Connect with us

Articles

ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍: ധീരനായ നേതാവ്

Published

|

Last Updated

പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ സമസ്തയിലെ പിളര്‍പ്പിന് ശേഷം സത്യത്തിന്റെ ഭാഗത്ത് ഉറച്ചുനിന്ന ധീരമായ നിലപാടെടുത്ത കിടയറ്റ നേതാവായിരുന്നു. ഇല്ലായ്മയില്‍ നിന്ന് തുടങ്ങിയ ആ ജീവിതം ഉന്നത ശ്രേണിയിലെത്തിയപ്പോഴും വിനയം കൈവിടാതെ ഒരു സാധാരണ പ്രവര്‍ത്തകന്റെ റോളിലാണ് പ്രവര്‍ത്തിച്ചത്. “പട്ടിക്കാട് കോളജില്‍ പഠിക്കുന്ന കാലം ഉമറലി ശിഹാബ് തങ്ങളും മറ്റും സഹപാഠികളാണ്. അസറിന് ശേഷം അവരൊക്കെ ഹോട്ടലില്‍ പോയി ചായ കഴിക്കും. എന്റെ കൈയില്‍ പൈസ ഉണ്ടാകില്ല. അതുകൊണ്ട് ഞാന്‍ ചായ കുടിക്കാന്‍ പോകാറില്ല”. തങ്ങള്‍ പലപ്പോഴും അനുസ്മരിച്ചു.

പട്ടിക്കാട് നിന്ന് ഫൈസി ബിരുദം വാങ്ങി പുറത്തിറങ്ങി. താനൂര്‍ തെയ്യാലയില്‍ നിന്ന് പള്ളി കമ്മിറ്റിക്കാര്‍ പാണക്കാട് പൂക്കോയ തങ്ങളുടെ അടുത്ത് വന്ന് “ഞങ്ങള്‍ക്കൊരു ഖത്വീബിനെയും മുദര്‍രിസിനെയും വേണ”മെന്ന് പറഞ്ഞു. തങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. “ഞാന്‍ എന്റെ മകനെ തന്നെ തന്നാലോ?” തങ്ങള്‍ ചോദിച്ചു. “ഞങ്ങള്‍ക്ക് അതുമതി” എന്ന് മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. “ഞാന്‍ അവരെയും കൂട്ടി അടുത്ത വെള്ളിയാഴ്ച അങ്ങോട്ട് വരാം”. ഫൈസി ബിരുദം നേടിയ ആറ്റക്കോയ തങ്ങളോട് പൂക്കോയ തങ്ങള്‍ക്ക് സ്വന്തം മകനെക്കാള്‍ സ്‌നേഹമായിരുന്നു. അടുത്ത വെള്ളിയാഴ്ച ആറ്റക്കോയ തങ്ങളെയും കൂട്ടി പൂക്കോയ തങ്ങള്‍ തെയ്യാലയിലെത്തി. ഖുതുബ നടത്തിച്ച് ജോലി ഏല്‍പ്പിച്ച് പൂക്കോയ തങ്ങള്‍ തിരിച്ചുപോന്നു. അങ്ങനെയാണ് ആറ്റക്കോയ തങ്ങള്‍ തെയ്യാലക്കാരുടെയും തെന്നലക്കാരുടെയും ആറ്റാക്കയാകുന്നത്. 19 വര്‍ഷം ആ സ്ഥാപനത്തില്‍ ദര്‍സ് നടത്തി. തികഞ്ഞ പണ്ഡിതന്‍, സൂക്ഷ്മതയുള്ള ജീവിതത്തിന്റെ ഉടമ, വിദ്യാര്‍ഥികളെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്ന മുദര്‍രിസ്, ആരാധനകളില്‍ പൂര്‍ണ ശുഷ്‌കാന്തി, വേണ്ടാത്തരങ്ങള്‍ കണ്ടാല്‍ ഇടപെടുന്ന മാര്‍ഗദര്‍ശി, സയ്യിദ് കുടുംബത്തിലെ കാരണവര്‍, സ്‌നേഹനിധിയായ കുടുംബനാഥന്‍ എല്ലാമായിരുന്നു തങ്ങള്‍.
19 വര്‍ഷത്തെ അധ്യാപനത്തോടെ തെയ്യാലയിലും പരിസരങ്ങളിലും തങ്ങളുടെ സല്‍പ്പേര് വ്യാപിച്ചു. തങ്ങളുടെ അടുത്ത് സന്ദര്‍ശകര്‍ വര്‍ധിക്കാന്‍ ഇത് കാരണമായി. സന്ദര്‍ശകബാഹുല്യം പലപ്പോഴും ദര്‍സിനു തടസ്സമായി. ഈ സാഹചര്യത്തില്‍ താന്‍ ശമ്പളം വാങ്ങുന്നത് ശരിയല്ലെന്നു പറഞ്ഞ് മറ്റാരാളെ ഏര്‍പ്പാടാക്കി തങ്ങള്‍ പാപ്പ സ്വന്തം പ്രവര്‍ത്തനമണ്ഡലം വീടാക്കി മാറ്റി. രാപകലില്ലാതെ ഒഴുകിയെത്തിയ സന്ദര്‍ശകര്‍ക്കായി ആ ജീവിതം ഉഴിഞ്ഞുവെച്ചു. അവരുടെ പ്രശ്‌നങ്ങള്‍ എന്തായിരുന്നാലും തങ്ങള്‍ പാപ്പാന്റെയടുത്ത പരിഹാരമുണ്ടായിരുന്നു.
മലപ്പുറം കോട്ടപ്പടി പള്ളിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് സുന്നി സംഘടനാ രംഗത്ത് തങ്ങള്‍ സജീവമാകുന്നത്. വാദീ സലാമിന്റെ നിര്‍മാണത്തിലും ജാമിഅ ഹികമിയ്യയുടെ വളര്‍ച്ചയിലും മഞ്ചേരി പള്ളിയുടെ നിര്‍മാണത്തിലും തങ്ങള്‍ വലിയ പങ്ക് വഹിച്ചു. മറുവശം സുന്നിയു ടെ നേതൃത്വം തങ്ങളുടെ അടുത്ത കുടുംബക്കാരായ പാണക്കാട് തങ്ങന്‍മാര്‍ക്ക് ആയിട്ടും, അവരുടെ കൂടെ നിന്നാല്‍ പല ഭൗതിക നേട്ടങ്ങള്‍ക്കും വകയുണ്ടായിട്ടും എല്ലാ ത്യജിച്ച് തങ്ങള്‍ പാപ്പ സത്യത്തിന്റെ കൂടെ നിന്നു. കോട്ടപ്പടി സുന്നി പള്ളിയുടെ സ്ഥാപക കാലം മുതല്‍ക്കുള്ള പ്രസിഡന്റായിരുന്നു. ജാമിഅ ഹികമിയ്യയുടെ വൈസ് പ്രസിഡന്റായിരുന്ന തങ്ങള്‍ അവിടെ നടന്നുവന്ന മാസാന്ത സ്വലാത്തിനും നേതൃത്വം നല്‍കി. തങ്ങള്‍ പാപ്പാന്റെ സ്വലാത്തിലെ ദുആയിലൂടെ പ്രയാസമനുഭവിച്ചിരുന്ന പലരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. ഇക്കാലത്ത് ഹികമിയ്യ സ്വലാത്ത് ജനനിബിഡമായിരുന്നു. സമസ്ത ജില്ലാ ട്രഷററും എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന തങ്ങള്‍ സംഘടനാ താത്പര്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കി. സംഘടനാ പരിപാടിയില്‍ നിറസാന്നിധ്യമായിരുന്നു. മരണത്തിന്റെ തലേ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴും കോഴിച്ചിനയില്‍ നടന്നുകൊണ്ടിരുന്ന ഉലമാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയാത്ത വേദനയാണ് തങ്ങള്‍ പങ്ക് വെച്ചത്.
കുടുംബപരമായും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. പാണക്കാട് ഏത് ചെറിയ വിശേഷമുണ്ടായാലും പൊന്മള ഉസ്താദും ഞാനും ഉണ്ടാകണം. പൊന്മള ഉസ്താദിന്റെയും എന്റെയും വീടുകളില്‍ തങ്ങള്‍ പാപ്പയും അതുപോലെയായിരുന്നു. റമസാനിലെ നോമ്പുതുറയും റബീഉല്‍അവ്വലിലെ മൗലിദും എല്ലാ വര്‍ഷവും ഇങ്ങനെ സംഗമിച്ചു. രോഗം വന്ന ശേഷം ഒരു ദിവസം പാണക്കാട്ട് ചെന്നപ്പോള്‍ “ഇപ്പോള്‍ നമ്മള്‍ ഒരുമിച്ചുകൂടിയിട്ട് കുറേ ആയി. ഒന്നുകൂടി കൂടണം. ഉസ്താദിന്റെ സമയം ചോദിച്ചുവെക്കാം”- തങ്ങള്‍ പറഞ്ഞു. പക്ഷേ, ആ ഒത്തുകൂടല്‍ പിന്നെ നടന്നില്ല.
പരിഗണനയും സ്‌നേഹവും തങ്ങള്‍ക്ക് വളരെ കൂടുതലായിരുന്നു. ഒരു ദിവസം വേങ്ങരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് ഞാന്‍ മടങ്ങുകയായിരുന്നു. മഞ്ചേരിയില്‍ മറ്റൊരു പരിപാടിയില്‍ എത്താന്‍ സമയം വൈകിയതിനാല്‍ പാണക്കാട്ട് നിര്‍ത്താതെ ഞാന്‍ നേരെ പോന്നു. മഞ്ചേരി പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പൊന്മള ഉസ്താദ് വിളിക്കുന്നു. “നിങ്ങള്‍ക്ക് തങ്ങള്‍ പാപ്പാനോട് വല്ല പ്രയാസവുമുണ്ടോ? മുന്നിലൂടെ പോയിട്ടും ഇവിടെ നിര്‍ത്താതെ പോയി” എന്നു പറഞ്ഞ് തങ്ങള്‍ വിളിച്ചിരുന്നു എന്നറിയിച്ചു. ഉടനെ ഞാന്‍ തങ്ങളെ വിളിച്ച് വിഷയം ധരിപ്പിച്ചു. ഇത്രയും പരിഗണന ഞാന്‍ പ്രതീക്ഷിച്ചില്ല. എന്തായാലും ആ അത്താണിയും തകര്‍ന്നു, ആ തണലും പോയി. അവിടുന്ന് കാണിച്ച പാത നമ്മുടെ കൂടെയുണ്ട്. ആ വഴിയെ പോയി നമുക്കും അവരുടെ കൂടെയെത്തണം. അല്ലാഹു അവരുടെ ദറജ ഉയര്‍ത്തട്ടെ. അവരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. സുന്നത്ത് ജമാഅത്തിന്റെ പാതയില്‍ മുന്നേറാന്‍ ആ ജീവിതം നമുക്ക് ആവേശം നല്‍കട്ടെ.

 

Latest