മഞ്ഞപ്പിത്തം: ഹോട്ടല്‍ അടച്ചുപൂട്ടി

Posted on: April 12, 2013 12:51 pm | Last updated: April 12, 2013 at 12:51 pm

താമരശ്ശേരി: മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തില്‍ താമരശ്ശേരിയില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി, മതിയായ രേഖകളില്ലാതെ ഹോട്ടലിലേക്ക് വെള്ളമെത്തിച്ച പിക്കപ്പ് വാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗംഗാധരന്റെ നേതൃത്വത്തില്‍ പിടികൂടി. താമരശ്ശേരി ഗവ. യു പി സ്‌കൂളിന് മുന്‍വശത്തെ ഫാസ്റ്റ് ഫുഡ് കടയിലേക്ക് വെള്ളമെത്തിച്ച പിക്കപ്പ് വാനാണ് പിടികൂടിയത്. ഹോട്ടല്‍ അടച്ചുപൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കാരാടിയിലെ എല്‍ ഐ സി ക്ക് പിന്‍വശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍നിന്നാണ് വെള്ളം എത്തെിക്കുന്നതെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്. കുടിവെള്ള വിതരണത്തിന് വെള്ളമെടുക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമാണ്.
വെള്ളടാങ്കിന് മഞ്ഞ പെയിന്റ് അടിക്കണമെന്നും കുടിവെള്ളമെന്ന് എഴുതണമെന്നും നിയമമുണ്ട്. കുടിവെള്ളം ഉപയോഗ്യമാണെന്ന് കാണിക്കുന്ന ആറ് മാസം കാലാവധിയുള്ള പരിശോധനാ റിപ്പോര്‍ട്ടും നിര്‍ബന്ധമാണ്. ഇത്തരം നിയമങ്ങള്‍ പാലിക്കാതെയാണ് വാഹനങ്ങളില്‍ കുടിവെള്ളം വിതരണം നടത്തുന്നത്. അനധികൃതമായി കുടിവെള്ളം വിതരണം ചെയ്തതിന് വാഹനയുടമക്കെതിരെ കേസെടുത്തതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ മുപ്പത്തിയഞ്ച് പേര്‍ക്കും താമരശ്ശേരി ടൗണിനോട് ചേര്‍ന്നുള്ള നിരവധി കുടുംബങ്ങള്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ടതോടെയാണ് ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. പൊതുജനാരോഗ്യ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.