അംബേദ്ക്കര്‍: മഹാനായ മനുഷ്യസ്‌നേഹി

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:00 am

ജാതിക്കോമരങ്ങളുടെ ഉറഞ്ഞു തുള്ളലില്‍ ഭാരതത്തിലെ ദളിത് സമൂഹം വിറങ്ങലിച്ചു നില്‍ക്കേ, ഡോ. ബാബാ സാഹേബ് അംബേദ്ക്കര്‍ അസ്പര്‍ശ്യതയുടെയും അടിമത്തത്തിന്റെയും തുറുങ്കുകള്‍ ഭേദിക്കാന്‍ ദളിത് സമൂഹത്തോട് ആഹ്വാനം ചെയ്തു. അമേരിക്കന്‍ – ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കറുത്ത വര്‍ഗ്ഗക്കാരായ അടിമകള്‍ക്കും ഗയാനയിലെ വിദേശ അടിമകള്‍ക്കും വഴി നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ജാതി ഹിന്ദുക്കള്‍ വരച്ച ലക്ഷ്മണരേഖക്കുള്ളില്‍ പുഴുക്കളെപ്പോലെ നരകതുല്യമായ ജീവിതം നയിക്കാന്‍ ഇന്ത്യയിലെ ദളിതര്‍ വിധിക്കപ്പെടുകയായിരുന്നു. ചങ്ങലയും ചാട്ടവാറും ഭരണകൂട ഭീകരതയും സവര്‍ണ മേധാവിത്വവുമൊക്കെ ഇന്ത്യന്‍ ദളിത് സമൂഹത്തിന് മേല്‍ അശനിപാതം പോലെ പതിച്ചിട്ട് നൂറ്റാണ്ടുകളായി.
വിഭിന്ന രൂപത്തിലുള്ള ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഐക്യരൂപമില്ലാതെ പുലര്‍ന്നിരുന്ന സാമൂഹിക വ്യവസ്ഥയില്‍ തൊട്ടുകൂടാത്തവരുടെതായ ഒരു ലോകം ഉണ്ടായിരുന്നു ഭാരതത്തില്‍! ഭയാനകമായിരുന്നു ആ ലോക വിശേഷങ്ങള്‍. ദളിതര്‍ക്ക് പൊതു നിരത്തില്‍ വഴിനടക്കാന്‍ അവകാശമില്ലായിരുന്നു. മേല്‍ ജാതിക്കാരുടെ കണ്ണില്‍പ്പെട്ടാല്‍പ്പോലും ദോഷമുള്ളവരായിരുന്നു. പൊതുകിണറുകളില്‍ നിന്ന് വെള്ളം കോരാന്‍ അവകാശമില്ലായിരുന്നു. ആരാധനാലയങ്ങളില്‍ കയറാനോ വിദ്യലയങ്ങളില്‍ പ്രവേശം നേടാനോ ദളിതര്‍ക്കവകാശമില്ലായിരുന്നു. മനുഷ്യാവകാശങ്ങളുടെ പരിപൂര്‍ണമായ ധ്വംസനവും അസമത്വങ്ങളുടെ തേര്‍വാഴ്ചയും നടന്ന കാലഘട്ടമായിരുന്നു അത്.
മധ്യപ്രദേശിലെ മഹുവില്‍ 1891 ഏപ്രില്‍ 14-ന് അംബേദ്ക്കര്‍ ഒരു ദളിത് കുടുംബത്തിലെ 14-ാമത്തെ മകനായി ജനിക്കുമ്പോള്‍, സാമൂഹികമായ അസമത്വങ്ങളും ഉച്ചനീചത്വങ്ങളും അടിച്ചേല്‍പ്പിക്കപ്പെട്ട അടിമത്തവുംകൊണ്ട് ശ്വാസം മുട്ടികഴിയുകയായിരുന്നു ഇന്ത്യയിലെ ദളിതര്‍.
എല്ലാത്തരം അവഗണനകളെയും അതിജീവിച്ച്, തിരസ്‌കരണങ്ങളെയും ബഹിഷ്‌കരണങ്ങളെയും നിരാസങ്ങളെയും ഉയര്‍ച്ചക്കുള്ള ഇന്ധനമാക്കി സ്വതന്ത്ര ഇന്ത്യയുടെ നിയമമന്ത്രിയും, ഭരണഘടനാ ശില്‍പ്പിയുമായി ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ ഉയര്‍ന്നതിനു പിന്നില്‍ ഇതിഹാസ തുല്യമായ ചരിത്രമുണ്ട്, കണ്ണീരുപ്പിന്റെ ചുവയുണ്ട്.
കടുത്ത ഇച്ഛാശക്തിയുടെ മൂര്‍ത്തിമത്ഭാവമായിരുന്നു ഡോ. ബി ആര്‍ അംബേദ്ക്കര്‍. സ്വാതന്ത്ര്യദാഹവുമായി ഭാരതത്തിലെമ്പാടും അലയടിച്ചുയര്‍ന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഒരേ സമയം ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യപ്രസ്ഥാനമായും ജാതിവ്യവസ്ഥക്കെതിരെയുള്ള സാമൂഹിക മുന്നേറ്റമായും മാറ്റിയെടുക്കുന്നതില്‍ അംബേദ്ക്കര്‍ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ വലിയ പങ്കാണ് വഹിച്ചത്.
ചാതൂര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിക്കുവേണ്ടി വാദമുഖങ്ങളുന്നയിച്ച സവര്‍ണരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനും വട്ടമേശ സമ്മേളനങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ദളിതരുടെ അവകാശങ്ങള്‍ക്കും ഉന്നതിക്കും വേണ്ടി കാര്‍ക്കശ്യത്തോടെ നിലകൊള്ളാനും അംബേദ്ക്കര്‍ തയ്യാറായി. ദളിതര്‍ക്കിടയില്‍ പുതിയൊരു സാമൂഹിക അവബോധത്തിന്റെ വിത്തുപാകലായിരുന്നു അത്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തേയും സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളേയും ഒരുമിച്ചു കൈകാര്യം ചെയ്തുകൊണ്ടുപോകുന്നതില്‍ വലിയ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. വിദേശാധിപത്യത്തില്‍ നിന്നുള്ള രാജ്യത്തിന്റെ മോചനത്തിനുശേഷം രൂപപ്പെടുന്ന ഭാരതീയ സാഹചര്യങ്ങളില്‍ മാത്രമാണ് സാമൂഹിക പരിഷ്‌കരണശ്രമങ്ങള്‍ ആരംഭിക്കേണ്ടതെന്ന കാഴ്ചപ്പാടായിരുന്നു ആദ്യകാല കോണ്‍ഗ്രസ് നേതാക്കന്മാര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന വലിയ ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനും ജനങ്ങളെ വിഭജിച്ച് നിര്‍ത്താനും മാത്രമേ ഇതര തലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതുകൊണ്ട് കഴിയൂ എന്ന വിശ്വാസമാണ് അവര്‍ വെച്ചുപുലര്‍ത്തിയിരുന്നത്. അമേരിക്കയില്‍ പഠനം നടത്തുന്ന കാലത്ത് ലാലാലജ്പത് റായിയുടെ ഇന്ത്യന്‍ ഹോംറൂള്‍ ലീഗുമായി ആദ്യം സഹകരിച്ചിരുന്ന അംബേദ്ക്കര്‍ അതുമായി തെറ്റിപ്പിരിഞ്ഞത് അതുകൊണ്ടാണ്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളിലെ വിദ്യാഭ്യാസം സമത്വവും സ്വാതന്ത്ര്യവുമെന്ന പാശ്ചാത്യ ചിന്താഗതി രൂപപ്പെടുന്നതില്‍ അദ്ദേഹത്തെ സ്വാധീനിച്ചു. തൊട്ടുകൂടായ്മപോലെയുള്ള സാമൂഹിക തിന്മകളെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം മുന്നോട്ടു പോകുന്നുവെന്നുള്ള വാദമാണ് അംബേദ്ക്കര്‍ തുടക്കം മുതല്‍ ഉയര്‍ത്തിയത്.
1927-ല്‍ പഠനത്തിനും ഗവേഷണങ്ങള്‍ക്കും ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അപ്പോഴേക്കും ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും മാര്‍ഗദര്‍ശിയുമായി ഗാന്ധിജി മാറിയിരുന്നു. അയിത്തോച്ചാടനം മുഖ്യ ഇനമാക്കിയ പ്രവര്‍ത്തന രീതിയിലേക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ഗാന്ധിജി രൂപപ്പെടുത്തി എടുത്തിരുന്നു. അയിത്തം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തുന്നതോടൊപ്പം തന്നെ ചാതുര്‍വര്‍ണ്യത്തെ ഒരു പരിധിവരെ ഗാന്ധിജി അനുകൂലിക്കുന്നു എന്ന സന്ദേഹം അംബേദ്ക്കര്‍ വെച്ചുപുലര്‍ത്തി. അതുകൊണ്ടുതന്നെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും അടിമത്തം അനുഭവിക്കുന്നവരും അവരുടെ ഉയര്‍ച്ചക്കും ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാന്‍ സ്വയം ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന കാഴ്ചപ്പാടോടുകൂടിയാണ് അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്.
വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച അംബേദ്ക്കര്‍ ശക്തമായ ഇടപെടലുകളാണ് ജാതി വ്യവസ്ഥയുടെ തിക്തഫലങ്ങള്‍ താണ്ഡവമാടിക്കൊണ്ടിരുന്ന മറാഠാ സമൂഹത്തില്‍ നടത്തിയത്. 1927-ല്‍ അയിത്തജാതിക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ പൊതു കുളം ഉപയോഗിക്കാനുള്ള അനുമതിക്കുവേണ്ടി മഹാരാഷ്ട്രയിലെ മഹാദില്‍ അദ്ദേഹം നടത്തിയ സത്യഗ്രഹവും നാസിക്കിലെ ക്ഷേത്രത്തില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 1930-ല്‍ നടത്തിയ ക്ഷേത്രപ്രവേശന സമരവും ഇന്ത്യയുടെ ഹൃദയഭൂമിയെ മുഴുവന്‍ പിടിച്ചുകുലുക്കുകയുണ്ടായി. 1927ല്‍ മനുസ്മൃതി കത്തിച്ചുകൊണ്ട് ഡോ. അംബേദ്ക്കര്‍ യാഥാസ്ഥിക ഹൈന്ദവ സമൂഹത്തെ ഞെട്ടിച്ചു. മനുഷ്യരുടെ സാമൂഹികപരമായ തുല്യത അംഗീകരിക്കാത്തതും താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മനുസ്മൃതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വേദങ്ങളും ഇതിഹാസങ്ങളും ദളിത്‌വിരുദ്ധങ്ങളായിരുന്നുവെന്നാണ് അംബേദ്ക്കര്‍ വാദിച്ചത്. ഹിന്ദുമതം സവര്‍ണ ഹിന്ദുക്കളുടെതുപോലെതന്നെ അവര്‍ണ ഹിന്ദുക്കളുടെയും പൊതു സ്വത്താണ് എന്ന അംബേദ്ക്കറുടെ പ്രഖ്യാപനം വലിയ ഉണര്‍വാണ് അയിത്തജാതിക്കാര്‍ക്കിടയില്‍ സൃഷ്ടിച്ചത്. അയിത്ത നിര്‍മാര്‍ജനവും ഹിന്ദുമതപരിഷ്‌കരണവും സംബന്ധിച്ച് മഹാത്മജിയുമായി തുറന്ന സംവാദങ്ങളില്‍ അംബേദ്ക്കര്‍ ഏര്‍പ്പെടുകയുണ്ടായി. ഗാന്ധിജിയുമായി തികച്ചും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അയിത്ത ജാതിക്കാര്‍ക്ക് സാധാരണക്കാരുടെ ഇടയില്‍ ജീവിക്കാനാവശ്യമായ സാമൂഹിക അന്തരീക്ഷവും വിശ്വാസധാരകളും രൂപപ്പെട്ടുവരണമെന്ന കൃത്യമായ അഭിപ്രായമാണ് അംബേദ്ക്കര്‍ക്കുണ്ടായിരുന്നത്.
1932-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സാമുദായിക പ്രാതിനിധ്യം പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും അധഃകൃതര്‍ക്കും പ്രത്യേക സംവരണത്തിലൂടെ പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്കുള്ള സംവരണം സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതിരുന്ന ഗാന്ധിജി, ഹരിജനങ്ങള്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ സംവരണം ചെയ്യുന്നതിനെ എതിര്‍ത്തു. ഇതിനായി ഗാന്ധിജി ആരംഭിച്ച ഉപവാസ സമരമാണ് സംയുക്ത മണ്ഡലങ്ങള്‍ രൂപവത്‌രിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ദേശീയ പ്രസ്ഥാനത്തെ നയിച്ചിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സുമായി ഒരിക്കലും സമരസപ്പെട്ടു പ്രവര്‍ത്തിക്കാന്‍ അംബേദ്ക്കര്‍ക്കായില്ല. അദ്ദേഹം കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി (ഭരണഘടനാ നിര്‍മാണ സഭ)യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബംഗാളില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്തുണയോടുകൂടിയായിരുന്നു. അദ്ദേഹം എന്നും എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് തന്നെ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിച്ചത് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന അധഃസ്ഥിത വിഭാഗങ്ങളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ജവമുള്ളതാകണം എന്ന കാഴ്ചപ്പാടോടുകൂടിയായിരുന്നു. ഇന്ത്യയുടെ വിഭജനം കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു ഭരണഘടനക്ക് രൂപം നല്‍കി എന്നതാണ് അംബേദ്ക്കറുടെ ഏറ്റവും വലിയ സംഭാവനയായി വാഴ്ത്തപ്പെടുന്നത്. സാമൂഹികവും സാമ്പത്തികവുമായ നീതി പൗരന് ലഭ്യമാകുന്ന വ്യവസ്ഥതി പുലരുന്ന ജനാധിപത്യ മതേതര സമൂഹമെന്ന നിലയില്‍ ഈ രാജ്യം ലോകത്തിന് മുന്നില്‍ മാതൃകയാകണം എന്ന ബോധ്യമാവണം അദ്ദേഹത്തെ നയിച്ചത്. ഇതര സമുദായങ്ങളുമായി കലഹിക്കാതെ സ്വന്തം അസ്തിത്വവും വ്യക്തിത്വവും തിരിച്ചറിഞ്ഞ് ജീവിതത്തിന്റെ സമസ്തമേഖലയിലും മുന്നേറാനുള്ള അവസരം തങ്ങള്‍ക്കൊരുക്കിയ മഹാനായ നേതാവാണ് ഡോ. ബി ആര്‍ അംബേദ്ക്കറെന്ന് ഒരു ജനസമൂഹം ഇന്ന് തിരിച്ചറിയുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍, സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയതിലൂടെ തുടങ്ങിയ രാജ്യത്തിന്റെ പരിശ്രമം രാഷ്ട്രീയാധികാരത്തിലും ഭരണത്തിലും കൂടുതല്‍ പ്രാതിനിധ്യം ഈ വിഭാഗങ്ങള്‍ക്ക് നല്‍കി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആ പ്രക്രിയയുടെ ഓര്‍മപ്പെടുത്തലാണ് കടന്നു വരുന്ന ഈ അംബേദ്ക്കര്‍ ജയന്തിയും.

ALSO READ  FACT CHECK: ഇംഗ്ലണ്ടിലെ ബസ് ചിത്രമുപയോഗിച്ച് കൊളംബിയ അംബേദ്കറെ ആദരിച്ചതായി പ്രചാരണം