Connect with us

Gulf

കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Published

|

Last Updated

മസ്‌കത്ത് : രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ബാത്തിന മേഖലയിലാണ് കാറ്റും മഴയും നാശം വിതച്ചത്. മഴയില്‍ റോഡുകളും വാദികളും നിറഞ്ഞൊഴുകി. ഇത് പലയിടത്തും അപകടങ്ങള്‍ക്കു വഴിവെച്ചു. കാറ്റില്‍ കെട്ടിടങ്ങള്‍ ഇളകി വീണു. മരങ്ങള്‍ കട പുഴകി വീണു. മലയാളികളുടെതുള്‍പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും ബുറൈമി, ഇബ്രി, ബാത്തിന പ്രദേശം എന്നിവിടങ്ങളിലും മഴ പെയ്തു. ഈ പ്രദേശങ്ങളില്‍ വാദികളും റോഡുകളും നിറഞ്ഞൊഴുകി. വടക്കന്‍ ബാത്തിനയിലെ ശിനാസിലാണ് ഇന്നലെയും മഴ പെയ്തത്. കഴിഞ്ഞ ദിവസം കനത്ത മഴയുണ്ടായ ശിനാസിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് മഴ ശക്തമായത്. ഇന്നലത്തെ മഴയെത്തുടര്‍ന്ന് മസ്‌കത്തിലെ താപനില 10 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 32 ഡിഗ്രി വരെയായിരുന്നു മസ്‌കത്തിലെ ഉയര്‍ന്ന താപനില. ശനിയാഴ്ച വൈകുന്നേരം  തൊട്ടു തന്നെ മസ്‌കത്തില്‍ താപനില താഴ്ന്നിരുന്നു. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലാണ് മഴ കൂടുതല്‍ പ്രയാസം സൃഷ്ടിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ കുഴികളില്‍ വെള്ളം നിറഞ്ഞത് പ്രശ്‌നം സൃഷ്ടിച്ചു.
ശക്തമായ ഇടിമിന്നലോടെയുണ്ടായ മഴ ജനത്തെ ഭീതിയിലാക്കി.  ചില ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചത് ജനജീവിതത്തെ ബാധിച്ചു. ബുറൈമിയിലും ഇബ്രിയിലുമാണ് ഇടിയും മിന്നലുമുണ്ടായത്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയും മസ്‌കത്തിലും ബാത്തിന പ്രദേശങ്ങളിലും മഴയുണ്ടായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടായപ്പോള്‍ ചില പ്രദേശങ്ങളില്‍ ഇത് നേരിയതായിരുന്നു. മഴയില്‍ റോഡുകളിലും വാദികളിലും വെള്ളം നിറഞ്ഞു. മുസന്ദം ഗവര്‍ണറേറ്റിലെ കസബ്, ബുഖ, ദിബ്ബ എന്നിവിടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ദാഖിറ ഗവര്‍ണറേറ്റ് പ്രദേശങ്ങളിലും മഴ കനത്തു. ഇബ്രി, ദങ്ക്, യാങ്കൂല്‍ എന്നിവിടങ്ങളില്‍ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകി. ബാത്തിനയില്‍ ശിനാസ്, സൊഹാര്‍, സഹം, സുവൈഖ് എന്നിവിടങ്ങളില്‍ മഴ പെയ്തു. വാദിയാത്ത്, അല്‍ അഖര്‍, ഹബിബ് തുടങ്ങിയ വാദികളില്‍ വെള്ളം നിറഞ്ഞൊഴുകി.
ദാഖിലിയ്യ ഗവര്‍ണറേറ്റിലും മഴ പെയ്തു. ബഹ്‌ല, അല്‍ ഹംറ, സമാഈല്‍, ഇസ്‌കി, ബിദ്ബിദ്, നിസ്‌വ, ജബല്‍ അല്‍ അക്ദര്‍ എന്നിവിടങ്ങളിലും മഴയുണ്ടായി. മുസന്ന, റുസ്താഖ്, അല്‍ അവാബി, ബര്‍ക, നഖല്‍ എന്നിവിടങ്ങളിലെ മഴ  ശക്തമായിരുന്നില്ല.