ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ടോള്‍ ഫ്രീ നമ്പര്‍ പരിധിക്ക് പുറത്ത്

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 12:37 am

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് തയ്യാറാക്കിയ ടോള്‍ ഫ്രീ നമ്പര്‍ പരിധിക്ക് പുറത്ത്. പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുന്നവര്‍ക്ക് പരിധിക്ക് പുറത്ത്, സേവനം ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് മിക്കവാറും ലഭിക്കുന്നത്. ടോള്‍ ഫ്രീ നമ്പറിന് പുറമെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനമുള്‍പ്പെടെ അവതാളത്തിലാണ്. ഹോട്ടല്‍ ലോബിയുടെ സമ്മര്‍ദഫലമായാണ് കേന്ദ്ര നിയമത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് രൂപവത്കരിച്ച ഭക്ഷ്യ സുരക്ഷാ കമിഷണറേറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ചതുള്‍പ്പെടെ അടിക്കടി ഭക്ഷ്യ വിഷബാധകള്‍ ഉണ്ടാകുന്നതിനിടെയാണ് കമ്മീഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുന്നത്.

നഗരത്തിലെ പല ഹോട്ടലുകളെയും കുറിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഹോട്ടലുകാര്‍ക്ക് രക്ഷപെടാന്‍ പഴുതുകളിട്ടാണ് ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ കേസെടുക്കുന്നത് എന്ന ആരോപണം നേരത്തേ നിലവിലുണ്ട്. അതിന് പിന്നാലെയാണ് പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച് കമ്മീഷണറേറ്റ് ഹോട്ടലുടമകളെ സഹായിക്കുന്നത്. പരാതി ലഭിച്ചാല്‍ ഹോട്ടലുകളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം പോലും നിയമപരമായല്ല നടക്കുന്നത്. സാമ്പിള്‍ ശേഖരണം നിയമാനുസൃതമല്ലാത്തതിനാല്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഗ്രില്‍ഡ് ചിക്കനില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിയ തിരുവനന്തപുരത്തെ കെന്റകി റസ്റ്റോറന്റ് ഏതാനും ദിവസത്തിന് ശേഷം തുറക്കാന്‍ വഴിയൊരുക്കിയതും ഇതുതന്നെയാണ്.
നിയമാനുസൃതമായല്ല ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിച്ചതെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് കോടതി റെസ്റ്റോറന്റ് തുറക്കാര്‍ അനുമതി നല്‍കിയത്. ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഒരു വര്‍ഷത്തിനിടെ രണ്ട് കേസ് മാത്രമാണ് സംസ്ഥാനത്ത് നിയമപരമായി എടുത്തിട്ടുള്ളതെന്നാണ് വിവരം.