അവസാന ദിവസത്തെ ഭരണഘടനാ പ്രശ്‌നം

Posted on: April 11, 2013 6:08 am | Last updated: April 11, 2013 at 1:09 am

നിയമ നിര്‍മാണം നിയമസഭയുടെ അവകാശമാണ്. അത് നടപ്പാക്കേണ്ടത് ജുഡീഷ്യറിയും. ജുഡീഷ്യറി നിയമനിര്‍മാണ സഭ കൈയേറാന്‍ വന്നാലോ?. ഈ ഭരണഘടനാപ്രശ്‌നമാണ് ഇന്നലെ സഭയുടെ മൂന്ന് മണിക്കൂര്‍ കവര്‍ന്നത്. പി സി ജോര്‍ജ്് മുതല്‍ സി ദിവാകരന്‍ വരെയുള്ള നിയമപടുക്കള്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ത്താടി. ഇക്കാര്യത്തില്‍ ഏതാണ്ട് എല്ലാവരും ഭിന്നതകള്‍ മാറ്റി വെച്ചു. അഭിഭാഷകരായ സതീശനും കെ എന്‍ എ ഖാദറും മാത്രമാണ് ജുഡീഷ്യറിയുടെ രക്ഷക്കെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകട്ടെ, മധ്യരേഖയില്‍ നിലയുറപ്പിച്ചു.

അല്ലെങ്കിലും ആദ്യ നാളുകളിലെ വീറും വാശിയുമൊന്നും അവസാന ദിവസമായ ഇന്നലെ പ്രകടമായില്ല. കടിച്ചു കീറുന്ന പതിവ് വിട്ട് സമന്വയത്തിന്റെ പാതയിലായിരുന്നു ഇന്നലെ സഭാതലം. അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്ത് സര്‍ക്കാറും, ഇറങ്ങിപ്പോക്ക് ഒഴിവാക്കി പ്രതിപക്ഷവും മഹാമനസ്‌കത പ്രകടിപ്പിച്ചു.
സഭാമന്ദിരം പൂര്‍ണമായി ശീതീകരിച്ചത് കൊണ്ടാകണം പുറത്തെ വരള്‍ച്ചയും കൊടുംചൂടും പ്രതിപക്ഷത്തിന് ഇന്നലെയാണ് അനുഭവപ്പെട്ടത്. യാമിനിയും ഗണേഷും ഒത്തുതീര്‍പ്പിലെത്തുന്നതും നോക്കിയിരുന്ന പ്രതിപക്ഷം അവസാന ദിവസമെങ്കിലും ജനത്തിന്റെ ചൂടറിഞ്ഞതില്‍ മുഖ്യമന്ത്രിക്കും നിര്‍വൃതി. എം ചന്ദ്രന്‍ നോട്ടീസ് നല്‍കിയ വരള്‍ച്ച അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്കും നൂറുവട്ടം സമ്മതം.
എന്നാല്‍, കേരളത്തിന് മാത്രമല്ല, പ്രതിപക്ഷത്തും വരള്‍ച്ചയാണെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു. പാലക്കാട് പച്ചപ്പന കത്തിപ്പടരുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായിരിക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. എന്നാലും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ അദ്ദേഹം കൈവെടിഞ്ഞില്ല.
ലജിസ്ലേച്ചറും എക്‌സിക്യുട്ടീവും നിരന്തരം മാറ്റത്തിന് വിധേയമാകുന്നത് കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധയില്‍ വന്നെങ്കിലും ജുഡീഷ്യറി ഈ പരിധിക്ക് പുറത്താണ്. ജഡ്ജിമാരുടെ നിയമനത്തിന് പോലും ഒരു വ്യവസ്ഥയില്ല. ജഡ്ജിമാരുടെ കൊളീജിയം തീരുമാനിക്കുന്നതാണ് നടപ്പ്. മുമ്പ് മുഖ്യമന്ത്രിയോട് ആലോചിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇന്ന് അതുമില്ലെന്ന് ഡൊമിനിക് പ്രസന്റേഷനും. ജില്ലാ ജഡ്ജി മുതല്‍ മുകളിലോട്ടുള്ളവരുടെ നിയമനത്തിന് എഴുത്ത് പരീക്ഷ പോലുമില്ലെന്ന സത്യം കെ ശിവദാസന്‍ നായരും വെളിപ്പെടുത്തിയതോടെ ചര്‍ച്ച മുറുകി.
കോടതിയെ നിയമസഭ അനുസരിക്കേണ്ട നിലവാരത്തിലെത്തിയിട്ടുണ്ടെന്നായി സി ദിവാകരന്‍. ജനപ്രതിനിധികളെയും സഭയെയും പരാജയപ്പെടുത്തും പോലെയാണ് ജുഡീഷ്യറിയുടെ പ്രവര്‍ത്തനം. ഈ പരാമര്‍ശം പി സി ജോര്‍ജിന്റെ ഉള്ളില്‍ തട്ടി. എല്ലാം നമ്മുടെ വീഴ്ചയാണെന്ന് പി സി ജോര്‍ജ്. നിയമസഭയുടെ അധികാരങ്ങള്‍ പ്രയോഗിക്കേണ്ട ആവശ്യകതയിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങി.
ഏതോ ദന്തഗോപുരത്തിലിരുന്ന് ഉത്തരവുകള്‍ ഇറക്കുന്ന ജഡ്ജിമാരെ കണ്ട് ദിവാകരനും അന്തംവിട്ടു. ഓട്ടോപാര്‍ക്കിംഗുമായി ബന്ധപ്പെട്ട വിധി ഒടുവിലത്തെ ഉദാഹരണമായി എടുത്തുകാട്ടി. നിയമം ലംഘിച്ച് കോടതിയെ തോല്‍പ്പിക്കാനായിരുന്നു ജോര്‍ജിന്റെ ആഹ്വാനം.
പാതയോരത്ത് പൊതുയോഗം നിരോധിച്ച സാഹചര്യത്തില്‍ നിയമം ലംഘിച്ച് സമരം നടത്തണം. എന്നാല്‍, തന്റെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസിന് പോലും അതിന് ധൈര്യമില്ലെന്ന സത്യവും ജോര്‍ജ് വെളിപ്പെടുത്തി.
കേസുകള്‍ നീണ്ടുപോകുന്നത് ഒഴിവാക്കാന്‍ ഫാസ്റ്റ ്ട്രാക്ക് കോടതികള്‍ കൂടുതല്‍ വേണമെന്നായിരുന്നു എന്‍ ഷംസുദ്ദീന്റെ നിര്‍ദേശം. അദാലത്തുകളും ഇതിന് പരിഹാരമാണെന്ന നിര്‍ദേശമുയര്‍ന്നു. അദാലത്ത് വന്നാല്‍ അഭിഭാഷകരുടെ വയറ്റത്തടിയാകുമെന്ന് ജോര്‍ജ്. കേസുകള്‍ നീട്ടിക്കൊണ്ടുപോകുന്നതിന്റെ മുഖ്യ കാരണക്കാര്‍ അഭിഭാഷകരാണെന്ന കാര്യം ജോര്‍ജിന് അറിയാം.
കോടതി മാത്രം ജനാധിപത്യപരമായി നില്‍ക്കാത്തത് ശരിയല്ലെന്ന് പി ശ്രീരാമകൃഷ്ണന്റെ നിലപാട്. ഇന്ത്യയില്‍ മാത്രമേ, കോടതിക്ക് ഫ്യൂഡല്‍ മനോഭാവമുള്ളൂവെന്ന് ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായി ശമ്പളം വാങ്ങുന്ന ക്ലാസ് ഫോര്‍ ജീവനക്കാരനെ പോലെ തന്നെയാണ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെന്നും സുധാകരന്‍. ജഡ്ജിയെന്ന ബോര്‍ഡ് വെച്ച കാര്‍ മീന്‍ വാങ്ങാന്‍ പോകുമ്പോഴും ഉപയോഗിക്കുന്നത് ജി സുധാകരന് പതിവ് കാഴ്ചയാണ്.
മന്ത്രിയായിരുന്ന കാലത്ത,് സഭ നടക്കുമ്പോള്‍ ശിക്ഷിക്കാന്‍ ധൈര്യം കാണിച്ച ജഡ്ജിയും കേരളത്തിലുണ്ടായ കാര്യം എ കെ ബാലന്‍ ഓര്‍ത്തു. ആ ജഡ്ജിക്കെതിരെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതിയും നല്‍കി. പ്രിവിലേജ് കമ്മിറ്റി മൂന്ന് തവണ അവരെ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് എം ചന്ദ്രന്‍. പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ജോര്‍ജും ഇപ്പോഴത്തെ പ്രിവിലേജ് കമ്മിറ്റി വിഷയം പരിഗണിക്കണമെന്ന് എം ഹംസയും ആവശ്യപ്പെട്ടു.
എന്നാല്‍, ജുഡീഷ്യറിക്കെതിരായ കടന്നുകയറ്റം സഭയിലെ ചില അഭിഭാഷകര്‍ക്ക് സഹിച്ചില്ല. അനന്തമായ അധികാരം നിയമസഭക്ക് ഇല്ലെന്ന് അഡ്വ. കെ എന്‍ എ ഖാദര്‍ ഓര്‍മിപ്പിച്ചു. ഉള്ള അധികാരങ്ങളാണ് കോടതി ഉപയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാവര്‍ക്കും അധികാരങ്ങളുണ്ട്. അനന്തമായ അധികാരങ്ങള്‍ ആര്‍ക്കുമില്ലെന്ന് വി ഡി സതീശനും ഉപദേശിച്ചു.
സ്വന്തം മണ്ഡലത്തിലെ കോടതി ഉദ്ഘാടനത്തില്‍ നിന്ന് ജഡ്ജി ഇടപെട്ട് പി കെ ജയലക്ഷ്മിയെ ഒഴിവാക്കിയതിനെതിരെയും പൊതുവികാരം ഉയര്‍ന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ശക്തി ബോധ്യപ്പെടുത്തുന്ന ചര്‍ച്ചയാണ് സഭയില്‍ നടന്നതെന്ന തോന്നലായിരുന്നു മുഖ്യമന്ത്രിക്ക്. മന്ത്രിയെ ഒഴിവാക്കിയത് വിമര്‍ശത്തിന് വഴിവെച്ചപ്പോള്‍ ആ പരിപാടി തന്നെ ഉപേക്ഷിച്ച കാര്യം മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മന്ത്രിയെ ഒഴിവാക്കാന്‍ പരിപാടി തന്നെ വേണ്ടെന്ന് വെക്കുന്നത് ശരിയാണോയെന്നായി ജോര്‍ജ്. ഒരു പ്രശ്‌നം വന്നാല്‍ അത് പരിഹരിക്കുന്ന കാര്യത്തില്‍ ജോര്‍ജിനും തനിക്കുമുള്ള വ്യത്യസ്ത കാഴ്ചപ്പാടാണ് ഇതിലെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കി.