ഗള്‍ഫ് വിപണിയില്‍ ഒമാന്‍ ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കുന്നു

Posted on: April 12, 2013 8:27 pm | Last updated: April 12, 2013 at 8:27 pm

മസ്‌കത്ത് : രാജ്യത്തിന്റ സാമ്പത്തിക മേഖലയുടെ പുരോഗതിക്കായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിപണികളില്‍ രാജ്യത്തെ ഉത്പന്നങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തീരുമാനം. രാജ്യത്തിന്റെ വിവിധ ഉത്പന്നങ്ങള്‍ ഗള്‍ഫ് വിപണികളില്‍ എത്തിച്ച് മറ്റ് രാജ്യങ്ങളുമായി വിവിധ മികച്ച വാണിജ്യ ബന്ധം സ്ഥാപിക്കുന്നതിനും വകുപ്പിന് കീഴില്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഗള്‍ഫ് വിപണിയില്‍ ഉണ്ടായ ഉയര്‍ച്ചയാണ് രാജ്യത്തെ കൂടുതല്‍ ഉത്പന്നങ്ങളെത്തിച്ച് സാമ്പത്തിക രംഗത്ത് വളര്‍ച്ചക്ക് പ്രേരിപ്പിക്കുന്നത്.
സഊദി മാര്‍ക്കറ്റുകളില്‍ ആണ് രാജ്യത്തിന്റെ ഉത്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെട്ടത്. 2011ല്‍ 3.4 റിയാലിന്റെ വാണിജ്യമാണ് സഊദി വിപണിയില്‍ ഉണ്ടായത്. ഖത്തറിലാണ് സഊദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണം നടത്തുന്നതിന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അധികൃതര്‍ക്ക് കഴിഞ്ഞത്. ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നവംബര്‍ 10- 13 വരെ നടക്കുന്ന ട്രേഡ് എക്‌സിബിഷനില്‍ ഒമാന്‍ പങ്കെടുക്കും. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതിന് ഒമാന്‍ ഇപ്പോഴേ തയാറെടുപ്പു തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യാപാര സാധ്യതകളെ വളരെ ആധികാരികവും സമഗ്രവുമായി പ്രദര്‍ശിപ്പിക്കുക എന്നാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. ഡിസംബറില്‍ സഊദി തലസ്ഥാനമായ റിയാദില്‍ നടന്ന പ്രദര്‍ശനത്തിന്റെ അനുഭവവുമായാണ് ഖത്തറിലെ പ്രദര്‍ശനത്തിനും ഒമാന്‍ തയാറെടുക്കുന്നത്. രാജ്യത്തിന്റെ ഉത്പന്നങ്ങളും വ്യാപാര സാധ്യതകളും മിഡില്‍ ഈസ്റ്റിലെ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമായാണ് ഒമാന്‍ പ്രദര്‍ശനത്തെ കാണുന്ന ത്.
ഒമാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ ഇന്‍ഡസ്ട്രിയുടെ കീഴില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ വ്യവസായിക പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും വിദേശ രാജ്യങ്ങളിലെ വിശേഷിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിപണികളില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും തീരുമാനമായത്. കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി, ഒമാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഖലീല്‍ അല്‍ ഖൊന്‍ജി, ഡെപ്യൂട്ടി ചെയര്‍മാന്‍ അയ്മന്‍ ബിന്‍ അബ്ദുല്ലാഹ് അല്‍ ഹസനി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.
ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാനെയും അംഗങ്ങളെയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കണമെന്ന് റോയല്‍ ഉത്തരവ് വന്നതിന് ശേഷമുള്ള ആദ്യത്തെ യോഗമാണ് കഴിഞ്ഞ നടന്നത്. സര്‍ക്കാറും സ്വകാര്യ മേഖലയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വാണിജ്യ, വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സഭകളെ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചേംബറും തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. ബിസിനസുകാര്‍ക്കും ചെറുകിട വ്യവസായ സംരംഭകര്‍ക്കും കൂടുതല്‍ അവസരം നല്‍കിക്കൊണ്ടാണ് തിരഞ്ഞെടുപ്പു നടക്കുക.
രാജ്യത്തിന്റെ ഉത്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടാക്കുന്നതിന് വ്യവസായികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതോടെ സര്‍ക്കാര്‍ സഹകരണത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാനാകും. ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമാണ് വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ വിപണനം നടത്താന്‍ കഴിയുകയുള്ളൂ എന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിദേശ വ്യവസായികളെ രാജ്യത്തേക്കെത്തിക്കുന്നതിന് നിയമ വിഭാഗവുമായി ചേര്‍ന്ന് വ്യവസായിക വകുപ്പ് നിയമങ്ങള്‍ പുനക്രമീകരിച്ചിരുന്നു. വിദേശ നിക്ഷേപ നിയമത്തിലാണ് കാര്യമായ മാറ്റങ്ങള്‍ കൊണ്ട് വന്നത്.
വ്യവാസായിക മേഖലയില്‍ രാജ്യത്തിന്റെ നയങ്ങള്‍ തിരുത്തി കൂടുതല്‍ വികസിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സുല്‍ത്താന്റെ നേതൃത്വത്തില്‍ വ്യവസായികളെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. വിദേശ രാഷ്ട്രങ്ങളിലേക്ക് എണ്ണ ഉത്പന്നങ്ങളും എണ്ണയിതര ഉത്പന്നങ്ങളും കയറ്റി അയക്കുന്നതാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം.
ഇതിന്റെ ഉയര്‍ച്ചാക്കാണ് വിദേശ വ്യവസായികളെ കൂടുതലായി രാജ്യത്തേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിപണികളിലേക്കാണ് രാജ്യം ഏറ്റവും കൂടുതലായി ഉത്പാദനങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കുന്നത്.