Connect with us

Kerala

കുടുംബശ്രീക്ക് കീഴില്‍ നിര്‍മാണ തൊഴിലാളി യൂനിറ്റ് തുടങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം : കെട്ടിട നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി കുടുംബശ്രീയുടെ പുതിയ ചുവടുവെപ്പ്. കെട്ടിട നിര്‍മാണത്തിലും മരപ്പണികളിലും ഇലക്ട്രിക് ജോലികളിലുമെല്ലാം പരിശീലനം നല്‍കി കുടുംബശ്രീയുടെ കീഴില്‍ നിര്‍മാണ തൊഴിലാളി യൂനിറ്റ് ഉണ്ടാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം മുന്നില്‍ കണ്ടാണ് കുടുംബശ്രീ ഈ മേഖലയിലേക്ക് കടക്കുന്നത്. കുടുംബശ്രീ അംഗങ്ങളോടൊപ്പം കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. തദ്ദേശീയരായ തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ ചെറിയ ജോലികള്‍ക്കുവരെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടുംബശ്രീയുടെ പുതിയ സംരംഭം ജനങ്ങള്‍ക്ക് ഏറെ സഹായകമായേക്കും. അടുത്ത മാസം മുതല്‍ ഇവര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാക്കുന്നതനുസരിച്ച് തൊഴില്‍ ലഭ്യമാക്കും. സ്ത്രീകളായതിനാല്‍ തന്നെ ഇവരുടെ സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്ത് സ്ത്രീകള്‍ മാത്രം താമസിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഇവരുടെ സേവനം ലഭ്യമാകുന്നത്. ആവശ്യാനുസരണം ഇവരുടെ സേവനം ലഭ്യമാക്കാന്‍ കോള്‍ സെന്റര്‍ ആരംഭിക്കാനും കുടുംബശ്രീ പദ്ധതിയിടുന്നുണ്ട്. അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആവശ്യമായ തുക വായ്പയായി ഹഡ്‌കോ അനുവദിക്കും.
കുടുംബശ്രീക്ക് വിവിധ പരിശീലന പദ്ധതികള്‍ക്കും മറ്റുമായി ഇതിനോടകം 95 ലക്ഷത്തോളം രൂപയാണ് ഹഡ്‌കോ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കെട്ടിട നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി അത്യാവശ്യം ഉണ്ടായിരിക്കേണ്ട എല്ലാ നിര്‍മാണ പരിശീലനങ്ങളും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
താത്പര്യമുള്ളവര്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള മേഖലകളില്‍ പരിശീലനം നേടാവുന്നതാണ്. മൂന്ന് മാസമായിരിക്കും പരിശീലന കാലയളവ്. 10 ബാച്ചുകളിലായി ഒരു വര്‍ഷത്തില്‍ 220 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശ്യം. എന്‍ജിനീയറിംഗ്, ഇലക്ട്രിക്, പംബ്ലിഗ്, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍, തുടങ്ങി എല്ലാ മേഖലയിലും പരിശീലനം നല്‍കും. ഓരോ മേഖലകളിലും വൈദഗ്ധ്യം നേടിയവരായിരിക്കും പരിശീലനം നല്‍കുക. ഓരോ ബാച്ചിലും പരിശീലനം നേടുന്നവരില്‍ നിന്ന് ഓരോരുത്തരെ വീതം അടുത്ത ബാച്ചുകള്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കും.

 

---- facebook comment plugin here -----

Latest