ഡെല്‍ഹിക്ക് വീണ്ടും തോല്‍വി

Posted on: April 12, 2013 11:12 pm | Last updated: April 13, 2013 at 1:11 am
dale-styen-celebratingg
ഡെല്‍ഹിയുടെ ഡേവിഡ് വാര്‍ണറുടെ വിക്കറ്റെടുത്ത സണ്‍റൈസ് താരം സ്‌റ്റെയിനിന്റെ ആഹ്ലാദപ്രകടനം

ന്യൂഡല്‍ഹി: ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍റൈസ് ഹൈദറാബാദിന് മൂന്ന് വിക്കറ്റ് വിജയം. ഐപിഎല്‍ ആറാം എഡിഷനില്‍ കളിച്ച നാല് കളിയും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലെത്തി. നാലാം മത്സരത്തില്‍ സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ ഡല്‍ഹിക്കാര്‍ക്കു വേണ്ടി സെവാഗ് കളത്തിലിറങ്ങിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. അവസാന ഓവറില്‍ ജയിക്കാനാവശ്യമായ ആറു റണ്‍സ് രണ്ടു പന്തില്‍ അടിച്ചെടുത്താണ് സന്ദര്‍ശകര്‍ വിജയംകണ്ടത്. സ്‌കോര്‍: ഡല്‍ഹി 114/8. ഹൈദരാബാദ് 115/7.

ഒമ്പതു പന്തില്‍ 16 റണ്‍സെടുത്ത ആശിഷ് റെഡ്ഡിയും 28 പന്തില്‍ 28 റണ്‍സടിച്ച ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയുമാണ് ഡല്‍ഹിയുടെ സമ്മര്‍ദ തന്ത്രങ്ങളെ മറികടക്കാന്‍ ഹൈദരാബാദിനെ സഹായിച്ചത്. ഐ.പി.എലില്‍ ആറിലെ തണുപ്പന്‍ മത്സരങ്ങളിലൊന്നാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്.

ടോസ് ജയിച്ച് ബാറ്റു ചെയ്യാന്‍ തീരുമാനിച്ച ഡല്‍ഹിക്കു വേണ്ടി ഐക്കണ്‍ താരം വീരേന്ദര്‍ സെവാഗ് സീസണിലാദ്യമായി കളിക്കിറങ്ങി. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപണറായി കളത്തിലെത്തിയ സെവാഗ് പക്ഷേ, കാണികള്‍ക്ക് ആഘോഷത്തിന് വകനല്‍കിയില്ല. നാലാം പന്തില്‍ വാര്‍ണറെ (പൂജ്യം) ഡെയ്ല്‍ സ്‌റ്റെയ്ന്‍ മടക്കിയതു മുതല്‍ സമ്മര്‍ദത്തിലായ ഡല്‍ഹിക്ക് പിന്നീട് കരകയറാനായില്ല. റണ്‍ നല്‍കാതെ ഒരു വിക്കറ്റെടുത്ത ഡെയ്ല്‍ സ്‌റ്റെയ്ന്‍ ആദ്യ ഓവറില്‍ തന്നെ നയം വ്യക്തമാക്കി. സെവാഗും (10 പന്തില്‍ 12), ക്യാപ്റ്റന്‍ ജയവര്‍ദനെയും (14 പന്തില്‍ 12) പെട്ടെന്നു മടങ്ങി. ഹൈദരാബാദിന്റെ ഡല്‍ഹി താരം ഇശാന്ത് ശര്‍മയാണ് ഇരുവരെയും മടക്കിയത്.

മാന്‍പ്രീത് ജുനേജ (22 പന്തില്‍ 15), ജൊഹാന്‍ ബോത്ത (14 പന്തില്‍ ഒമ്പത്) എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. കേദര്‍ ജാദവ് (20 പന്തില്‍ പുറത്താകാതെ 30), ഇര്‍ഫാന്‍ പത്താന്‍ (30 പന്തില്‍ 23) എന്നിവരാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്‌റ്റെയ്ന്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 11 റണ്‍സ് നല്‍കി രണ്ടു വിക്കറ്റെടുത്തു.