സി ഐ ടി യു സമ്മേളനം സമാപിച്ചു

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:52 am

കണ്ണൂര്‍: സി ഐ ടി യു പതിനാലാം ദേശീയ സമ്മേളനത്തിന് ഉജ്ജ്വല റാലിയോടെ സമാപനം. കണ്ണൂരില്‍ ആദ്യമായി നടന്ന സി ഐ ടി യു സമ്മേളനത്തിന്റെ സമാപനം കുറച്ച് നടന്ന റാലി സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചറിയിച്ചു. ചെങ്കൊടിയേന്തി ജനാവലി നഗരത്തിലേക്ക് പ്രവഹിച്ചതോടെ കണ്ണൂര്‍ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി.

സമാപന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ അയല്‍ ജില്ലകളായ കാസര്‍കോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും മംഗലാപുരം, കുടക്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് മാഡ്‌റിക്കോസ്, സി ഐ ടി യു ദേശീയ സെക്രട്ടറി തപന്‍ സെന്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കെ ഹേമലത, എളമരം കരീം, ആനത്തലവട്ടം ആനന്ദന്‍, കെ പി സഹദേവന്‍, എം പ്രകാശന്‍ പ്രസംഗിച്ചു. സി പി എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, എന്‍ ചന്ദ്രന്‍, ടി വി രാജേഷ് എം എല്‍ എ, സി കൃഷ്ണന്‍ എം എല്‍ എ സംബന്ധിച്ചു.