Connect with us

Lokavishesham

വെനിസ്വേല പോളിംഗ് ബൂത്തിലെത്തുമ്പോള്‍

Published

|

Last Updated

“കാരക്കാസിലെ ചാപ്പലില്‍ ഞാന്‍ പ്രര്‍ഥനാനിരതനായി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ആകാശത്ത് നിന്ന് ഒരു ചെറിയ കിളി പറന്നു വന്ന് എന്റെ തോളത്തിരുന്നു. നമ്മെ വിട്ടുപിരിഞ്ഞ കമാന്‍ഡര്‍ ഹ്യൂഗോ ഷാവേസിന്റെ ആത്മാവായിരുന്നു അത്. കിളി എന്നോട് പറഞ്ഞു: വെനിസ്വേലയെ നയിക്കാനായി ഏല്‍പ്പിക്കപ്പെട്ടവനാണ് നീ. വിജയം സുനിശ്ചിതമാണ്”- ബാരിനാസിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വെനിസ്വേലയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ നിക്കോളാസ് മദുറോ പറഞ്ഞ കഥയാണിത്. പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്റിക് കാപ്രിലസിന്റെ അനുയായികളും പാശ്ചാത്യ മാധ്യമങ്ങളും പരിഹാസപൂര്‍വമാണ് ഈ കഥയെ എതിരേറ്റത്. കാപ്രിലസ് തന്റെ പ്രസംഗത്തില്‍ മദുറോയെ ശരിക്കും കളിയാക്കി. അന്ധവിശ്വാസം വളര്‍ത്തുന്നുവെന്നും പരാജയഭീതിയില്‍ പിച്ചും പേയും പറയുന്നുവെന്നും കാപ്രിലസ് തുറന്നടിച്ചു. പക്ഷേ, മദുറോക്ക് ഒരു കുലുക്കവുമില്ല. അദ്ദേഹം അടുത്ത വേദിയിലും പ്രചാരണത്തിന്റെ കലാശവേദിയിലും കിളിക്കഥ ആവര്‍ത്തിച്ചു. അനുയായികള്‍ ആര്‍ത്തു വിളിച്ചു. ഷാവേസിന്റെ ഓര്‍മകളില്‍ ചിലര്‍ വിതുമ്പി. ചിലര്‍ മദുറോയെ തൊടാനായി വേദിയിലേക്ക് ഇരച്ചുകയറി. മറ്റു ചിലര്‍, മരണത്തിലേക്ക് നടന്നുപോയ നേതാവിന്റെ സ്മരണകളില്‍ സ്വയം നഷ്ടപ്പെട്ട് അനങ്ങാതെയിരുന്നു.
ഷാവേസ് വെനിസ്വേലന്‍ ജനതയുടെ വികാരമാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വീര നായക പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഭരണാധിപന്‍ എന്നതില്‍ നിന്ന് ഒരു തരം കാല്‍പ്പനികമായ ഔന്നിത്യം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കത്തോലിക്കാ വിശ്വാസത്തിന്റെ ഉപകരണങ്ങളും പ്രതീകങ്ങളും അദ്ദേഹം ആവോളം ഉപയോഗിച്ചു. കടുത്ത ദൈവവിശ്വാസിയായ ഷാവേസ് തന്നെ സ്വയം അവതരിപ്പിച്ചത് രക്ഷകനായാണ്. ബൊളിവേറിയന്‍ വിപ്ലവ പാരമ്പര്യത്തേയും ക്യൂബന്‍ വിപ്ലവകാരി ഫിഡല്‍ കാസ്‌ട്രോയുടെ സൗഹൃദത്തേയും തന്റെ സോഷ്യലിസ്റ്റ് സ്വത്വത്തിന് ഷാവേസ് ഉപയോഗിച്ചപ്പോള്‍ ക്രിസ്തുവിനെ കൂടെക്കൂട്ടി. അങ്ങനെ, തികച്ചും വ്യത്യസ്തമായ മറ്റൊരു തലം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മരിച്ചപ്പോള്‍ സ്വാഭാവികമായും ഒരു ഇതിഹാസത്തിന്റെ കടും വര്‍ണങ്ങളിലേക്ക് അദ്ദേഹത്തിന്റെ വാക്കുകളും ചലനങ്ങളും പരാവര്‍ത്തനം ചെയ്യപ്പെട്ടു. വീരാരാധനയുടെ പാരമ്യത്തിലേക്ക് വെനിസ്വേലന്‍ ജനതയില്‍ ഭൂരിപക്ഷവും എടുത്തെറിയപ്പെട്ടു. “എനിക്ക് മറ്റൊന്നും നോക്കാനില്ല. ഷാവേസ് ചൂണ്ടിക്കാണിച്ച വ്യക്തിയാണ് നിക്കോളാസ് മദുറോ മോര്‍സ്. അതുമാത്രം മതി എന്റെ വോട്ട് ആര്‍ക്കെന്ന് തീരുമാനിക്കാന്‍”- മുപ്പതുകാരിയായ അധ്യാപിക കാരക്കാസില്‍ പറഞ്ഞു. ഈ വാക്കുകള്‍ ഗോദയില്‍ എന്ത് നടക്കുന്നുവെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു. 1 കോടി 89 ലക്ഷം വോട്ടര്‍മാര്‍. 88 രാജ്യങ്ങളിലായി ഒരു ലക്ഷം പ്രവാസി വോട്ടര്‍മാര്‍ക്ക് സൗകര്യം. 170 വിദേശ നിരീക്ഷകര്‍. ഇത് വായിക്കുമ്പോള്‍ ബൂത്തുകള്‍ സജീവമായി തുടങ്ങിയിരിക്കും.
ഷാവേസ് ഒഴിച്ചിട്ട കസേരയില്‍ ആരിരിക്കുമെന്ന് നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും പരമ്പരാഗത തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പിന്നോട്ട് പോകുകയും കഴിഞ്ഞ മാസം അഞ്ചിന് അസ്തമിച്ച ഷാവേസെന്ന സൂര്യന്‍ മാത്രം ഉദിച്ച് നില്‍ക്കുകയും ചെയ്യുന്നു. കാപ്രിലസും മദുറോയും സംസാരിക്കുന്നത് ഷാവേസിനെക്കുറിച്ചാണ്. അന്‍പതുകാരനായ മദുറോക്ക് തന്റെ ഗുരുവിനെപ്പോലെ ആളെക്കൂട്ടാനുള്ള കഴിവില്ല. അദ്ദേഹം വാക്ചാതുര്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. പഴയ ഡ്രൈവറും തൊഴിലാളി യൂനിയന്‍ നേതാവുമായ മദുറോ എല്ലാ കാലത്തും ഷാവേസിന്റെ നിഴലിലായിരുന്നു. വിദേശകാര്യ മന്ത്രിയാക്കിയതും വൈസ് പ്രസിഡന്റാക്കിയതും ഒടുവില്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഭാവിയിലേക്ക് വഴി തുറന്നതും ഷാവേസാണ്. അതുകൊണ്ട് ഷാവേസിന്റെ വാക്കും ശൈലിയും തന്നെയാണ് മദുറോയുടെ ആയുധം. “ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മദുറോ” എന്നാണ് ഔദ്യോഗിക മുദ്രാവാക്യം. “ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മദുറോക്ക്” എന്നര്‍ഥം. യുവാക്കളുടെ ടീ ഷര്‍ട്ടുകളില്‍ ഈ വാക്കുകള്‍ ഷാവേസിന്റെ ചിത്രത്തിനൊപ്പം നീണ്ടുനിവര്‍ന്നു കിടക്കുന്നു.
മദുറോയുടെ കുറ്റങ്ങളും കുറവുകളും നിരത്തുന്ന കാപ്രിലസ് ക്യാമ്പും ചെന്നെത്തുന്നത് ഷാവേസിലാണ്. അദ്ദേഹവുമായി മദുറോയെ താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നുവെച്ചാല്‍ ഷാവേസിന്റെ അദൃശ്യസാന്നിധ്യത്തെ അവഗണിച്ച് മുന്നോട്ടു പോകാന്‍ പ്രതിപക്ഷത്തിനും സാധിക്കുന്നില്ലെന്നു തന്നെ. ഷാവേസിന്റെ വിദേശ നയത്തെ പതിഞ്ഞ മട്ടിലേ ഇപ്പോള്‍ അവര്‍ വിമര്‍ശിക്കുന്നുള്ളൂ. രാജ്യത്തിന്റെ എണ്ണ സമ്പത്ത് രാഷ്ട്രീയ അജന്‍ഡകള്‍ക്ക് ഉപയോഗിച്ചുവെന്നാണ് പ്രധാന കുറ്റം. ക്യൂബ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഷാവേസ് കൈയയച്ച് നല്‍കിയ സഹായങ്ങള്‍ തന്നെയാണ് ഈ വിമര്‍ശത്തിന്റെ അടിസ്ഥാനം. പാശ്ചാത്യ രാജ്യങ്ങളോട് അദ്ദേഹം പുലര്‍ത്തിയ ശത്രുതാപരമായ സമീപനം അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ ഒറ്റപ്പെടുത്തിയെന്നും ആഗോള സാങ്കേതിക വികാസത്തിന്റെ ഗുണഫലങ്ങള്‍ ഒന്നും വെനിസ്വേലക്കാര്‍ക്ക് കരഗതമായില്ലെന്നും ശരാശരിക്കാരുടെ വെനിസ്വേലയാണ് ഷാവേസ് സ്വപ്‌നം കണ്ടതെന്നും കാപ്രിലസ് തന്റെ എല്ലാ പ്രസംഗങ്ങളിലും ആരോപിച്ചു. പക്ഷേ, തന്റെ വിമര്‍ശങ്ങള്‍ അര്‍ബുദ ബാധിതനായി അകാലത്തില്‍ അസ്തമിച്ച ഷാവേസെന്ന സൂര്യന്റെ ശോഭ കെടുത്തുന്ന തരത്തിലേക്ക് രൂക്ഷമാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഷാവേസ് സൃഷ്ടിച്ച മായാവലയം ഭേദിക്കാനാകാതെ കുഴങ്ങുന്ന പ്രതിപക്ഷത്തെയാണ് പ്രചാരണത്തിലുടനീളം കണ്ടത്. ചിലര്‍ ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരിക്കുമ്പോള്‍ ശക്തരാകും.
അതുകൊണ്ട് ആറ് മാസം മുമ്പ് നടന്ന മത്സരത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഇന്ന് നടക്കാന്‍ പോകുന്നത്. ഷാവേസും കാപ്രിലസും തമ്മില്‍ തന്നെയാണ് മത്സരം. അന്ന് ഷാവേസിന് വലിയ വെല്ലുവിളിയുയര്‍ത്താന്‍ കാപ്രിലസിന് സാധിച്ചിരുന്നു. പത്ത് ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി ഷാവേസ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് വലിയ വ്യത്യാസം തന്നെയാണ്. എന്നാല്‍, ഷാവേസിന്റെ അത്രയെങ്കിലും അടുത്തെത്തിയത് ചരിത്രസംഭവവമായിരുന്നു. ഷാവേസിന്റെ ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു അന്ന് വലിയ ചര്‍ച്ചാ വിഷയം. ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയില്ലാത്ത ഒരാളെ എന്തിന് ഇനിയും തിരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷം ചോദിച്ചു. പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതിയും അമേരിക്കയടക്കമുള്ള ഗ്രൂപ്പുകള്‍ പണം മുടക്കിയും കാപ്രിലസിനെ വിജയിപ്പിച്ചെടുക്കാന്‍ വിയര്‍ത്തു. ഫലം അവര്‍ക്ക് പ്രതീക്ഷ പകരുന്നത് തന്നെയായിരുന്നു. 25 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ഷാവേസിനെ പത്ത് ശതമാനത്തിലേക്ക് ചുരുക്കാന്‍ നാല്‍പ്പതുകാരനായ കാപ്രിലസിന് സാധിച്ചു.
ഷാവേസ് അധികാരത്തില്‍ തുടരുന്നത് അമേരിക്കയടക്കമുള്ള മുതലാളിത്ത ശക്തികള്‍ക്ക് സഹിക്കാനാകുമായിരുന്നില്ല. ലോകത്തെ രണ്ടാമത്തെ എണ്ണ സമ്പന്ന രാഷ്ട്രമെന്ന നിലയില്‍ പെട്രോ രാഷ്ട്രീയത്തിന്റെ ജനപക്ഷ മുഖം പുറത്തെടുത്തുവെന്നത് മാത്രമല്ല അവരെ ചൊടിപ്പിച്ചത്. വെനിസ്വേല സാമ്പത്തികമായി സുസ്ഥിരമാകുന്നതിലും സ്വയംപര്യാപ്തമാകുന്നതിലും അവര്‍ വലിയ കുഴപ്പം കാണുന്നില്ല. കമ്പോളങ്ങള്‍ അവരുടെ ലക്ഷ്യമാണല്ലോ. ഷാവേസിന്റെ വെനിസ്വേല സൃഷ്ടിക്കുന്ന ബദല്‍ രാഷ്ട്രീയത്തെയാണ് അവര്‍ ഭയന്നത്. ജനാധിപത്യ സോഷ്യലിസത്തിന്റെയും മുതലാളിത്തവിരുദ്ധ രാഷ്ട്രീയ പ്രയോഗങ്ങളുടെയും വിജയിച്ച മാതൃകയായി വെനിസ്വേല നില കൊള്ളുന്നത് ഏകധ്രുവ ലോകത്തിന് ഏല്‍പ്പിക്കുന്ന പ്രഹരം വളരെ വലുതാണ്. വെനിസ്വേലയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വവിരുദ്ധ ചേരി ശക്തിയാര്‍ജിക്കുന്ന ഘട്ടത്തിലാണ് ഷാവേസിന്റെ അന്ത്യം.
വെനിസ്വേലയിലെ ജനങ്ങള്‍ ആവേശപൂര്‍വം പിന്തുണച്ചത് ഷാവേസിന്റെ വ്യക്തിപ്രഭാവത്തെയായിരുന്നോ? അതോ അദ്ദേഹം മുന്നോട്ട് വെച്ച സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടുകളെയോ? ഇന്ന് പോളിംഗ് ബൂത്തില്‍ നിന്ന് വരുന്ന വിധിയെഴുത്ത് ഈ ചോദ്യത്തിന് പൂര്‍ണ അര്‍ഥത്തിലുള്ള ഉത്തരമാകില്ല. വാഴ്ത്തുപാട്ടുകളില്‍ നിറയുന്ന വീരനായകന്റെ വര്‍ണശബളമായ ഹിപ്‌നോട്ടിക് പ്രഭാവത്തില്‍ നിന്ന് യഥാര്‍ഥ ജനാധിപത്യ പ്രക്രിയയിലേക്ക് ഉണരാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പ് മാറിയിട്ടില്ല. ഷാവേസിന്റെ മാസ്മരിക വ്യക്തിത്വത്തിന്റെ ടെലിപ്പതി ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് മദുറോയുടെ വിജയം പ്രത്യയശാസ്ത്രപരമായ തുടര്‍ച്ചക്കുള്ള പച്ചക്കൊടിയായി മാത്രം കാണാനാകില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയമാണെന്ന് ഒരു നിലക്കും വിലയിരുത്താനുമാകില്ല. എന്നാല്‍, മദുറോ പരാജയപ്പെടുകയോ ചെറിയ ഭൂരിപക്ഷത്തിലേക്ക് ഒതുക്കപ്പെടുകയോ ചെയ്താല്‍ അത് ഷാവേസിന്റെ നിലപാടുകളെ വെനിസ്വേല കൈയൊഴിഞ്ഞുവെന്നതിന്റെ ജീവിക്കുന്ന തെളിവാകും. സാമ്രാജ്യത്വ വ്യാമോഹങ്ങളിലേക്ക് ഈ ജനത അധഃപതിച്ചുവെന്ന് തീര്‍ച്ചയാക്കപ്പെടും. രാഷ്ട്ര സമ്പത്തിന്റെ പൊതു ഉടമസ്ഥത അടക്കമുള്ള കോര്‍പറേറ്റ്‌വിരുദ്ധ മൂല്യങ്ങളുടെ എക്കാലത്തേയും വലിയ അപകര്‍ഷതയായി അത് മാറും. മറ്റൊരു ലോകം സാധ്യമാണെന്ന ആത്മവിശ്വാസത്തെ തന്നെ അത് അപ്രസക്തമാക്കും. അതുകൊണ്ട് വെനിസ്വേലന്‍ തിരഞ്ഞെടുപ്പിന് അന്താരാഷ്ട്ര പ്രാധാന്യമുണ്ട്. അവിടെ ഷാവേസിന്റെ ശിഷ്യന്‍ അധികാരത്തിലെത്തണമെന്നത് ബദല്‍ പ്രതീക്ഷകള്‍ പങ്ക് വെക്കുന്നവരുടെ പ്രാര്‍ഥനയാണ്.

musthafaerrekkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest