Connect with us

Sports

റയല്‍,ബൊറൂസിയ സെമിയില്‍

Published

|

Last Updated

മാഡ്രിഡ്: തുര്‍ക്കിയില്‍ ഗലാത്‌സരെയുടെ തിരിച്ചുവരവിന് മുന്നില്‍ പകച്ചു പോയ റയല്‍മാഡ്രിഡും മലാഗക്കെതിരെ ഇഞ്ച്വറി ടൈമില്‍ തുടരെ രണ്ട് ഗോളുകള്‍ നേടി ആവേശം കൊള്ളിച്ച ബൊറൂസിയ ഡോര്‍ട്മുണ്ടും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ തുര്‍ക്കിയിലും ജര്‍മനിയിലും ഫുട്‌ബോളിന്റെ സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു ; ഒപ്പം വിവാദങ്ങളും.തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഗലാത്‌സരെയോട് 3-2ന് റയല്‍മാഡ്രിഡ് തോല്‍ക്കുകയായിരുന്നു. എന്നാല്‍, ആദ്യ പാദം 0-3 ന് ജയിച്ചത് റയലിന് തുണയായി. ഇരുപാദത്തിലുമായി റയല്‍ 5-3ന് മുന്നിലെത്തിയാണ് സെമിബെര്‍ത് ഉറപ്പിച്ചത്. എട്ടാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. ഇതോടെ ഇരുപാദ സ്‌കോര്‍മാര്‍ജിന്‍ 4-0. ജോസ് മൗറിഞ്ഞോയുടെ നിരക്ക് അനിഷേധ്യമായ ലീഡ്. ഇനിയൊരു തിരിച്ചുവരവ് അസാധ്യം എന്ന ഘട്ടത്തില്‍, രണ്ടാം പകുതിയില്‍ 57,71,72 മിനുട്ടുകളില്‍ ഗലാത്‌സരെയുടെ ഗോള്‍വര്‍ഷം. ഇമ്മാനുവല്‍എബോ, വെസ്‌ലെ സ്‌നൈഡര്‍, ദിദിയര്‍ ദ്രോഗ്ബ എന്നിവരായിരുന്നു റയലിന്റെ നെറ്റ് തുളച്ചത്. ഇരുപാദ സ്‌കോര്‍ 4-3 ആയതോടെ തുര്‍ക്കി ക്ലബ്ബിന് പ്രതീക്ഷ കൈവന്നു. രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് റയലിനെ കെട്ടുകെട്ടിക്കാം. ഇരുപത് മിനുട്ടോളം ശേഷിക്കുമ്പോള്‍, അന്നേരത്തെ ഊര്‍ജസ്വലതയില്‍ ഗലാത്‌സരെ അത്ഭുതം കാണിക്കുമെന്ന തോന്നലുളവാക്കി. മെസുറ്റ് ഒസിലിനെ പിന്‍വലിച്ച് റൗള്‍ ആല്‍ബിയോളിനെയും ഗോണ്‍സാലോ ഹിഗ്വെയിന് പകരം കരീം ബെന്‍സിമയെയും കളത്തിലിറക്കി മൗറിഞ്ഞോ റയല്‍മാഡ്രിഡ് നിരയെ റിഫ്രഷ് ചെയ്തു. ഇഞ്ച്വറി ടൈമില്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ ജയമുറപ്പിച്ചു. പതിനൊന്ന് ഗോളുകളോടെ ചാമ്പ്യന്‍സ് ലീഗ് ടോപ്‌സ്‌കോറര്‍ സ്ഥാനത്താണ് ക്രിസ്റ്റ്യാനോ. സീസണില്‍ നാല്‍പ്പത്തെട്ട് ഗോളുകളും സൂപ്പര്‍ താരം തികച്ചു. തൊണ്ണൂറാം മിനുട്ടില്‍ റഫറിക്ക് ഭ്രാന്താണെന്ന് ആംഗ്യം കാണിച്ചതിന് റയലിന്റെ ആര്‍ബലോവക്ക് ചുവപ്പ് കാര്‍ഡ് കണ്ടു. ഗലാത്‌സരെയുടെ അനുകൂലികള്‍ രണ്ട് ടീമിനെയും ഒരു പോലെ പ്രോത്സാഹിപ്പിച്ചെന്നും അവര്‍ കുലീനരാണെന്നും മൗറിഞ്ഞോ അഭിപ്രായപ്പെട്ടു.എവേ മത്സരത്തില്‍ ബൊറൂസിയക്കെതിരെ രണ്ട് തവണ ലീഡെടുത്ത ശേഷമായിരുന്നു സ്പാനിഷ് ടീം മലാഗ ഞെട്ടലോടെ പുറത്തായത്. ആദ്യപാദം ഗോള്‍രഹിതമായിരുന്നു. ഇരുപത്തഞ്ചാം മിനുട്ടില്‍ ജാക്വിനും എണ്‍പത്തിരണ്ടാം മിനുട്ടില്‍ എലിസോയും മലാഗയെ മുന്നിലെത്തിച്ചു. നാല്‍പതാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയും ഇഞ്ച്വറി ടൈമിലെ ആദ്യ മിനുട്ടില്‍ റ്യൂസും ബൊറൂസിയക്ക് സമനില ഗോളടിച്ചു. വിജയഗോള്‍ ഇഞ്ച്വറി ടൈമിലെ രണ്ടാം മിനുട്ടില്‍ ഫെലിപ് സന്റാന നേടി. ഇത് ഓഫ് സൈഡായിരുന്നുവെന്നും ഒഫിഷ്യലുകളുടെ ഗൂഡാലോചനയില്‍ മലാഗ പുറത്താവുകയായിരുന്നുവെന്നും കോച്ച് മാനുവല്‍ പെല്ലെഗ്രിനി ആരോപിച്ചു. ടി വി റിപ്ലേയില്‍ നിരവധി ബൊറൂസിയ താരങ്ങള്‍ ഓഫ്‌സൈഡ് ആയിരുന്നുവെന്ന് വ്യക്തം. അതുപോലെ മലാഗ ക്ലബ്ബ് ഉടമ തോല്‍വിക്ക് കാരണമായി വംശീയതയെ ചൂണ്ടിക്കാട്ടിയതും വിവാദമായി.യുവേഫ അന്വേഷണത്തിന് ഉത്തരവിട്ടു.

---- facebook comment plugin here -----

Latest