മംഗലാപുരം ടാങ്കര്‍ ദുരന്തം: മരണം എട്ടായി

Posted on: April 9, 2013 11:47 am | Last updated: April 10, 2013 at 9:10 am

പുത്തൂര്‍(കാസര്‍കോട്): മംഗലാപുരം ഉപ്പിനംഗഡിക്കടുത്ത് ദേശീയ പാത 75ല്‍ പാചകവാതക ടാങ്കറിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു. പെര്‍ണെയിലെ ശോഭാ റൈ(35), സലീം(15), വസന്ത്(34) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം-ബംഗളൂരു ദേശീയപാതയില്‍ പെര്‍ണെയിലെ വളവിലാണ് ഇന്നലെ രാവിലെ പത്തോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

മംഗലാപുരം റിഫൈനറി പെട്രോ കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പാചകവാതക ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. 16,000 ലിറ്റര്‍ പാചകവാതകം അടങ്ങിയ ടാങ്കറിന്റെ വാല്‍വ് ചോര്‍ന്നാണ് തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും റോഡരികിലേക്ക് മറിയുകയും ചെയ്തു. വാതകം ചോര്‍ന്ന് സമീപ പ്രദേശങ്ങളിലേക്കും തീ പടര്‍ന്നു. സമീപത്തെ ഏഴ് വീടുകളും രണ്ട് കടകളും മൂന്ന് ബൈക്കുകളും പൂര്‍ണമായും അഗ്നിക്കിരയായി. ഇതുകൂടാതെ സമീപത്തെ വര്‍ക്ക് ഷോപ്പും ഇതിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ടെമ്പോ, കാര്‍, ഓമ്‌നി, സ്‌കൂട്ടര്‍ എന്നിവക്കും തീപ്പിടിച്ചു. ഓമ്‌നിയുടെ ഡ്രൈവറാണ് മരിച്ച വസന്ത്.
പൊട്ടിത്തെറിയുടെ ശബ്ദവും തുടര്‍ന്ന് അന്തരീക്ഷത്തില്‍ പുകയുയര്‍ന്നതും കണ്ട ജനങ്ങള്‍ ഭീതിയിലായി. വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ പോലീസ്, പരിസരത്തെ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞു. അഗ്‌നിശമന സേനയും പോലീസും മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ വൈകീട്ട് മൂന്നോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുത്തൂരില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28ന് കണ്ണൂര്‍ ചാലയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്ന് ടാങ്കറുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാരും പോലീസും ഓയില്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അപകടമുണ്ടായാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ ഓരോ ടാങ്കറിലും പരിശീലനം നേടിയ രണ്ട് ഡ്രൈവര്‍മാരെ നിയോഗിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. സ്വീകരിക്കേണ്ട മുന്‍കരുതലിനെക്കുറിച്ച് അവഗാഹമുള്ളവരും ഫയര്‍ഫോഴ്‌സിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും ടാങ്കറിലുള്ള ഇന്ധനം, മറ്റ് അപകടകരമായ വസ്തുക്കള്‍ എന്നിവയെ കുറിച്ചു വിവരം നല്‍കാന്‍ കഴിവുള്ളവരുമായിരിക്കണം ഡ്രൈവര്‍മാര്‍ എന്നതും നിര്‍ദേശത്തിലുണ്ടായിരുന്നു. ചാല ദുരന്തത്തെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തെളിയിക്കുന്നത്.