ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നിരാകരിക്കണമെന്ന് കെ എസ് ഇ ബി

Posted on: April 11, 2013 6:10 am | Last updated: April 10, 2013 at 10:58 pm

GADKIL..തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠനം നടത്തിയ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണമായി നിരാകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കെ എസ് ഇ ബി കത്ത് നല്‍കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് ഊര്‍ജ മേഖലയുടെ ഭാവിവികസനം അവതാളത്തിലാക്കുമെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. നല്ല മഴയും ധാരാളം നദികളുമുള്ള കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് വന്‍ സാധ്യതയാണുള്ളതെന്ന് കെ എസ് ഇ ബി പറയുന്നു. ഇവിടെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 6,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെങ്കിലും ഇതുവരെ 2,040 മെഗാവാട്ടിനുള്ള പദ്ധതികള്‍ മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുള്ളൂവെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയെക്കുറിച്ചുള്ള അഭിപ്രായമറിയിച്ച്് സര്‍ക്കാറിന് കെ എസ് ഇ ബി നല്‍കിയ കത്തില്‍ പറയുന്നു.
ജലവൈദ്യുതിയുടെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായാല്‍ ദശകങ്ങളോളം കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകില്ല. എന്നാല്‍, 780 മെഗാവാട്ടിന്റെ ഇടുക്കിയും 300 മെഗാവാട്ടിന്റെ ശബരിഗിരിയും മാത്രമാണ് കേരളത്തിന് നടപ്പാക്കാനായിട്ടുള്ള വന്‍കിട ജലവൈദ്യുത പദ്ധതികള്‍. പല പദ്ധതികളും നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരുന്നെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കാത്തതിനാല്‍ പ്രാവര്‍ത്തികമാക്കാനായില്ല. 240 മെഗാവാട്ടിന്റെ സൈലന്റ് വാലി, 240 മെഗാവാട്ടിന്റെ പൂയംകുട്ടി, 100 മെഗാവാട്ടിന്റെ പാത്രക്കടവ്, 163 മെഗാവാട്ടിന്റെ അതിരപ്പിള്ളി എന്നിവ ഇത്തരത്തില്‍ അനുമതി നിഷേധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
ചെറുകിട പദ്ധതികള്‍ക്കു പോലും അനുമതി നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 29 ശതമാനം വനമാണ്. രാജ്യത്തെ ജൈവസമ്പത്തില്‍ 28 ശതമാനവും കേരളത്തിലാണ്. എന്നാല്‍, ഇതു പരിഗണിച്ചുള്ള പ്രത്യേക ആനുകൂല്യങ്ങളൊന്നും തന്നെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കേരളത്തില്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാകുന്നത് പശ്ചിമഘട്ട മലനിരകളിലാണ്. പശ്ചിമഘട്ടത്തില്‍ ‘നോ ഗോ ഏരിയ’ നിര്‍ദേശിക്കുന്ന ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് ഭാവിയില്‍ സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനാകില്ലെന്ന സ്ഥിതിയുണ്ടാക്കും. ഈ സാഹചര്യത്തില്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പുനരവലോകനം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും തമ്മില്‍ സന്തുലനം വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.