Connect with us

Editorial

ഡോക്ടര്‍മാരുടെ നിലവാരത്തകര്‍ച്ച

Published

|

Last Updated

സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ തസ്തികയിലേക്ക് പരീക്ഷയെഴുതിയവരുടെ നിലവാരത്തെക്കുറിച്ച് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിദ്യാഭ്യാസപരമായി മുന്നാക്കം നില്‍ക്കുന്ന സംസ്ഥാനമെന്നഭിമാനിക്കുന്ന കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. പുതിയ ഡോക്ടര്‍മാര്‍ക്ക് ഒട്ടും നിലവാരമില്ല, പൊതുജ്ഞാനത്തില്‍ വളരെ പിന്നാക്കം, പത്രപാരായണ ശീലമോ, മെഡിക്കല്‍ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്ന പതിവോ ഇല്ലെന്ന് മാത്രമല്ല, പത്രവായനയോട് പലര്‍ക്കും അലര്‍ജിയാണ്. വിദേശ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ചില സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്കും ക്ലിനിക്കല്‍ പരിശീലനം ലഭിച്ചിട്ടില്ല, മാലിന്യ സംസ്‌കരണത്തിന് ആവിഷ്‌കരിച്ച പരിപാടികളെക്കുറിച്ച് പ്രാഥമിക അറിവ് പോലുമില്ല, നല്ലൊരു പങ്കും സീരിയല്‍ അഡിക്ടുകളാണ് എന്നിങ്ങനെ നീളുന്നു പുതിയ ഡോക്ടര്‍മാെക്കുറിച്ചു പി എസ് സി ചെയര്‍മാന്റെ വിലയിരുത്തല്‍.
ഈയിടെ നടന്ന അസിസ്റ്റന്റ് സര്‍ജന്മാരുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 6105 ഡോക്ടര്‍മാരുടെ നിലവാരത്തെ മാനദണ്ഡമാക്കിയാണ് പി എസ് സി ചെയര്‍മാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എം ബി ബി എസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഡോക്ടര്‍മാര്‍ പുറത്തിറങ്ങുന്നത് ചുരുങ്ങിയത് പതിനേഴ് വര്‍ഷത്തെ ഔദ്യോഗിക വിദ്യാഭ്യാസം നേടിയ ശേഷമാണ്. പൊതുസമൂഹമാണ് ഇവരുടെ പ്രവര്‍ത്തന മേഖല. എന്നിട്ടും സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയ ഒരു വിദ്യാര്‍ഥി ആര്‍ജിച്ച പൊതുവിദ്യാഭ്യാസം പോലും ഇവര്‍ക്കില്ലെന്ന് വരുന്നത് എന്തുമാത്രം നാണക്കേടാണ്.
സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമില്ലായ്മാണ് ഇതിനൊരു കാരണം. കച്ചവടതാത്പര്യം മാത്രം ലാക്കാക്കി ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ട്രസ്റ്റുകള്‍ നടത്തുന്നവയാണ് ഇത്തരം സ്ഥാപനങ്ങളില്‍ പലതും. തങ്ങളാവശ്യപ്പെടുന്ന ഉയര്‍ന്ന ഫീസ് നല്‍കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികളെ, പഠനത്തിലുള്ള അവരുടെ താല്‍പര്യമോ മിടുക്കോ പരിഗണിക്കാതെയാണ് ഇവിടെ പ്രവേശം നല്‍കുന്നത്. ഇവരുടെ എന്‍ട്രന്‍സ് പരീക്ഷ കേവലം പ്രഹസനമാണ്. നിലവാരമില്ലാത്ത വിദ്യാര്‍ഥികളുടെ നില മെച്ചപ്പെടുത്താന്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരും ഇവിടെ കാണില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പഠന നിലവാരമുയര്‍ത്താന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ വെക്കുകയും അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയുമാണിതിന് പരിഹാരം. പി എസ് സി ചെയര്‍മാന്‍ നിര്‍ദേശിച്ച പോലെ പൊതുവിജ്ഞാനം മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുന്ന കാര്യവും ആലോചിക്കാവുന്നതാണ്.
പരീക്ഷയില്‍ പങ്കെടുത്തവരില്‍ കൂടുതലും മെഡിക്കല്‍ ധാര്‍മികതയെക്കുറിച്ചറിയാത്തവരും പൊതുജനത്തോട് നല്ല മനോഭാവം പുലര്‍ത്താത്തവരുമാണെന്ന റപ്പോര്‍ട്ടിലെ പരാമര്‍ശം ആശങ്കാജനകമാണ്. പൊതുസമൂഹവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ഡോക്ടര്‍മാര്‍. കേവലമൊരു തൊഴില്‍ എന്നതിലുപരി സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവുമാണ് ആതുര ശുശ്രൂഷ. പൊതുസമൂഹം ആദരവോടെയാണ് അവരെ വീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തോട് പ്രതിബദ്ധതയും രോഗികളോട് സ്‌നേഹവായ്പും ഡോക്ടര്‍മാര്‍ക്ക് അനിവാര്യമാണ്. മറിച്ച് മെഡിക്കല്‍ പഠനത്തിന് തങ്ങള്‍ ചെലവഴിച്ച ലക്ഷങ്ങള്‍ തിരിച്ചു പിടിക്കാനുള്ള അവസരമായി ചികിത്സയെ കാണുന്നത് സമൂഹത്തോടും സ്വന്തത്തോട് തന്നെയുമുളള വഞ്ചനയും കാപട്യവുമാണ്.
സംവരണാനുകൂല്യം ലഭിക്കുന്ന സമുദായങ്ങളിലെ ഒന്നാം തലമുറക്കാരുടെ അസാന്നിധ്യം അമ്പരപ്പിക്കുന്നതാണെന്നും സംവരണാനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ ഉന്നത പദവിയിലെത്തിയവരുടെ രണ്ടാം തലമുറയും മൂന്നാം തലമുറയുമാണ് ഈ വിഭഗങ്ങളില്‍ നിന്നെത്തിയതെന്നുമുള്ള റിപ്പേര്‍ട്ടിലെ ഭാഗം മുസ്‌ലിം സമൂദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ കോളജുകള്‍ ന്യൂനപക്ഷങ്ങളുടെ സംവരണാനുകൂല്യങ്ങള്‍ വകവെച്ചു കൊടുക്കാതെ അട്ടിമറിക്കുന്ന സംഭവം പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പോലും സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സീറ്റ് നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സന്മനസ്സ് കാണിക്കുന്നില്ലെന്നതാണ് ഖേദകരം. മുസ്‌ലിം സമുദായത്തിലെ പാവപ്പെട്ടവരുടെ ഉദ്ധാരണത്തിനാണു ഭരണഘടനയില്‍ പ്രത്യേകം പരിരക്ഷയുള്ളത്. ന്യൂനപക്ഷ സംരക്ഷണ പരിരക്ഷയുടെ വെളിച്ചത്തിലാണ് മുസ്‌ലിം മാനേജ്‌മെന്റുകള്‍ അംഗീകാരം നേടുന്നത്. ഇങ്ങനെ അംഗീകാരം നേടിയ സ്ഥാപനങ്ങളിലെ പ്രവേശത്തിന്റെ മാനദണ്ഡം പലപ്പോഴും കോഴയായി നല്‍കുന്ന തുകയുടെ വലുപ്പവും ഉന്നതങ്ങളിലുള്ള പിടിപാടുമാണെന്നത് രഹസ്യമല്ല. ഉയര്‍ന്ന തസ്തികയിലിരിക്കുന്നവരുടെയും, രാഷ്ട്രീയ സ്വാധീനമുള്ളവരുടെയും സന്താനങ്ങളാണ് സംവരണ സീറ്റുകളില്‍ കയറിപ്പറ്റുന്നവരില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും. കക്ഷിരാഷ്ട്രീയവും സങ്കുചിത സംഘടനാ താത്പര്യവും മാറ്റിവെച്ചു കൊണ്ടുള്ള ഒരു സാമുദായിക കൂട്ടായ്മക്ക് മാത്രമേ ഇതിന് പരിഹാരം കാണാനാകുകയുള്ളൂ.