വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണി ഒരുങ്ങി

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 1:10 am

കോഴിക്കോട്:വിളവെടുപ്പിന്റെ ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണികള്‍ ഒരുങ്ങി. പതിവില്‍ നിന്ന് വ്യത്യസ്തമായി ആകാശത്തും ഭൂമിയിലും വര്‍ണപ്പൊലിമയൊരുക്കുന്ന പടക്കങ്ങളാണ് ഇത്തവണ വിപണി കൈയടക്കിയിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്ന് ഫഌറ്റുകളിലേക്ക് ആഘോഷങ്ങള്‍ മാറിയപ്പോള്‍ പൊട്ടുന്നവയെല്ലാം അപ്രത്യക്ഷമായി. വിവിധ വര്‍ണങ്ങള്‍ ഒരുക്കുന്നതും അപകടങ്ങള്‍ ഇല്ലാത്തതുമായ ചൈനീസ് പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. ചുവപ്പ്, പച്ച, മഞ്ഞ, ഗോള്‍ഡ്, സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ 225 രൂപ വിലയുള്ള 75 സെന്റിമീറ്റര്‍ നീളമുള്ള ഭീമന്‍ കമ്പിത്തിരിയും 250 രൂപയുടെ മൂന്ന് നിറങ്ങളിലുള്ള ജമ്പോ കളര്‍ ഫഌവര്‍പോട്ടും കണ്ടാല്‍ സിഗരറ്റ് ആണോയെന്ന് സംശയം തോന്നിപ്പിക്കുന്ന റെഡ് ഫഌഷും പെന്‍സില്‍ സിഗ്ലേഴ്‌സും കാഴ്ചയുടെ വിസ്മയങ്ങളൊരുക്കും. 375 രൂപയുടെ ആയിരം പടക്കത്തിന്റെ മാലയും വിസിലോടുകൂടിയ ചക്രങ്ങളും ഈ വര്‍ഷത്തെ താരങ്ങളാണ്. കൂടാതെ 56 ജെയന്റ് മാല, മ്യൂസിക്കല്‍ വിപ്പ്, റെയിന്‍ബോ കാന്റില്‍സ് എന്നിവയും വിഷു ദിനങ്ങളില്‍ പ്രകാശം പരത്തും. വക്ക വക്കയും, 450 രൂപയുടെ മിഡ് നൈറ്റ് മാഡ്‌നസും വിഷു രാത്രിയില്‍ ആകാശക്കാഴ്ചകളൊരുക്കും. റോക്കറ്റുകളിലും ഇത്തവണ ഒട്ടനവധി പുതുമുഖങ്ങളുണ്ട്. ശബ്ദ അകമ്പടിയോടെ പായുന്ന വിസിലിംഗ് റോക്കറ്റ്, രണ്ട് ഭാഗത്തേക്ക് തെറിച്ച് പൊട്ടുന്ന ഡബിള്‍ സൈഡ് റോക്കറ്റ്, പാരച്യൂട്ട് റോക്കറ്റ് എന്നിവയും വിപണിയിലുണ്ട്. 190 നും 230നും ഇടക്കാണ് ഇവയുടെ വില. വിപണിയിലിറങ്ങുന്ന ചക്രങ്ങള്‍ക്കും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. കൂക്കിവിളിക്കുന്ന ചക്രങ്ങളും വര്‍ണങ്ങള്‍ വാരിവിതറുന്ന ചക്രങ്ങളുമുണ്ട്. വന്‍ ശബ്ദമുയര്‍ത്തുന്ന പടക്കങ്ങളുടെ കാലം കഴിഞ്ഞെന്നു തന്നെയാണ് വിപണി സൂചിപ്പിക്കുന്നത്. പൊട്ടലും ചീറ്റലും മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് പുറകെ പോകാന്‍ തങ്ങള്‍ക്ക് തത്കാലം സമയമില്ലെന്നും പണം കുറച്ചധികമായാലും വിസ്മയങ്ങളൊരുക്കുന്ന കാഴ്ചകളാണ് മനസ്സിന് കുളിരേകുന്നതെന്നും ആളുകള്‍ മാറച്ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. മലയാളിയുടെ മാറിയ പടക്ക ചിന്തക്ക് തീ കൊളുത്താന്‍ ഒരുങ്ങി വിപണിയിലെത്തിയിരിക്കുന്ന പടക്കങ്ങളെ പൊതുവായി ചൈനീസ് പടക്കങ്ങളെന്നാണ് വിളിക്കുന്നത്. പേരില്‍ മാത്രമുള്ള ചൈനാ പടക്കങ്ങളുടെ നിര്‍മാണവും ശിവകാശിയില്‍ നിന്ന് തന്നെയാണ്. ടെമ്പോ ഡാന്‍സറിന് 200 രൂപയും വെടിയുതിര്‍ക്കുന്ന വിവോള്‍ഡറിന് 250 രൂപയും ബുള്‍ബുള്‍ കയറിന് 100 രൂപയും പൂക്കുറ്റിക്ക് 40 രൂപ മുതലുമാണ് വില. വിലക്കുറവും അപകടസാധ്യതയില്ലെന്നതുമാണ് ചൈനീസ് പടക്കങ്ങള്‍ക്ക് ഇത്ര സ്വീകര്യത ലഭിക്കാന്‍ കാരണമായത്. സാധാരണ പടക്കങ്ങളുടെ വര്‍ണ പരിമിതികളും ചൈനീസ് പടക്കങ്ങള്‍ക്കില്ല.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പടക്കങ്ങള്‍ക്ക് ഇത്തവണ വില വര്‍ധിച്ചിട്ടുണ്ട്. നികുതി നിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായി ഉയര്‍ന്നതും യാത്രക്കൂലി വര്‍ധിച്ചതുമാണ് ഇതിന് പ്രധാന കാരണം. വിവിധ വര്‍ണപ്പൊലിമകള്‍ ഇത്തവണ ഓരോ വീട്ടുമുറ്റത്തും അത്ഭുതങ്ങളുടെ കാഴ്ചയൊരുക്കും.