Connect with us

Articles

കേരളം എന്തെങ്കിലും തിരുത്തലുകള്‍ നടത്തുമോ?

Published

|

Last Updated

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക ചലനങ്ങളെല്ലാം ടി വിയിലെ പരിപാടികള്‍ പോലെയാണ്. ഒന്ന് നടക്കുമ്പോള്‍ നാമതില്‍ത്തന്നെ മുഴുകി ലയിച്ചിരിക്കും. അതിന്റെ സമയം കഴിഞ്ഞാല്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്ന് വരും, പഴയതു മറക്കും. ഒരു തുടര്‍ച്ചയും ടി വി പരിപാടികള്‍ക്കുണ്ടാകില്ല. ആ പരിപാടിയുടെ അടുത്ത “എപ്പിസോഡ്” വരാന്‍ നാം കാത്തിരിക്കും. കഴിഞ്ഞ മൂന്നാഴ്ചക്കാലം കേരളത്തിലാകെ നിറഞ്ഞുനിന്നത് സഊദിയില്‍ നിന്നുള്ള വന്‍ തിരിച്ചുവരവ് എന്ന പരിപാടിയായിരുന്നു. കാര്യമായി നമ്മള്‍ അതാഘോഷിച്ചു. എന്നാല്‍ പെട്ടെന്ന് വികാരതീവ്രവും സംഭവബഹുലവുമായ ഒരു “കുടുംബരാഷ്ട്രീയ കഥ” വീണുകിട്ടി. ഗണേഷ്‌കുമാര്‍, ഭാര്യ, അച്ഛന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ഒരു മെഗാസീരിയലിന്റെ കലാശക്കളി. പിന്നെ പ്രവാസികളുടെ തിരിച്ചുവരവൊക്കെ ആര്‍ക്കു വേണം? എല്ലാവരും മറന്നു. തന്നെയുമല്ല, പ്രചരിപ്പിക്കപ്പെട്ടതുപോലെ ഒരു കുത്തൊഴുക്കൊന്നും ഉണ്ടായതുമില്ല! പ്രശ്‌നം അതോടെ തീര്‍ന്നു നമുക്ക്.
എന്നാല്‍ കേരളത്തെ സംബന്ധിച്ചും അതിന്റെ ഭാവിയെ സംബന്ധിച്ചും ഏറെ നിര്‍ണായകമായ പോരാട്ടങ്ങളുണര്‍ത്തുന്ന പ്രവാസി വിഷയത്തിന്റെ ആയിരത്തിലൊന്നു പ്രാധാന്യം പോലും ഗണേഷ്‌കുമാര്‍ വിഷയത്തിലില്ലെന്ന സത്യം ആരോര്‍ക്കാന്‍? നമുക്ക് പാപ്പരാസി മാതൃകയിലുള്ള ചില രാഷ്ട്രീയ പത്രപ്രവര്‍ത്തനങ്ങള്‍ കൊണ്ട് എന്തു പ്രയോജനം? ഗണേഷ്‌കുമാര്‍ മന്ത്രിയായാലും അല്ലാതായാലും ആര്‍ക്കാണതു ബാധിക്കുക? പരമാവധി അയാളുടെ കുടുംബം, സുഹൃത്തുക്കള്‍ തുടങ്ങിയവരെ മാത്രം. എന്നാല്‍ കേരളത്തില്‍ നിന്നും ഏതാണ്ട് ആറ് ലക്ഷം പേര്‍ തൊഴിലെടുക്കുന്ന സഊദി അറേബ്യയിലെ തൊഴില്‍ മേഖലയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ഇന്നാട്ടിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതത്തില്‍ കാര്യമായ മാറ്റം വരുത്തുമെന്നുറപ്പാണ്. എന്നാല്‍ പ്രതിപക്ഷത്തിനോ ഭരണപക്ഷത്തിനോ ചില അനുഷ്ഠാന കര്‍മങ്ങള്‍ക്കപ്പുറം പ്രവാസി വിഷയത്തില്‍ ഒന്നും പറയാനില്ല, ചെയ്യാനുമില്ല. കാലാകാലങ്ങളില്‍ ഒരുങ്ങിക്കെട്ടി ഗള്‍ഫിലെത്തി സമ്മാനങ്ങളും സ്വീകരിച്ച് മടങ്ങിവരുന്നവരാണ് നമ്മുടെ നേതാക്കളില്‍ വലിയൊരു പങ്കും. എന്നിട്ടും ഇവര്‍ക്കൊന്നും പറയാനില്ലാത്തതെന്തുകൊണ്ട്? കറവപ്പശുക്കളാണെങ്കില്‍ പോലും നാം അവയുടെ നിലനില്‍പ്പ് തകരാറിലാകാന്‍ അനുവദിക്കില്ലല്ലോ.
ആഗോളമാന്ദ്യം തുടങ്ങിയ 2008ല്‍ തന്നെ ഗള്‍ഫില്‍ നിന്ന് കുറേപ്പേര്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുമെന്ന് പ്രവചിച്ചവരുണ്ട്. എന്നാല്‍ അതുണ്ടായില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ കെ സി സഖറിയയും ഇരുദയരാജനും ചേര്‍ന്ന് 1998 മുതല്‍ 2011 വരെയുള്ള കാലത്ത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള മലയാളികളുടെ ഒഴുക്ക് സംബന്ധിച്ച് പഠിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫിലേക്കു പോകുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടായതായി അവര്‍ കണ്ടെത്തി. 1998ല്‍ 13.6 ലക്ഷം പേര്‍ പോയ സ്ഥാനത്ത് 2003ല്‍ അത് 21.9 ലക്ഷമായും 2011ല്‍ 20.28 ലക്ഷമായും ഉയര്‍ന്നു. ഇക്കാലത്ത് മടങ്ങിയവരിലും അല്‍പ്പം വര്‍ധനയുണ്ടായിട്ടുണ്ടെന്നതില്‍ കാര്യമായ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ഇതോടൊപ്പം തന്നെ മലയാളികളുടെ പ്രധാന ലക്ഷ്യം സഊദി അറേബ്യയില്‍ നിന്നും യു എ ഇയായി മാറിയെന്നതും ശ്രദ്ധേയമാണ്. 1998ല്‍ മൊത്തം ഗള്‍ഫ് മലയാളികളില്‍ 37.5 ശതമാനം സഊദിയിലായിരുന്നെങ്കില്‍ 2003ല്‍ അത് 26.7 ശതമാനമായും 2008ല്‍ 23 ശതമാനമായും കുറഞ്ഞു.
സഊദി അറേബ്യ എന്ന രാജ്യം സ്വന്തം നാട്ടിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നതും സ്വന്തം നാട്ടിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിച്ചതും ഒരു തെറ്റായി കാണാനാകുമോ? എന്നാല്‍ ഇത് നടപ്പിലാക്കുക എളുപ്പമല്ലെന്ന് അവര്‍ക്കുതന്നെ അറിയാം. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു സ്വദേശി തൊഴിലാളിയെങ്കിലും വേണമെന്നതാണല്ലോ നിതാഖാത്ത്. ഒമ്പത് പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്നുവെങ്കില്‍ ആനുപാതികമായി സ്വദേശികള്‍ വേണം. പ്രധാനമായും ചെറുകിട കച്ചവടം, നിര്‍മാണ മേഖല, നഗര ശുചീകരണം തുടങ്ങിയ മേഖലകളിലാണ് കേരളത്തില്‍ നിന്നുള്ളവര്‍ തൊഴിലെടുക്കുന്നത്. ഇതിനു പുറമെ നിയമവിരുദ്ധമായി (സ്‌പോണ്‍സറുടെ കീഴിലല്ലാതെ) ജോലി ചെയ്യുന്നവരുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഇത്തരത്തില്‍ തൊഴിലെടുക്കുന്ന രണ്ട് മൂന്ന് ലക്ഷം പേരെങ്കിലും സഊദിയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
എന്നാല്‍ ഒരൊറ്റയടിക്ക് ഇവരെയെല്ലാം പുറത്താക്കുകയെന്നത് ആ രാജ്യത്തെ സര്‍ക്കാറിന് ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ഇത്രയേറെ ബക്കാലകളും ബൂഫിയകളും കടകളും അടച്ചുപൂട്ടാനാകുമോ? ഇവിടെയൊക്കെ ആവശ്യത്തിന് സ്വദേശി തൊഴിലാളികളെ കിട്ടുമോ? പ്രത്യേകിച്ചും ഡ്രൈവര്‍, ശുചിത്വ തൊഴിലാളി മുതലായ കുറഞ്ഞ വേതനമുള്ള ജോലിക്ക് ഇവര്‍ തയ്യാറാകില്ല. സഊദിയിലെ നഗരഭരണ കേന്ദ്രങ്ങള്‍ ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. ശുചീകരണക്കമ്പനികള്‍ എല്ലാം പ്രശ്‌നത്തിലാണ്. പലരും സര്‍ക്കാര്‍ പണിയെടുക്കാന്‍ തയ്യാറാകുന്നുമില്ല. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും.
സഊദി നിയമത്തില്‍ മാറ്റം വരുത്താനൊന്നും കഴിഞ്ഞില്ലെങ്കിലും ചില ഇളവുകള്‍ക്ക് അവര്‍ തയ്യാറായേക്കും. ഇതിനായി ഇന്ത്യയില്‍ നിന്നും ശക്തമായ ചില സമ്മര്‍ദങ്ങളുണ്ടാകുമെന്ന് കരുതാം. കണ്ടുപിടിക്കപ്പെട്ട് പുറത്താക്കപ്പെടുമ്പോള്‍ വീണ്ടും മറ്റൊരു ഗള്‍ഫ് രാജ്യത്തെങ്കിലും പുതിയൊരു ജോലി കിട്ടാന്‍ കഴിയാത്തവിധം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതെങ്കിലും ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ സാധ്യമാണ്. അതിനപ്പുറമൊന്നും തത്കാലം നടക്കില്ല.
തത്കാലം ചില ചികിത്സ ചെയ്ത് പിടിച്ചുനില്‍ക്കുമെങ്കിലും ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവ് എന്നത് ഒരു യാഥാര്‍ഥ്യമായിക്കണ്ട് അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഒരിക്കലും ഒരു സര്‍ക്കാറും തയ്യാറായിട്ടില്ലെന്നതാണ് സത്യം. “പുനരധിവാസം” എന്നൊക്കെ മുടങ്ങാതെ പറയും. സഊദി അറേബ്യക്കു മാത്രമല്ല ഇന്ത്യക്കും സ്വദേശിവത്കരണം അനിവാര്യമാണെന്ന വസ്തുത നാം ഓര്‍ക്കാത്തതെന്തുകൊണ്ട്? ഭക്ഷണത്തിലും ശുദ്ധജലത്തിലും പോലും സ്വാശ്രയമില്ലാത്ത ഒരു ജനതയായി നാം മാറിയതെങ്ങനെ? ഇവിടെ മടങ്ങിയെത്തുന്നവര്‍ക്ക് മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് തൊഴില്‍ തേടിപ്പോകാന്‍ സൗകര്യമുണ്ടാക്കുകയല്ലാതെ മറ്റെന്തു വാഗ്ദാനമാണ് സര്‍ക്കാറുകള്‍ക്കു നല്‍കാനുള്ളത്?
തിരിച്ചുവരുന്നവരില്‍ മഹാഭൂരിപക്ഷവും വിദഗ്ധരല്ലാത്തെ തൊഴിളിലാളികളായിരിക്കുമെന്ന് തീര്‍ച്ച. അവര്‍ക്ക് ഏറ്റവുമധികം ആശ്രയിക്കാവുന്ന ഒരു തൊഴിലായിരുന്നു ചെറുകിട കച്ചവടങ്ങളും ചെറിയ സ്ഥാപനങ്ങളും. എന്നാല്‍ ആ വാതില്‍ ഏതാണ്ട് പൂര്‍ണമായും അടച്ചുകൊണ്ട് വന്‍കിട ഷോപ്പിംഗ് മാളുകള്‍ പ്രധാന നഗരങ്ങളിലെല്ലാം എത്തിക്കഴിഞ്ഞു. കൊച്ചിയില്‍ ഏറ്റവും പുതിയ ലുലുവടക്കം മൂന്ന് കൂറ്റന്‍ മാളുകളും നിരവധി ഇടത്തരം സൂപ്പര്‍ മാര്‍ക്കറ്റുകളുമായി. ഈ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) അംഗീകരിച്ച കേന്ദ്ര നയം താത്കാലികമായെങ്കിലും കേരളത്തില്‍ നടപ്പിലാക്കുന്നത് തടയാനായെന്നത് ശരി. പക്ഷേ, കൂറ്റന്‍ ഇന്ത്യന്‍ മാളുകള്‍ (റിലയന്‍സും ലുലുവും പോലെ) വന്നാലും ഫലം ഒന്നുതന്നെയല്ലേ? തത്വത്തില്‍ വ്യത്യാസമുണ്ടെങ്കിലും പ്രയോഗത്തില്‍ എന്തു മാറ്റം? ചെറുകിട കച്ചവടം നടത്തി ജീവിക്കാമെന്ന സാധ്യത പോലും ഇല്ലാതാക്കുകയാണ് സര്‍ക്കാറുകള്‍! ചുരുക്കത്തില്‍ പരാശ്രിതരായി ഒരു സമൂഹത്തിന് എത്രകാലം പിടിച്ചുനില്‍ക്കാനാകും എന്ന ചോദ്യം മലയാളിക്കു മുന്നില്‍ ഇടക്കിടക്ക് ഉയര്‍ത്തുകയാണ് ഇത്തരം പ്രതിസന്ധികള്‍ ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ കണ്ട് സ്വയം തിരുത്താന്‍ നാം തയ്യാറാകുമോ? ഇതാണ് ചോദ്യം.

Latest