അരിപ്പാറ വെളളച്ചാട്ടം: നവീകരണം ജൂണില്‍ തുടങ്ങും

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 12:22 am

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയിലുളള അരിപ്പാറ വെളളച്ചാട്ടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണില്‍ തുടക്കമാകും. വെളളച്ചാട്ടം ആസ്വദിക്കുന്നതിനായി വിദേശികളുള്‍പ്പെടെ ധാരാളം പേര്‍ എത്തുന്ന സാഹചര്യം പരിഗണിച്ചാണ് ടൂറിസം വകുപ്പ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സിഡ്‌കോ വഴിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതിനായി 49 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഇവിടെ ആറ് ലക്ഷം രൂപ ചെലവഴിച്ച് ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പരിസരം മോടി പിടിപ്പിക്കല്‍, പുല്‍ത്തകിട് വെച്ചുപിടിപ്പിക്കല്‍, ഇരിപ്പിട നിര്‍മാണം, വെളളച്ചാട്ടത്തിന് അടുത്തുവരെ നടക്കാനുളള സംവിധാനം ഒരുക്കല്‍, റോഡ് നവീകരണം, ചുറ്റുമതില്‍, ഹാന്‍ഡ് റെയില്‍, ടോയ്‌ലറ്റ്, കിണര്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ നടക്കും. കൂടാതെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി വെള്ളച്ചാട്ടത്തിന് സമീപത്തായി ചെറിയ കടകള്‍ നിര്‍മിക്കുകയും സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.