Connect with us

Gulf

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കും: മുഖ്യമന്ത്രി

Published

|

Last Updated

ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫിലെ സ്വദേശിവത്കരണം മൂലം നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ സഹായം പദ്ധതിക്കു ലഭിക്കും.
ഏത് രാജ്യത്താണോ നാം തൊഴിലെടുക്കുന്നത് ആ രാജ്യത്തിന്റെ നിയമം പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. ആ രാജ്യത്തിന്റെ നിയമത്തെ എതിര്‍ക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ പ്രസ്തുത രാജ്യങ്ങളുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് നയതന്ത്ര മാര്‍ഗങ്ങളിലൂടെ നിയമത്തില്‍ ഇളവ് വരുത്താന്‍ നമുക്ക് കഴിയുമെന്നും സഊദി അറേബ്യയിലെ സ്വദേശിവത്കരണ പ്രശ്‌നത്തില്‍ ഇത്തരം മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ല. സഊദി പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായ ഇടപെടലുകളാണ് നടത്തിയത്. ഇതിന്റെ ഫലമായാണ് നിയമത്തില്‍ താത്കാലികമായ മാറ്റം ഉണ്ടായത്. ഇത് പ്രവാസികള്‍ക്ക് ഗുണം ചെയ്തു.
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് തന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമാണ് സ്മാര്‍ട്ട് സിറ്റിയും കണ്ണൂര്‍ വിമാനത്താവളവും വല്ലാര്‍പ്പാടം പദ്ധതിയും മറ്റും. നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ തേടി ഇനി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട അവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി താന്‍ നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ശൈഖ് മുഹമ്മദ് മലയാളികളുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 45 മിനിട്ട് നേരമാണ് ശൈഖ് മുഹമ്മദുമായി ചര്‍ച്ച നടത്തിയത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം അധ്യക്ഷത വഹിച്ചു. പ്രവാസികാര്യ മന്ത്രി കെ സി ജോസഫ്, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം ജി പുഷ്പാകരന്‍, ഷാര്‍ജ ഔഖാഫ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി, അഡ്വ. വൈ എ ഹീം, കെ ബാലകൃഷ്ണന്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest