Connect with us

Malappuram

ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും; ഊരകത്തുകാര്‍ക്ക് ഭീതി ഒഴിയുന്നില്ല

Published

|

Last Updated

വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ കരിയാരം കോളനി ഭാഗത്ത് ഭീതി ഒഴിയുന്നില്ല. ഡെങ്കിപ്പനിക്ക് പിറകെ മഞ്ഞപ്പിത്തവും കൂടുതല്‍ പേര്‍ക്ക് കണ്ടെത്തുകയും കൂടുതല്‍ പേര്‍ ചികിത്സ തേടുകയും ന്യൂ മോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരണപ്പെടുകയും ചെയ്തതാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തിയത്.

കഴിഞ്ഞ മാസം അവസാനമാണ് കോളനിയിലെ രണ്ട് പേര്‍ക്ക് പനി കണ്ടെത്തിയതും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതും. ഇവര്‍ക്ക് ഡെങ്കിപ്പനിയാണെന്ന്് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതിനു പിന്നാലെ കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ ഘട്ടങ്ങളായി 52 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇവരെ തിരൂരങ്ങാടി, വേങ്ങര, മലപ്പുറം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസവും കോളനിയിലെ മൂന്ന് പേര്‍ പനി കാരണം ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഇതിനിടക്കാണ് ഇതെ കോളനിയിലെ മൂന്ന് പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തിയത്. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതരും ഗ്രാമപഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്നെങ്കിലും കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കനത്ത ജലക്ഷാമം അനുഭവപ്പെടുന്ന കോളനിയില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ലഭ്യമാവുന്ന കുടിവെള്ള പദ്ധതിയുടെ വെള്ളം ദിവസങ്ങളോളം വീട്ടുകാര്‍ സംഭരിച്ച്‌വെക്കുന്നത് പതിവാണ്. രോഗാണുവായ ഈഡിസ് കൊതുക് പരന്നതും മാരകമായ ഡെങ്കിപ്പനി പടര്‍ച്ചക്ക് ഇടയാക്കിയതും ഇതെ വെള്ളത്തില്‍ നിന്ന് തന്നെയാണ് മഞ്ഞപ്പിത്തവും പടര്‍ന്നിരിക്കുന്നത്. അതേ സമയം പനി ബാധിച്ച് മൂന്ന് ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണംകുളങ്ങര ദേവകി (57) ആണ് ഇന്നലെ മരണപ്പെട്ടത്. ദേവകി പനി ബാധിച്ചത് കാരണം കഴിഞ്ഞ ഒമ്പതിന് ചികിത്സ തേടിയ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ദേവകിക്ക് ഡെങ്കിപ്പനിയോടൊപ്പം ന്യൂ മോണിയ ബാധിച്ചതാണ് മരണ കാരണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഡെങ്കിപ്പനി പകര്‍ച്ച ബാധിച്ച പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പുതുതായി രണ്ട് ഡോക്ടര്‍മാരെയും മൂന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരേയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ജില്ലാതലത്തിലുള്ള സംവിധാനങ്ങള്‍ ഇവിടത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാവാത്ത അവസ്ഥയില്‍ സംസ്ഥാന തലത്തിലുള്ള സംവിധാനം എര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ വലിയിരുത്തുന്നത്.

Latest