Connect with us

Kozhikode

ടി പി വധക്കേസ്: വിചാരണക്കിടെ മൂന്ന് സാക്ഷികള്‍ കൂടി കൂറുമാറി

Published

|

Last Updated

കോഴിക്കോട്:ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണക്കിടെ മൂന്ന് മഹസര്‍ സാക്ഷികള്‍ കൂടി കൂറുമാറി. ടി പിയെ വധിക്കാനെത്തിയ ഇന്നോവ കാറിന്റെ ചില്ലുകളില്‍ പതിച്ച “മാശാഅല്ലാ” സ്റ്റിക്കറും നമ്പര്‍ പ്ലേറ്റും നിര്‍മിച്ചു നല്‍കിയ 19ാം പ്രതി അശ്വന്തിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ മഹസറില്‍ ഒപ്പിട്ട സാക്ഷികളായ റിട്ട. ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ വേലായുധന്‍ നമ്പ്യാര്‍, പ്രകാശന്‍, മാത്യൂസ് എന്നിവരാണ് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നടന്ന വിചാരണക്കിടെ കൂറുമാറിയത്. ഇതോടെ ഇതിനകം വിസ്തരിച്ച 56 സാക്ഷികളില്‍ 26 പേരും കൂറുമാറിയവരായി. അതിനിടെ സാക്ഷി വിസ്താരത്തിനിടയില്‍ കോടതിയില്‍ ബഹളം വെച്ചതിന് പ്രോസിക്യൂഷന്‍ 56-ാം സാക്ഷി മാത്യൂസിനെ കോടതി താക്കീത് ചെയ്തു. കുറ്റാരോപിതര്‍ അവിടെ ഇരുന്ന് കമന്‍ഡ് പാസാക്കേണ്ട, അതിനെതിരെയും നടപടി എടുക്കേണ്ടിവരുമെന്ന് ജഡ്ജ് പറഞ്ഞു. സാധാരണ രേഖകളുടെ ഉള്ളടക്കം മനസ്സിലാക്കിയ ശേഷമല്ലേ രേഖകളില്‍ ഒപ്പുവെക്കുന്നതെന്ന് പ്രോസിക്യൂഷന്റെ ചോദ്യത്തിന് മാത്യൂസ് കൃത്യമായ മറുപടി നല്‍കാത്തതാണ് ജഡ്ജിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ജഡ്ജി പല തവണ ചേദ്യം ആവര്‍ത്തിച്ചിട്ടും ഇയാള്‍ മറുപടി നല്‍കാതിരുന്നപ്പോള്‍, ചോദ്യം മനസ്സിലായിട്ടില്ലെന്ന് നടിക്കേണ്ടെന്നും കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് കോടതിയില്‍ നിന്നു പോകാന്‍ കഴിയില്ലെന്നും ജഡ്ജി അന്ത്യശാസനം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉള്ളടക്കം മനസ്സിലാക്കിയ ശേഷമേ ഒപ്പുവക്കാറുള്ളു എന്ന് മാത്യൂസ് സമ്മതിച്ചതോടെ ഇത് നേരത്തേ പറഞ്ഞാല്‍ പോരെ എന്ന ജഡ്ജ് എന്ന് ചോദിച്ചു.പൊലീസ് തയ്യാറാക്കിയ മഹസറില്‍ താന്‍ ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്ന് സമ്മതിച്ച 54-ാം സാക്ഷി വേലായുധന്‍ നമ്പ്യാര്‍ അന്ന് പോലീസ് തെളിവെടുപ്പിന് കൊണ്ടുന്ന പ്രതിയെ ഇന്ന് വ്യക്തമായി ഓര്‍മയില്ലെന്ന് മൊഴി നല്‍കി. കഴിഞ്ഞ ജൂണ്‍ 11ന് താന്‍ പന്തക്കലിലുള്ള മകളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ ഒരു യുവാവിനെയും കൊണ്ട്് വീട്ടില്‍ തെളിവെടുപ്പിന് വന്നിരുന്നു. ഇടവഴിയില്‍ നിന്ന്് ഒരു തുണ്ട് കടലാസ് എടുത്ത് പോലിസ് നല്‍കുന്നത് കണ്ടിരുന്നു. ഇയാളെ ഇന്ന് വ്യക്തമായി ഒര്‍മയില്ലെന്ന് പറഞ്ഞ വേലായുധന്‍ നമ്പ്യാര്‍ പോലീസ് നല്‍കിയ കടലാസ് തിരിച്ചറിഞ്ഞു. പ്രതിയെ തിരിച്ചറിയാനായി യു ആകൃതിയില്‍ മുഴുവന്‍ പ്രതികളെ നിരത്തി നിര്‍ത്തിയെങ്കിലും അശ്വന്തിനെ ഇയാള്‍ തിരിച്ചറിഞ്ഞില്ല. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

അശ്വന്തിനെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ സറ്റിക്കര്‍ നിര്‍മിച്ച പേപ്പറിന്റെ ഭാഗങ്ങളും മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കവറിന്റെ ഭാഗങ്ങളും കണ്ടെടുത്തതിന് സാക്ഷിയായി മഹസറില്‍ ഒപ്പിട്ട 55-ാം സാക്ഷി പ്രകാശന്‍ ഇങ്ങനെ ഒരാളെ തനിക്കറിയില്ലെന്നാന്നാണ് കോടതില്‍ മൊഴി നല്‍കിയത്. പ്രതിക്കൂട്ടില്‍ അശ്വന്തിനെ എഴുന്നേറ്റ് നില്‍പ്പിച്ച് അദ്ദേഹത്തെ അറിയുമോ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് പെട്ടന്ന് തന്നെ ഇല്ലെന്ന് പ്രകാശന്‍ മറുപടി നല്‍കുകയായിരുന്നു. സാധാരണ രേഖകളിലെ ഉള്ളടക്കം മലസ്സിലാകിയ ശേഷമാണ് ഒപ്പിട്ടുനല്‍കുന്നത്. എന്നാല്‍ പോലിസ് തന്നെ ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിക്കുകയായിരുന്നു. ചൊക്ലിയിലെ ക്ലാസിക് പെയിന്റ് കടയില്‍ നില്‍ക്കുമ്പോയായിരുന്നു വെള്ളക്കടലാസില്‍ ഒപ്പുവെപ്പിച്ചത്. ഒപ്പിടില്ലെന്ന്് പറഞ്ഞപ്പോള്‍ തന്റെ പേരില്‍ കേസുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണി പ്പെടുത്തിയെന്നും പ്രകാശന്‍ പറഞ്ഞു.
അക്രമം നടത്തിയ ശേഷം ചൊക്ലി വാസുദേവ മെഡിക്കല്‍ സെന്ററിനടുത്തെ മതിലില്‍ വാളുകള്‍ ഉപേക്ഷിച്ച ശേഷം പ്രിതകളായ കിര്‍മാണി മനോജും അണ്ണന്‍ സിജിത്തും ടി കെ രജീഷും മനോജിന്റെ വീട്ടിലേക്കാണ് പോയത്. ഇവര്‍ പുറപ്പെട്ട സുമോ ഓടിച്ചിരുന്ന ശോബിയെ തെളിവെടുപ്പിനായി സുമോ നിര്‍ത്തിയിട്ടിരുന്ന നാവുള്ള മീത്തല്‍ വീട്ടില്‍ ലീലയുടെ വീട്ടില്‍ കൊണ്ടുവന്നത് താന്‍ കണ്ടിട്ടില്ലെന്നായിരുന്നു മഹസറില്‍ ഒപ്പിട്ട 56-ാം സാക്ഷി മാത്യൂസിന്റെ മൊഴി. സ്‌റ്റേഷനില്‍ നിന്നാണ് താന്‍ പോലിസിന് വെള്ളക്കടലസില്‍ ഒപ്പിട്ട് നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. തന്റെ അമ്മയുടെ ഏടത്തിയുടെ മകളുടെ മകനാണ് ശോബി. ശോബി കാര്‍ ഓടിച്ചിരുന്നതായി തനിക്കറിയില്ല. ശോബിയെ പോലിസ് പിടിച്ചുകൊണ്ടുപോയതായി അവന്റെ അമ്മ വന്നുപറഞ്ഞപ്പോള്‍ കാര്യങ്ങള്‍ തിരക്കാനായി വടകര പോലിസ് സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് തന്നെക്കോണ്ട് ഒന്നും എഴുതാത്ത വെള്ളക്കടലാസില്‍ ഒപ്പുവെപ്പിച്ചതെന്ന് മാത്യൂസ് മൊഴി നല്‍കി.