‘ഡല്‍ഹി സുരക്ഷിതമല്ല’; മമത തിരിച്ചു പോയി

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:01 am

കൊല്‍ക്കത്ത: സംസ്ഥാന ധനമന്ത്രിയെ ഡല്‍ഹിയില്‍ എസ് എഫ് ഐക്കാര്‍ കൈയേറ്റം ചെയ്തിനെ തുടര്‍ന്ന് ഡല്‍ഹി യാത്ര മതിയാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചുപോയി. ഡല്‍ഹി സുരക്ഷിതമല്ലെന്ന് അവര്‍ പറഞ്ഞു. ധനമന്ത്രി ചിദംബരവുമായുള്ള ചര്‍ച്ചയും റദ്ദാക്കി. കൊല്‍ക്കത്തയിലെത്തിയയുടനെ സ്വകാര്യ ആശുപത്രയില്‍ അവര്‍ ചികിത്സ തേടി. വേദന, ശ്വാസതടസ്സം തുടങ്ങിയവക്കാണ് ചികിത്സ തേടിയത്.

അതേസമയം, കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പ്രസിഡന്‍സി യൂനിവേഴ്‌സിറ്റി പരിസരത്താണ് സംഘര്‍ഷമുടലെടുത്തത്. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ധനമന്ത്രി അമിത് മിത്രയെ കൈയേറ്റം ചെയ്ത സംഭവത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുടലെടുത്തത്. കൈയേറ്റത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ സംസ്ഥാനവ്യാപകമായി റാലികളും പ്രതിഷേധപരിപാടികളും നടത്തി.
അതേസമയം, മമതക്കും ധനമന്ത്രിക്കുമെതിരെയുള്ള ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ കുറ്റപ്പെടുത്തി. ജനാധിപത്യമൂല്യങ്ങളെ കളങ്കപ്പെടുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതിനിടെ, തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയ ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണം തെറ്റിയിപ്പോയെന്ന് സമ്മതിച്ച എസ് എഫ് ഐ നേതൃത്വം, സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്തു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് സി പി എം ഇന്നലെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മമതയെ ചൊവ്വാഴ്ച രാത്രി തന്നെ വിളിച്ച് ക്ഷമാപണമറിയിച്ചിരുന്നു.
ബംഗാളിലെ എസ് എഫ് ഐ നേതാവ് സുദിപ്‌തോ ഗുപ്ത കൊല്ലപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആസൂത്രണ കമ്മീഷന്‍ കാര്യാലയത്തിന് പുറത്ത് നടത്തിയ പ്രതിഷേധത്തിനിടെയാണ് ധനമന്ത്രിക്കെതിരെ കൈയേറ്റമുണ്ടായത്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായി സംസ്ഥാനത്തിന്റെ പദ്ധതി അടങ്കല്‍ സംബന്ധിച്ച ചര്‍ച്ചക്കെത്തിയതായിരുന്നു മമതയും സംഘവും.