എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ തുടങ്ങും

Posted on: April 11, 2013 6:00 am | Last updated: April 10, 2013 at 10:50 pm

കോഴിക്കോട് : സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കാസര്‍കോട്ട് തുടങ്ങും. ധര്‍മപതാകയേന്തുക എന്ന തലവാചകത്തില്‍ ആറുമാസമായി സംഘടന നടത്തി വരുന്ന സംഘശാക്തീകരണ ക്യാമ്പയിനിന് ഇതോടെ തിരശ്ശീല വീഴും. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അംഗത്വം പുതുക്കലും ദഅ്‌വാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന യൂണിറ്റ്, സര്‍ക്കിള്‍, സോണല്‍, ജില്ല ഘടകങ്ങളുടെ പുതിയ സാരഥികളുടെ തെരഞ്ഞെടുപ്പും ക്യാമ്പയിനിന്റെ ഭാഗമായി പൂര്‍ത്തിയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം പുതിയ അംഗങ്ങള്‍ നിലവില്‍ വന്ന ക്യാമ്പയിനിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതി ഇതിനകം നടന്നിട്ടുണ്ട്. ജില്ലാ പ്രതിനിധി സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കുന്ന സംസ്ഥാന സമ്മേളനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ജാമിഅ സഅദിയ്യയില്‍ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. അടുത്ത മൂന്ന് വര്‍ഷത്തെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയും സുപ്രിം കൗണ്‍സിലും സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെടും.

ALSO READ  ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് പ്രൗഢമായി