കുടിനീരിനായി മലയോരം നെട്ടോട്ടമോടുന്നു

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 1:36 am

മുക്കം:കടുത്ത വേനലില്‍ മലയോരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. മലയോരത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലും താഴ്ന്ന ഭാഗങ്ങളിലും കുടിനീരിനായി ജനം നെട്ടോട്ടമോടുകയാണ്.

മെയ് അവസാനത്തില്‍ മാത്രം വറ്റിയിരുന്ന കിണറുകളും ജലാശയങ്ങളും ഏപ്രില്‍ ആദ്യത്തില്‍ തന്നെ വറ്റിത്തുടങ്ങി. പുഴകള്‍ക്കും വയലുകള്‍ക്കും സമീപത്തുള്ളവരും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന കാഴ്ചയാണ് ഗ്രാമപ്രദേശങ്ങളില്‍. കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതും അവതാളത്തിലായതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഭാഗത്തെ പൊലുകുന്ന്, പരപ്പില്‍, മാട്ടുമുറി, പുതുപ്പറമ്പ് തുടങ്ങി നിരവധി കോളനികളടങ്ങിയ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുകയാണ്. സൗത്ത് കൊടിയത്തൂര്‍, കഴുത്തൂട്ടിപ്പുറായ, തടായി കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല. 1983-ല്‍ കേരള വാട്ടര്‍ അതോറിറ്റി ആരംഭിച്ച കൊടിയത്തൂര്‍ ശുദ്ധജല പദ്ധതിയിലെ വെള്ളമാണ് മിക്ക പ്രദേശങ്ങളിലുള്ളവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കത്താല്‍ പൈപ്പുകള്‍ ദ്രവിച്ച് കാരക്കുറ്റി, മാട്ടുമുറി പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടല്‍ വ്യാപകമാണ്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ദൂരപ്രദേശങ്ങളിലേക്കും വെള്ളം തീരെ എത്താത്ത അവസ്ഥയാണിപ്പോള്‍. പൈപ്പുകള്‍ മുഴുവന്‍ മാറ്റിയാലേ വെള്ളം കൃത്യമായി എത്തിക്കാന്‍ സാധിക്കൂ. അതിന് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല. ചെറുവാടി പഴംപറമ്പില്‍ കഴിഞ്ഞ വര്‍ഷമാരംഭിച്ച ഐലാക്കോട് കുടിവെള്ള പദ്ധതി ആശ്വാസമേകുന്നതാണ്.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ തേക്കുംകുറ്റി, കറുത്തപറമ്പിലെ എള്ളങ്ങല്‍, മലാംകുന്ന്, പട്ടര്‍ചോല, കൂവ്വപ്പാറ, തടപ്പറമ്പ്, പാറത്തോട്, കാരശ്ശേരി പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമമനുഭവപ്പെടുന്നുണ്ട്. ഇതില്‍ തേക്കുംകുറ്റിയിലെ ഊരാളിക്കുന്ന് തൊമ്മന്‍കട, കൊളക്കാടന്‍മല, കുറിഞ്ഞിപ്പാറ, ഇല്ലിത്തോട് പ്രദേശങ്ങളില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. കിലോമീറ്ററുകള്‍ താണ്ടിയാണ് ചിലയിടങ്ങളില്‍ കുടിവെള്ളം ശേഖരിക്കുന്നത്.
ഏഴാം വാര്‍ഡിലെ പുളിയപറ്റ കുളം വൃത്തിയാക്കി മോട്ടോര്‍ സ്ഥാപിച്ചാല്‍ നിരവധി പേര്‍ക്ക് ഉപകാരമാകും. കുഴല്‍കിണര്‍ കുഴിച്ചാലും ഒട്ടേറെ പേര്‍ക്ക് ഗുണകരമാകും. വാക്ക വയലില്‍ നിര്‍മിച്ച കുളം വൃത്തിയാക്കി ടാങ്കും പൈപ്പും സ്ഥാപിച്ചാല്‍ ആദിവാസി കേളനിയിലടക്കം മൂന്ന് പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം ലഭിക്കും. മലാംകുന്ന് പട്ടര്‍ചോല പ്രദേശങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ കാടുപിടിച്ചുനശിക്കുകയാണ്. പത്തും ഇരുപത്തഞ്ചും ലക്ഷങ്ങള്‍ മുടക്കിയ പദ്ധതികള്‍ ഒരുവര്‍ഷം പോലും തികയും മുമ്പാണ് നാശം നേരിട്ടത്.
പദ്ധതിയില്‍ ഒട്ടേറെ അഴിമതിയും നടന്നതായി നാട്ടുകാര്‍ പറയുന്നു. കാരശ്ശേരിയില്‍ പെരിലക്കാട് കുടിവെള്ള പദ്ധതിക്ക് വേണ്ടി കിണര്‍ നിര്‍മിക്കാതെ പുഴയില്‍ നിന്ന് വെള്ളമടിക്കുന്നത് മൂലം ശുദ്ധജലം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം കെട്ടിനിന്നും മുക്കംകടവ് പാലം പ്രവൃത്തി നടക്കുന്നതുമൂലവും മലിനമായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളായ പാറത്തോട്, കൂവ്വപ്പാറ, തടപ്പറമ്പ് പ്രദേശങ്ങളില്‍ ജനങ്ങള്‍ കടുത്ത പ്രയാസത്തിലാണ്. മുക്കം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജലക്ഷാമം നേരിടുന്നുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് അറിയിച്ചു.
നിലവിലുള്ള കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും അടിയന്തര പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുക്കം അങ്ങാടിയില്‍ വെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ട്. മണാശ്ശേരി പെരുന്തോട്ടത്തില്‍ നൂറിലേറെ പേര്‍ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതി അവതാളത്തിലാണ്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറയിലും തുമ്പക്കോട്ടുമലയിലും മറിയപ്പുറത്തും പുന്നക്കല്‍ ഓളിക്കല്‍ മലയിലും ജലക്ഷാമം നേരിടുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ കിണര്‍ വറ്റിയത് മൂലമാണ് അമ്പലപ്പാറ ഭാഗത്ത് കുടിവെള്ളം കിട്ടാക്കനിയായത്.