സൂപ്പര്‍ ജയവുമായി മുംബൈ

Posted on: April 10, 2013 9:05 am | Last updated: April 10, 2013 at 9:05 am
IPL 2013 Match 10 MI v DD
രോഹിത് ശര്‍മ ബാറ്റിംഗിനിടെ

മുംബൈ: സ്‌ഫോടനാത്മകമായ ബാറ്റിംഗ് പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്കും രോഹിത് ശര്‍മയും മുംബൈക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഐപിഎല്ലില്‍ 200 മുകളിലുള്ള ആദ്യ സ്‌കോര്‍ പിറന്ന മത്സരത്തില്‍ മുംബൈയുടെ ആധിപത്യം പൂര്‍ണം. മുംബൈ മുന്നോട്ടുവച്ച 210 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ദിനേശ് കാര്‍ത്തിക്കാണ് മാന്‍ ഓഫ് ദ് മാച്ച്.

37 പന്തില്‍ 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 40 പന്തില്‍ 49 റണ്‍സെടുത്ത ജുനേജയും പിന്നെ ഒമ്പതു പന്തില്‍ 23 റണ്‍സെടുത്ത മോണ്‍ മോര്‍ക്കലും ഡല്‍ഹി വലിയ നാണക്കേടില്‍നിന്ന് കരകയറ്റി. ആദ്യ പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് മടങ്ങിയ ഉന്‍മുക്ത് ചന്ദ്, മൂന്നു റണ്‍സ് മാത്രമെടുത്തു പുറത്തായ ക്യാപ്റ്റന്‍ ജയവര്‍ധന, റണ്‍സെടുക്കാതെ മടങ്ങിയ ജീവന്‍ മെന്‍ഡിസും പോരാടാന്‍ ശ്രമിച്ചു മടങ്ങിയ ഇര്‍ഫാന്‍ പത്താന്‍ (10) വിടരും മുന്‍പേ കൊഴിഞ്ഞ കേദാര്‍ ജാദവ് (ഒന്ന്), കൂറ്റനടിക്കു ശ്രമിച്ചു പുറത്തായ നദീമും (2), നെഹ്‌റയു (1)മെല്ലാം ഡല്‍ഹിയുടെ ദുരന്ത ചിത്രങ്ങളായി.

മുംബൈക്കു വേണ്ടി ജോണ്‍സണും പൊള്ളാര്‍ഡും പ്രഗ്ര്യാന്‍ ഓജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഭജന്‍ സിംഗും മലിംഗയും ഓരോ വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും എക്കണോമി റേറ്റില്‍ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിട്ടു നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് റണ്‍സെടുക്കും മുന്നെ പോണ്ടിംഗിനെയും കുറച്ചു സമയത്തിന് ശേഷം സച്ചിനെയും നഷ്ടപ്പെട്ടിട്ടും ഡല്‍ഹിക്ക് അവസരം മുതലെടുക്കാനായില്ല. മുെബൈ നേടിയത് 20 ഓവറില്‍ അഞ്ചിന് 209. ഐപിഎല്‍ ആറാം സീസണിലെ ആദ്യ 200നു മുകളിലുള്ള സ്‌കോര്‍. വെറും 48 പന്തില്‍നിന്നായിരുന്നു കാര്‍ത്തിക്കിന്റെ 86 റണ്‍സിന്റെ ഇന്ദ്രജാലം.

ആ ബാറ്റില്‍നിന്ന് ഒഴുകിയത് 14 ബൗണ്ടറികളും രണ്ടു സിക്‌സറുകളും. രോഹിതിന് 74 റണ്‍സെടുക്കാന്‍ 50 പന്തുകള്‍ വേണ്ടി വന്നു. അമ്പാട്ടി റായിഡു 8 പന്തില്‍ 24 റണ്‍സെടുത്തു. കഴിഞ്ഞ കളിയിലെ ഹീറോ പൊള്ളാര്‍ഡ് ഏഴു പന്തുകളില്‍ 13 റണ്‍സുമായി മടങ്ങി.

രണ്ടു വിക്കറ്റെടുത്ത നെഹ്‌റ പക്ഷേ 49 റണ്‍സാണ് വഴങ്ങിയത്. ഇര്‍ഫാന്‍ പത്താന്‍ മികച്ച ബൗളിംഗായിരുന്നു. പക്ഷേ എറിഞ്ഞ അവസാന ഓവറില്‍ വിട്ടുകൊടുത്തത് 22 റണ്‍സ്. അതോടെ നാലോവറില്‍ നല്‍കിയത് 37 റണ്‍സായി. മോര്‍ക്കല്‍ 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.