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കും വന്‍തോതിലാണ് എല്ലാ വര്‍ഷവും ഇവിടെ നിന്ന് മാങ്ങ കയറ്റിയയക്കാറുള്ളത്. കണ്ണൂരുള്‍പ്പെടെയുള്ള മറ്റിടങ്ങളില്‍ നിന്നും ചെറിയ തോതില്‍ മാങ്ങ കയറ്റുമതി ചെയ്യാറുണ്ട്.
കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് രാജ്യത്ത് ഏറ്റവുമാദ്യം മാമ്പഴ സീസണ്‍ തുടങ്ങുന്ന സംസ്ഥാനം കേരളമാണ്. മാവ് കൃഷിയുള്ള സംസ്ഥാനത്തെ ഏകദേശം എഴുപതിനായിരം ഹെക്ടര്‍ സ്ഥലത്തും പ്രധാനമായും നാടന്‍ മാവിനങ്ങളാണ് വളരുന്നത്. കേരളത്തിലെ വിവിധ ഫാമുകളിലെയും കര്‍ഷകരുടെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ പ്രിയോര്‍, നാലം, കലപ്പാടി, മുണ്ടടപ്പ, ബങ്കനപ്പള്ളി തുടങ്ങിയ ഇനങ്ങളും പാലക്കാട്, തൃശൂര്‍ മേഖലകളില്‍, വിപണന സാധ്യത മുന്‍നിര്‍ത്തി യഥേഷ്ടം കൃഷി ചെയ്യുന്നുണ്ട്. സീസണിന്റെ ആദ്യം തന്നെ കായ്ക്കുന്നതിനാല്‍ കമ്പോളത്തില്‍ നല്ല വില കിട്ടുന്ന ‘ബങ്കനപ്പള്ളി’ എന്ന ഇനമാണ് കേരളത്തില്‍ നിന്ന് ഏറ്റവുമധികം കയറ്റിയയക്കുന്നത്. ഏതാണ്ട് പത്ത്, പതിനാല് സെന്റീമീറ്റര്‍ നീളവും എട്ട്, ഒമ്പത് സെന്റീമീറ്റര്‍ വീതിയുമുള്ള സ്വര്‍ണ നിറമുള്ള ഈ മാമ്പഴത്തിന് വിദേശത്ത് ആവശ്യക്കാരേറെയാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചതും ഈ ഇനത്തില്‍പ്പെട്ട മാങ്ങകളെയാണ്. കടുത്ത ചൂടുള്ളതിനാല്‍ മാങ്ങയുടെ ഉള്ളിലെ ജലാംശം തീരെയില്ലാതാകുകയും ഇവ പെട്ടെന്ന് കേടുവന്ന് നശിക്കുകയും ചെയ്യുന്നു. കേടില്ലാത്ത മാങ്ങക്കാണെങ്കില്‍ രുചി വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. പാലക്കാട്ട് ഇത്തവണ പതിവിലും നേരത്തെ ചൂട് കൂടിയതാണ് മാങ്ങകള്‍ തീര്‍ത്തും കേട് വരാനിടയാക്കിയതെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 1,300 രൂപക്ക് ഒരു പെട്ടി മാമ്പഴം വില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇത്തവണ രുചിവ്യത്യാസവും മറ്റും മൂലം പകുതി വിലക്ക് മാങ്ങ വില്‍ക്കേണ്ടിവന്നതായി കര്‍ഷകര്‍ പറഞ്ഞു.
തൃശൂരില്‍ പ്രചാരത്തിലുള്ള ‘പ്രിയോര്‍’ മാങ്ങകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. ഡിസംബര്‍ അവസാനം പൂവണിയുകയും മാര്‍ച്ചില്‍ മാങ്ങ പറിച്ചെടുക്കാന്‍ കഴിയുകയും ചെയ്യുന്ന ഇത്തരം മാവിനങ്ങളിലും കാലാവസ്ഥാ മാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നാട്ടുരുചിയുടെ മാധുര്യത്താല്‍ സ്വദേശത്തും വിദേശത്തും ഒരു പോലെ പ്രിയങ്കരമായ കണ്ണൂരിലെ കുറ്റിയാട്ടൂര്‍ മാങ്ങയുടെ ഉത്പാദനത്തിലും ഇത്തവണ വന്‍ ഇടിവാണുണ്ടായത്. 16 വാര്‍ഡുകളുള്ള കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 982 മാവ് കര്‍ഷകരാണ് മാങ്ങ ഉത്പാദനത്തിലെ കനത്ത കുറവ് മൂലം ഇക്കുറി പ്രതിസന്ധിയിലായത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 45 കോടിയുടെ മാങ്ങ പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നതില്‍ 18 കോടി കുറ്റിയാട്ടൂര്‍ മാങ്ങയുടെ വിപണനത്തില്‍ നിന്നാണ് ലഭിച്ചതെന്നാണ് കണക്ക്. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മാവ് പൂവിടാറുള്ളതെങ്കില്‍ ഇക്കുറി കാലാവസ്ഥാ മാറ്റം മൂലം ഫെബ്രുവരിയിലാണ് പൂവിട്ടത്. എന്നാല്‍ മാര്‍ച്ച് മാസത്തോടെ തുടങ്ങിയ കൊടും ചൂടില്‍ പൂക്കള്‍ പൂര്‍ണമായും കരിഞ്ഞുപോകുകയായിരുന്നു.
സംസ്ഥാനത്തിന്റെ വടക്കും തെക്കും മേഖലകളിലുള്ള നാട്ടിന്‍പുറങ്ങളിലെ നാടന്‍ മാവിനങ്ങളില്‍ നിന്നുള്ള മാങ്ങ ഉത്പാദനവും ഇത്തവണ തീര്‍ത്തും ഇല്ലാതായി. തടി ആവശ്യത്തിനായി മാവുകള്‍ മുറിച്ചുമാറ്റിയതുമൂലം നാടന്‍ മാവിനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. കേരളത്തിലെ കാലാവസ്ഥക്കനുസരിച്ച് വളരാന്‍ കഴിവുള്ള ഇത്തരം ഇനങ്ങളില്‍ നിന്ന് നല്ല അളവില്‍ മാങ്ങ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ കൊടും ചൂട് ഇവയെയും പ്രതികൂലമായി ബാധിച്ചു.