ആനക്കയത്ത് 477 പേര്‍ക്ക് ബി പി എല്‍ കാര്‍ഡ്‌

Posted on: April 12, 2013 12:55 pm | Last updated: April 12, 2013 at 12:55 pm

മഞ്ചേരി: സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് ആനക്കയം പഞ്ചായത്ത് സമയബന്ധിതമായി ചെയ്ത പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 477 പേര്‍ക്ക് ബി പി എല്‍ കാര്‍ഡ് ലഭിച്ചു.
ആനക്കയം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ആനക്കയം പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്നും കലക്റ്റര്‍ പറഞ്ഞു.
അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്ന 94 പേരെ ഒഴിവാക്കിയാണ് അര്‍ഹരായ 77 പേര്‍ക്ക് ബി പി എല്‍ കാര്‍ഡ് നല്‍കിയത്. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്താന് പ്രത്യേക സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന് ജനുവരി 31 നകം അന്തിമപ്പട്ടിക പ്രസിദ്ധീകരിച്ച ജില്ലയിലെ ഏക പഞ്ചായത്തായിരുന്നു ആനക്കയം. തുടര്‍ന്ന് തിരുവാലി പഞ്ചായത്ത് മാത്രമാണ് ആനക്കയം മാതൃക പിന്തുടര്‍ന്നത്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ‘ആശ്രയ’പദ്ധതി ഗുണഭോക്താക്കള്‍, വിധവകള്‍, പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്തവര്‍ എന്നിവരുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ആനക്കയം പഞ്ചായത്ത് അന്തിമ പട്ടിക തയ്യാറാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ഓഫീസര്‍ ടി ആര്‍ പ്രവീണ്‍ദാസ്, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജയദേവ് തിരുവാലി, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി എം പത്മജ, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി വി നാസര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ പി ഉമ്മര്‍, കരങ്ങാടന്‍ മറിയുമ്മ, എം പി അശ്‌റഫ്, ജില്ലാ സപ്ലൈസ് ഓഫീസ് ഹെഡ് ക്ലര്‍ക്ക് ഫൈസല്‍ പറവത്ത്, പി പി മൊയ്തീന്‍, എം പി സലീം ഹാജി, പൂഴക്കല്‍ ഷെരീഫ് സംസാരിച്ചു.